X

മൃതദേഹം മാറ്റി അയച്ചു; വയനാട് സ്വദേശിയുടെ ബന്ധുക്കള്‍ക്ക് ലഭിച്ചത് തമിഴ്‌നാട്ടുകാരന്റെ മൃതദേഹം

തമിഴ്നാട് രാമേശ്വരം സ്വദേശി കാമാക്ഷി കൃഷ്ണന്‍ എന്നയാളുടെ മൃതദേഹമാണ് വയനാട്ടിലെത്തിയിരിക്കുന്നത്.

അബൂദബിയില്‍ മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹത്തിന് പകരം നാട്ടിലേക്കയച്ചത് തമിഴ്നാട് സ്വദേശിയുടെ മൃതദേഹം. കഴിഞ്ഞ ദിവസം അബൂദബി റുവൈസില്‍ മരണപെട്ട വയനാട് അമ്പലവയല്‍ തായ്‌കൊല്ലി ഒതയോത്ത് നരിക്കുണ്ട് അഴീക്കോടന്‍ ഹരിദാസെന്റെ മകന്‍ നിധിന്റെ (30) മൃതദേഹത്തിന് പകരമാണ് അബൂദബിയില്‍ തന്നെ മരണപ്പെട്ട തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കയറ്റി വിട്ടത്.

എംബാം ചെയ്ത മൃതദേഹം നാട്ടിലേക്കയച്ചപ്പോള്‍ മാറിയതാണെന്നാണ് സൂചന. വെള്ളിയാഴ്ച്ച പുലര്‍ച്ചെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടിലേക്ക് കൊണ്ട് പോകും വഴിയാണ് മൃതദേഹം മാറിയ വിവരം ലഭിക്കുന്നത്. തമിഴ്നാട് രാമേശ്വരം സ്വദേശി കാമാക്ഷി കൃഷ്ണന്‍ എന്നയാളുടെ മൃതദേഹമാണ് വയനാട്ടിലെത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച്ച കാലത്ത് വിമാനത്തില്‍ ചെന്നൈയിലേക്ക് അയക്കേണ്ടിരുന്ന കൃഷ്ണന്റെ മൃതദേഹം എംബാംമിങ്ങിനു ശേഷം ബന്ധുക്കള്‍ തിരിച്ചറിയാന്‍ ചെന്നപ്പോഴാണ് മറ്റൊരാളുടെതാണെന്ന് അറിയുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൃഷ്ണന്റെ മൃതദേഹമാണ് കേരളത്തിലേക്ക് അയച്ചതെന്ന് വ്യക്തമാവുകയായിരുന്നു.