X

പരസ്ത്രീ ഗമനം, സ്ത്രീകളെ തുറിച്ചു നോക്കല്‍, യാചന; യുഎഇയിലെ ഇന്ത്യക്കാര്‍ ചെയ്യരുതാത്ത 11 കാര്യങ്ങള്‍

സ്ത്രീകളെ ഒളിഞ്ഞ് നോക്കുകയോ തുറിച്ച് നോക്കുകയോ അവരോട് അട്ടഹസിക്കുകയോ തൊടുകയോ ചെയ്യരുത്.

യുഎഇയില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികളും സന്ദര്‍ശകരും പാലിക്കേണ്ട 11 നിയമങ്ങളെ കുറിച്ച് അവിടുത്തെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇസ്ലാമിനെ അപമാനിക്കല്‍, ഭിക്ഷാടനം, പരലിംഗ വസ്ത്രധാരണം, പരസ്ത്രീഗമനം, സ്ത്രീകളുടെ ഫോട്ടോയെടുക്കല്‍, കൊടുങ്കാറ്റ് പോലെയുള്ള പ്രാദേശിക സംഭവങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെ തടഞ്ഞിട്ടുണ്ട്.

‘പ്രാദേശിക രീതികളെയും നിയമങ്ങളെയും കുറിച്ച് ധാരണയില്ലാത്തതിനാല്‍’ നിരവധി ഇന്ത്യക്കാര്‍ ഇത്തരം കുഴപ്പങ്ങളില്‍ ചെന്ന് പെടാറുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് കഴിഞ്ഞ ദിവസം പാലിക്കപ്പെടേണ്ടതോ അല്ലെങ്കില്‍ ചെയ്യരുതാത്തതോ ആയ പതിനൊന്ന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇപ്പോള്‍ 2.6 ദശലക്ഷം ഇന്ത്യക്കാരാണ് യുഎഇയില്‍ ജീവിക്കുന്നത്.

ചെയ്യാന്‍ പാടില്ലാത്ത 11 നിര്‍ദ്ദേശങ്ങള്‍ താഴെ:

1. സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയോ അവരെ സംഭാഷണങ്ങളിലേക്ക് നിര്‍ബന്ധപൂര്‍വം വലിച്ചിഴയ്ക്കുകയോ ചെയ്യരുത്. അവരെ ഒളിഞ്ഞ് നോക്കുകയോ തുറിച്ച് നോക്കുകയോ അവരോട് അട്ടഹസിക്കുകയോ അവരെ തൊടുകയോ ചെയ്യരുത്.
2. ബാങ്കില്‍ കാശില്ലെങ്കില്‍ ആര്‍ക്കും ചെക്ക് നല്‍കരുത്.
3. സ്ത്രീകള്‍, കുടുംബങ്ങള്‍, സര്‍ക്കാര്‍ മന്ദിരങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ആരുടെയും ചിത്രങ്ങള്‍ എടുക്കരുത്.
4. യുഎഇ ആരോഗ്യ മന്ത്രാലയം അംഗീകരിക്കാത്ത ഒരു മരുന്നുകളും കൊണ്ട് നടക്കരുത്.
5. നിയമപരമായ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിക്കരുത്.
6. ഭിക്ഷാടനം നടത്തരുത്.
7. ഇസ്ലാമിനെ രാജകുടുംബത്തെയോ അവഹേളിക്കരുത്.
8. കെട്ടിടങ്ങള്‍ക്ക് തീപിടിക്കുന്നതോ കൊടുങ്കാറ്റ് പോലുള്ളയുള്ള പ്രകൃതി ദുരന്തങ്ങളുടെയോ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുത്.
9. പൊതുസ്ഥാപനങ്ങളില്‍ വച്ച് പുകവലിക്കരുത്.
10. വായ്പകള്‍ തിരിച്ചടയ്ക്കാതിരിക്കുക തുടങ്ങിയ തട്ടിപ്പ് പ്രവര്‍ത്തികളില്‍ ഏര്‍പ്പെടരുത്.
11. വിവാഹേതര ലൈംഗീക ബന്ധങ്ങളില്‍ ഏര്‍പ്പെടരുത്. പരസ്ത്രീ ഗമനം, സഹവാസം, സ്വവര്‍ഗ്ഗഭോഗം, പരലിംഗ വസ്ത്രധാരണം എല്ലാം ഇതിന്റെ പരിധിയില്‍ വരും.

This post was last modified on April 7, 2017 12:59 pm