X

സാമൂഹിക മാധ്യമങ്ങള്‍ വഴി യാചന, 17 ദിവസം കൊണ്ട് 35 ലക്ഷം രൂപ സമ്പാദിച്ചു; യുവതിയെ ദുബായ് പൊലീസ് പിടികൂടി

സംഭവം ശ്രദ്ധയില്‍ പെട്ട ഇവരുടെ മുന്‍ ഭര്‍ത്താവ് ദുബായ് പൊലീസിന്റെ ഇലക്ട്രോണിക് ക്രൈം പ്ലാറ്റ്‌ഫോം വഴി പരാതി നല്‍കുകയായിരുന്നു.

സാമൂഹിക മാധ്യമങ്ങള്‍ വഴി യാചന നടത്തി 17 ദിവസം കൊണ്ട് 1.84 ലക്ഷം ദിര്‍ഹം (35 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) സമ്പാദിച്ച യുവതി പിടിയില്‍. വിവാഹ മോചിതയായ വിദേശി യുവതി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ വെബ്‌സൈറ്റുകളിലെ അക്കൗണ്ട് വഴി പലരില്‍ നിന്നും പണം ശേഖരിക്കുകയുമായിരുന്നുവെന്ന് ദുബായ് പോലീസ് പറഞ്ഞു. വിധവയാെണന്നും നിത്യവൃത്തിക്ക് വേണ്ടിയും കുട്ടികളെ വളര്‍ത്തുന്നതിനും പണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് യുവതി പലരില്‍ നിന്നും പണം വാങ്ങിയത്. എന്നാല്‍ സംഭവം ശ്രദ്ധയില്‍ പെട്ട ഇവരുടെ മുന്‍ ഭര്‍ത്താവ് ദുബായ് പൊലീസിന്റെ ഇലക്ട്രോണിക് ക്രൈം പ്ലാറ്റ്‌ഫോം വഴി പരാതി നല്‍കുകയായിരുന്നു.

കുട്ടികള്‍ വര്‍ഷങ്ങളായി തനിക്കൊപ്പമാണ് കഴിയുന്നതെന്നും അവരുടെ പേരും ചിത്രങ്ങളും ഉപയോഗിച്ച് ആളുകളെ കബളിപ്പിച്ചാണ് യുവതി പണം ശേഖരിക്കുന്നതെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു. കുട്ടികള്‍ക്ക് അസുഖമൊന്നുമില്ല. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ചിത്രങ്ങള്‍ കണ്ട് തന്റെ സുഹൃത്തുക്കളും ബന്ധുക്കളും വിളിച്ച് അന്വേഷിച്ചു. കുട്ടികളുടെ അന്തസും അഭിമാനവും കളങ്കപ്പെടുത്തിയതിന് സ്ത്രീക്കെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടു. ഇതോടെയാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.

This post was last modified on June 12, 2019 11:39 am