X

ഇന്ത്യന്‍ സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകളിലെ ആശയകുഴപ്പം; തുല്യതാ സര്‍ട്ടിഫിക്കറ്റിന് പരിഹാരമായി

യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മിഷന്റെ (യുജിസി) അക്കാദമിക ഭരണ പരിഷ്‌കാര നടപടികള്‍ അവലോകനം ചെയ്താണ് മന്ത്രാലയം ആശയക്കുഴപ്പം ഒഴിവാക്കിയത്.

ഇന്ത്യയിലെ സര്‍വകലാശാലകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളിലെ ആശയക്കുഴപ്പം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതായി യുഎഇ ഇന്ത്യന്‍ എംബസി അറിയിച്ചു.സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകളിലെ ഇന്റേണല്‍, എക്സ്റ്റേണല്‍ മാര്‍ക്കുകള്‍ സംബന്ധിച്ച ആശയക്കുഴപ്പത്തിനാണ് പരിഹാരമായത്.

ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സൂരിയും യുഎഇ  വിദ്യാഭ്യാസവകുപ്പ് മന്ത്രി ഹുസൈന്‍ ബിന്‍ ഇബ്രാഹിം അല്‍ ഹമാദിയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് വിഷയം അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യക്കാരുടെ ബിരുദ, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ ഇന്റേണല്‍, എക്സ്റ്റേണല്‍ മാര്‍ക്ക് അടയാളപ്പെടുത്തിയതുമായി ബന്ധപ്പെട്ട് യുഎഇ. വിദ്യാഭ്യാസ മന്ത്രാലയത്തിനുണ്ടായിരുന്ന ആശയക്കുഴപ്പത്തിനാണ് എംബസിയുടെ ഇടപെടല്‍മൂലം പരിഹാരമായത്. സര്‍ട്ടിഫിക്കറ്റുകളില്‍ ‘എക്സ്റ്റേണല്‍’ എന്ന് അടയാളപ്പെടുത്തിയത് പരീക്ഷാ മൂല്യനിര്‍ണയരീതി മാത്രമാണെന്നും പഠിച്ച സ്ഥലത്തിന്റെ അടയാളപ്പടുത്തലല്ലെന്നും വ്യക്തമായതായി മന്ത്രാലയം എംബസിയെ അറിയിച്ചു. യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മിഷന്റെ (യുജിസി) അക്കാദമിക ഭരണ പരിഷ്‌കാര നടപടികള്‍ അവലോകനം ചെയ്താണ് മന്ത്രാലയം ആശയക്കുഴപ്പം ഒഴിവാക്കിയത്.

പ്രശ്‌ന പരിഹാരമായതോടെ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവര്‍ക്ക് യുഎഇയില്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. ഇതിന് മുന്‍പ് നിരസിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പുനഃപരിശോധിക്കുകയും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ യു.എ.ഇ. തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു.