X

ഓറഞ്ച് പാസ്‌പോര്‍ട്ട്: ഹിറ്റ്‌ലറും മോദിയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നതിന് തെളിവെന്ന് ബെന്യാമിന്‍

ഭാവിയില്‍ സര്‍ക്കാരിന് അനഭിമതരായ എല്ലാ പൗരന്മാരെയും ഇസിആറിന് കീഴില്‍ കൊണ്ടുവന്ന് സംശയത്തിന്റെയും ചോദ്യം ചെയ്യലിന്റെയും പരിധിയില്‍ മുനമ്പില്‍ നിര്‍ത്തുക എന്നൊരു ഗൂഢോദ്ദേശം ഈ തീരുമാനത്തിന് പിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു

സാധാരണക്കാരും വിദ്യാഭ്യാസമില്ലാത്തവരും രാജ്യത്തെ രണ്ടാം കിട പൗരന്മാരാണെന്ന് പറാതെ പറയുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഓറഞ്ച് പാസ്‌പോര്‍ട്ട് നടപടിയെന്ന് പ്രശസ്ത എഴുത്തുകാരനും ദീര്‍ഘകാലം പ്രവാസിയുമായിരുന്ന ബെന്യാമിന്‍. ഹിറ്റ്‌ലറിന്റെ നാസി ജര്‍മ്മനിയില്‍ ജൂതന്മാര്‍ മുഴുവന്‍ ‘ദാവീദിന്റെ മഞ്ഞനക്ഷത്രം’ കൊത്തിയ വസ്ത്രം ധരിക്കണമെന്ന് ഉത്തരവുണ്ടായിരുന്നു. ജര്‍മ്മനിയില്‍ അവര്‍ നേരിട്ട വിവേചനത്തിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു അത്. സമാനമായ ഉത്തരവാണ് ഓറഞ്ച് പാസ്‌പോര്‍ട്ടിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് ബെന്യാമിന്‍ മനോരമ ദിനപ്പത്രത്തിലെ നോട്ടം പംക്തിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ എളുപ്പത്തിന് വേണ്ടിയെന്ന വിചിത്രമായ ന്യായമാണ് സര്‍ക്കാര്‍ അതിന് വേണ്ടി ഉയര്‍ത്തുന്നത്. എന്നാല്‍ ഭാവിയില്‍ അതുണ്ടാക്കാന്‍ പോകുന്ന ഭവിഷ്യത്തുകള്‍ സര്‍ക്കാര്‍ മനപൂര്‍വം മറന്നുകളയുകയാണ്. രാജ്യത്തു നിന്നും പുറത്തേക്ക് സഞ്ചരിക്കുന്ന എമിഗ്രേഷന്‍ ക്ലിയറന്‍സ്(ഇസിആര്‍) ആവശ്യമായവരുടെ പാസ്‌പോര്‍ട്ടുകളുടെ നിറം ഇപ്പോഴുള്ള നേവി ബ്ലൂവില്‍ നിന്നും ഓറഞ്ചിലേക്ക് മാറ്റാനുള്ള തീരുമാനം ആണ് കേന്ദ്രസര്‍ക്കാര്‍ എടുത്തത്. ഇപ്പോള്‍ മെട്രിക്കുലേഷന്‍ കഴിയാത്തവര്‍ക്കാണ് എമിഗ്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ ഭാവിയില്‍ സര്‍ക്കാരിന് അനഭിമതരായ എല്ലാ പൗരന്മാരെയും ഇസിആറിന് കീഴില്‍ കൊണ്ടുവന്ന് സംശയത്തിന്റെയും ചോദ്യം ചെയ്യലിന്റെയും പരിധിയില്‍ മുനമ്പില്‍ നിര്‍ത്തുക എന്നൊരു ഗൂഢോദ്ദേശം ഉണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അതില്‍ തെറ്റില്ലെന്നും അദ്ദേഹം പറയുന്നു.

പാസ്പോര്‍ട്ടില്‍ ഓറഞ്ച് നിറമുള്ള ‘നീച’ വിഭാഗവും യോഗിയുടെ കാവി കക്കൂസും

അല്ലെങ്കില്‍ തന്നെ രാജ്യം എങ്ങനെയാണ് ഒരു പൗരന്റെ മികവ് അളക്കുന്നത്? അവന്‍ നേടുന്ന ഔദ്യോഗിക വിദ്യാഭ്യാസം മാത്രമാണോ അതിന്റെ മാനദണ്ഡം? അവന്‍ ജീവിതത്തിലൂടെ നേടിയെടുത്ത പ്രായോഗിക പരിജ്ഞാനത്തെ അടയാളപ്പെടുത്തുന്ന അളക്കുന്ന ഏകകം എന്ത്? അതിന് ദേശം ഒരു വിലയും കല്‍പ്പിക്കുന്നില്ലേ? എന്നിങ്ങനെയുള്ള ഒട്ടേറെ ചോദ്യങ്ങള്‍ ഇവിടെ ഉയരുന്നു.

പ്രവാസികളായ അറുപത് ലക്ഷത്തില്‍ പരം തൊഴിലാളികളെയാണ് ഇത് ബാധിക്കാന്‍ പോകുന്നത്. ഇപ്പോള്‍ തന്നെ ഏജന്റുമാര്‍, എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നും വിവേചനം അനുഭവിക്കുന്ന ഈ വിഭാഗം കൂടുതല്‍ വിവേചനത്തിലേക്ക് തള്ളിവിടാന്‍ ഈ നടപടി കാരണമാകും. അതിലൂടെ അവര്‍ അനുഭവിക്കുന്ന അപകര്‍ഷതാ ബോധവും നിരാശയും എത്രയാണെന്ന് ഒരു ഭരണകൂടം നിശ്ചയമായും മനസിലാക്കേണ്ടതുണ്ട്. എന്നുമാത്രമല്ല, ഇന്ത്യയില്‍ തന്നെ തരംതാഴ്ത്തപ്പെട്ട് ഓറഞ്ച് പാസ്‌പോര്‍ട്ടുമായി ചെന്നിറങ്ങുന്ന ഒരു ഇന്ത്യന്‍ പൗരനെ എങ്ങനെയാവും മറ്റൊരു ദേശം സ്വീകരിക്കുന്നത് എന്നൊരു ചോദ്യം കൂടി ഇവിടെ ഉയര്‍ന്നു വരുന്നുണ്ട്.

This post was last modified on January 17, 2018 12:00 pm