X

റംസാനോടനുബന്ധിച്ച് സൗദിയില്‍ പൊതുമാപ്പ്; ആയിരത്തോളം പേര്‍ ജയില്‍ മോചിതരാകും

കഴിഞ്ഞ വര്‍ഷം ഇതേ രീതിയില്‍ 1148 തടവുകാരെ മോചിപ്പിച്ചിരുന്നു.

റംസാനോടനുബന്ധിച്ച് സൗദിയില്‍ പൊതുമാപ്പിന്റെ ഭാഗമായി തടവുകാരെ മോചിപ്പിക്കും.സ്വദേശികളും വിദേശികളും അടക്കമുള്ള തടവുകാരെയാണ്‌ പൊതുമാപ്പു നല്‍കി വിട്ടയക്കുന്നത്. നിശ്ചിത വ്യവസ്ഥകള്‍ പൂര്‍ണമായവരെയാകും പൊതുമാപ്പില്‍ വിട്ടയക്കുക. ഇതിനായി വരും ദിവസങ്ങളില്‍ മോചിപ്പിക്കുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ളവരുടെ പട്ടികക്ക് സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കും. ആയിരത്തിലേറെ പേരാണ് ജയില്‍ മോചിതരാകുന്നത്.

രാജ്യ സുരക്ഷക്ക് ഭീഷണിയായ കുറ്റകൃത്യങ്ങളിലും കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ബാലപീഡനം തുടങ്ങിയ വലിയ കുറ്റകൃത്യങ്ങളിലും ശിക്ഷിക്കപ്പെട്ടവര്‍ക്കു പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല. ജയില്‍ വകുപ്പ്, പൊലീസ്, ഗവര്‍ണററേറ്റ്, പാസ്‌പോര്‍ട്ട് വിഭാഗം എന്നിവയുടെ പ്രതിനിധികള്‍ അടങ്ങിയ പ്രത്യേക കമ്മിറ്റികളാണ് പൊതുമാപ്പിന് അര്‍ഹരായവരെ കണ്ടെത്തുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ രീതിയില്‍ 1148 തടവുകാരെ മോചിപ്പിച്ചിരുന്നു. രാജാവിന്റെ നിര്‍ദേശപ്രകാരം ജയില്‍മോചനത്തിനു അര്‍ഹാരായവരുടെ പട്ടിക ഓരോ ദിനവും തയ്യാറാക്കും. വിട്ടയക്കുന്ന വിദേശികളെ നാട്ടിലേക്ക് തിരിച്ചയക്കും. തടവ് കാലയളവിന്റെ പകുതി പിന്നിട്ടവരും പൊതുമാപ്പിനു അര്‍ഹരാണ്. അഞ്ച് ലക്ഷം റിയാലില്‍ കൂടുതല്‍ സാമ്പത്തിക ബാധ്യതയുള്ളവരുടെ കേസുകള്‍ കോടതിയും ധനകാര്യ വകുപ്പും പരിശോധിക്കും. ഇതിന് ശേഷമാകും അന്തിമ തീരുമാനം.

This post was last modified on May 6, 2019 7:58 am