X

സൗദിയില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് സിനിമ തിയേറ്ററുകള്‍ വ്യാപിപ്പിക്കും

രാജ്യത്തെ പ്രധാന മൂന്ന് നഗരങ്ങളിലാണ് ഇതിനകം സിനിമാശാലകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.

സൗദിയില്‍ ഗ്രാമ പ്രദേശങ്ങളിലേക്കും സിനിമാ തിയേറ്ററുകള്‍ വ്യാപിപ്പിക്കും. ഈ രംഗത്ത് നിക്ഷേപം നടത്തുന്നതിനും ലൈസന്‍സ് നേടുന്നതിനും അപേക്ഷകള്‍ ക്ഷണിച്ചു. സൗദി ഓഡിയോ, വിഷ്വല്‍ മീഡിയ ജനറല്‍ കമ്മീഷന്‍ ആണ് അപേക്ഷ ക്ഷണിച്ചത്. സിനിമാ വ്യവസായ രംഗത്ത് നിക്ഷേപം വര്‍ധിപ്പിക്കുക, സിനിമാ മേഖലയെ ജനപ്രിയ മേഖലയാക്കി വളര്‍ത്തുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. ചെറുകിട ഇടത്തരം നഗരങ്ങളിലും സിനിമാ ശാലകള്‍ സ്ഥാപിക്കാനാണ് ഇത് വഴി ലക്ഷ്യമിടുന്നത്.

രാജ്യത്തെ പ്രധാന മൂന്ന് നഗരങ്ങളിലാണ് ഇതിനകം സിനിമാശാലകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. മൂന്നിടങ്ങളിലായി ഏഴ് തിയേറ്ററുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് വഴി സിനിമാ ടിക്കറ്റ് വില്‍പ്പനയില്‍ നടപ്പുവര്‍ഷം രണ്ടാം പാദത്തില്‍ മീഡില്‍ ഈസ്റ്റില്‍ മൂന്നാം സ്ഥാനത്ത് എത്താന്‍ സൗദിക്ക് കഴിഞ്ഞു. ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ ഏഴ് നഗരങ്ങളിലായി ഇരുപത്തിയേഴ് സിനിമാ തിയേറ്ററുകള്‍ തുറക്കാനുള്ള പദ്ധതി നടപ്പാക്കി വരികയാണ്. രാജ്യത്തെ ലുലു ഉള്‍പ്പെടയുള്ള ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ തിയേറ്ററുകള്‍ സജ്ജമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

This post was last modified on July 29, 2019 10:59 am