X

ഒടുവില്‍ ഭാഗ്യവാനായ ഇന്ത്യന്‍ വംശജനെ കണ്ടെത്തിയെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍

വിജയിയെ കണ്ടെത്തിയെന്നും അതിന് സഹായിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും പറഞ്ഞ് ബിഗ് ടിക്കറ്റ് അധികൃതര്‍ പുതിയ വീഡിയോ പോസ്റ്റ് ചെയ്തു.

അബുദാബിയില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 18 കോടിയുടെ ഒന്നാം സമ്മാനം നേടിയ ഇന്ത്യക്കാരനെ കണ്ടെത്തിയാതായി അധികൃതര്‍. കഴിഞ്ഞ ബുധനാഴ്ച നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ഇന്ത്യന്‍ വംശജനെ തേടി ഭാഗ്യം എത്തിയത്. അബുദാബി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ടുവില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് മംഗളുരു സ്വദേശി രവീന്ദ്ര ബോലൂറിന് ഒന്നാം സമ്മാനം അടിച്ചത്.

സമ്മാനവിവരം അറിയിക്കാന്‍ അബുദാബിയിലെയും ഇന്ത്യയിലെയും ഇയാളുടെ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ടെങ്കിലും സാധിക്കാതെ വന്നതോടെ സഹായം തേടി ബിഗ് ടിക്കറ്റ് അധികൃതര്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. നറുക്കെടുപ്പ് കഴിഞ്ഞ ഉടന്‍ വേദിയില്‍ വെച്ചുതന്നെ അദ്ദേഹത്തെ വിവരമറിയിക്കാനായി ഫോണ്‍ ചെയ്‌തെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. ഇന്ത്യയിലെയും യുഎഇയിലെയും ഫോണ്‍ നമ്പറുകളില്‍ ഫലമുണ്ടായില്ല. വീണ്ടും ശ്രമിച്ചപ്പോള്‍ മകള്‍ ഫോണെടുക്കുകയും അച്ഛന്‍ മുംബൈയിലേക്ക് പോയിരിക്കുകയാണെന്നും ഒരാഴ്ച കഴിഞ്ഞ് വിളിക്കാനുമായിരുന്നു മകളുടെ മറുപടി.  ഇതിന് പിന്നാലെയാണ് ഭാഗ്യശാലിയെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

പിന്നീട് യുഎഇയിലെ ചില മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ കണ്ടെത്തി. മംഗളുരു സ്വദേശിയായ അദ്ദേഹം തീര്‍ത്ഥാടനത്തിനായി മഹാരാഷ്ട്രയിലേക്ക് പോയിരിക്കുകയാണെന്നും അതികൊണ്ടാണ് ഫോണില്‍ കിട്ടാത്തതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.വിജയിയെ കണ്ടെത്തിയെന്നും അതിന് സഹായിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും പറഞ്ഞ് കഴിഞ്ഞ ദിവസം ബിഗ് ടിക്കറ്റ് അധികൃതര്‍ പുതിയ വീഡിയോ പോസ്റ്റ് ചെയ്തു.