X

‘ബ്ലാക്ക് പാന്തര്‍’ സൗദി കീഴടക്കുമോ?

35 വര്‍ഷത്തിന് ശേഷം സൗദിയില്‍ സിനിമാ തിയറ്റര്‍ തുറക്കുന്നു

35 വര്‍ഷത്തെ വിലക്കിന് ശേഷം സൗദി അറേബ്യയില്‍ സിനിമ തിയറ്റര്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്നു. തലസ്ഥാനമായ റിയാദില്‍ ഹോളിവുഡ് ചിത്രമായ ബ്ലാക്ക് പാന്തര്‍ ആണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രശസ്തരും അതിഥികളായ സിനിമ പ്രവര്‍ത്തകര്‍ക്കുമൊപ്പം സൗദി സാംസ്‌കാരിക വകുപ്പ് മന്ത്രി അവ്വാദ് അലവാദ് ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഡിസംബറിലാണ് സൗദി സാംസ്‌കാരിക വകുപ്പ് സിനിമാ ശാലകള്‍ തുറക്കുന്നതായി പ്രഖ്യാപിച്ചത്. സിനിമ പ്രദര്‍ശനത്തിന് വിലക്കുണ്ടെങ്കിലും സ്വകാര്യ സിനിമ പ്രദര്‍ശനവും വീടുകളില്‍ ടെലിവിഷനിലൂടെയുള്ള സിനിമ, സീരിയല്‍ പ്രദര്‍ശനവും നടക്കുന്നുണ്ട്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പാക്കുന്ന സാമൂഹിക, സാംസ്‌കാരിക പരിഷ്‌കാരങ്ങളുടെ ഭാഗമാണ് പുതിയ നീക്കം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സല്‍മാന്‍ രാജകുമാരന്‍ നിരവധി വിലക്കുകളാണ് നീക്കം ചെയ്തിരിക്കുന്നത്.

സ്ത്രീകള്‍ വാഹനമോടിക്കുന്നതിനുള്ള വിലക്ക്, പൊതുവായ സംഗീത മേള സംഘടിപ്പിക്കുന്നതിനുമുള്ള വിലക്കുകളെല്ലാം ഈ വിധത്തില്‍ റദ്ദാക്കിയിരുന്നു. ഇസ്ലാമിസ്റ്റുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 1980കളുടെ തുടക്കത്തിലാണ് സൗദിയില്‍ സിനിമ പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയത്. 2030 ആകുമ്പോഴേക്കും 350 തിയറ്ററുകളിലായി 2500 പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനാണ് സൗദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

അതേസമയം നിലവില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് തിയറ്ററുകളില്‍ പ്രവേശനമുള്ളൂ. മെയ് മാസത്തോടെ പൊതുജനങ്ങള്‍ക്കായി തിയറ്റര്‍ തുറന്നുകൊടുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

This post was last modified on April 19, 2018 11:28 am