X

36 വര്‍ഷം പഴക്കമുള്ള യാത്ര വിലക്ക് അവസാനിച്ചു; ഉംറ വിസയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ആശ്വാസം

ഈ വര്‍ഷത്തെ ഹജ് തീര്‍ഥാടനം പൂര്‍ത്തിയായ ശേഷമായിരിക്കും ഉംറ വിസ അനുവദിക്കുന്നത്.

സൗദിയില്‍ ഉംറ വിസയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് സൗദി മുഴുവന്‍ സഞ്ചരിക്കാന്‍ അനുമതി. മക്ക, മദീന, ജിദ്ദ നഗരങ്ങള്‍ക്ക് വിട്ട് സന്ദര്‍ശനത്തിന് തീര്‍ഥാടകര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ ഉത്തരവിറക്കിയത്. ഉംറ വീസയില്‍ എത്തുന്നവര്‍ക്കു സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ സാധിക്കും എന്നതാണ് പ്രധാന നേട്ടം. 36 വര്‍ഷം മുന്‍പാണ് തീര്‍ഥാടകരുടെ യാത്രയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഇതോടെ സൗദിയിലെ മറ്റ് ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും തീര്‍ഥാടകര്‍ക്ക് അവസരമുണ്ടാകും. ഈ വര്‍ഷത്തെ ഹജ് തീര്‍ഥാടനം പൂര്‍ത്തിയായ ശേഷമായിരിക്കും ഉംറ വിസ അനുവദിക്കുന്നത്. ഉംറ വിസയിലെത്തിയ ശേഷം തിരിച്ചുപോകാതെ പലതരം ജോലികളിലേര്‍പ്പെടന്നവരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ 1983ലായിരുന്നു അധികൃതര്‍ സഞ്ചാര സ്വാതന്ത്ര്യം വെട്ടിക്കുറച്ചത്. എല്ലായിടത്തും യാത്ര ചെയ്യാമെങ്കിലും ഉംറ വീസക്കാരുടെ മറ്റു നിബന്ധനകള്‍ തുടരും.

This post was last modified on July 17, 2019 5:47 pm