X

ഞാന്‍ ക്യൂബയിലേയ്ക്ക് പോകുമെന്ന് ആരും വിചാരിക്കണ്ട, പ്രതിപക്ഷ അട്ടിമറി ശ്രമം പരാജയപ്പെടുത്തിയെന്ന് വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോ

അമേരിക്കന്‍ പിന്തുണയുള്ള ചില സൈനിക ഉദ്യോഗസ്ഥര്‍ അടക്കമുള്ള പല അട്ടിമറിക്കാരും ഇപ്പോള്‍ കാരക്കാസിലെ ബ്രസീല്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയാണ് - മഡൂറോ പറഞ്ഞു.

പ്രതിപക്ഷ അട്ടിമറി ശ്രമം പരാജയപ്പെടുത്തിയെന്ന് പ്രസിഡന്റ് നിക്കോളാസ് മഡൂറോ. സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് ഹുവാന്‍ ഗയ്‌ഡോ നേതൃത്വത്തിലള്ള അട്ടിമറി ശ്രമം പരാജയപ്പെടുത്തയതാണ് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മഡൂറോ പ്രഖ്യാപിച്ചത്. അട്ടിമറി നടത്താന്‍ ശ്രമിച്ചവരെ ചോദ്യം ചെയ്ത് വരുകയാണ് എന്നും മഡൂറോ അറിയിച്ചു. ജനങ്ങളോട് തെരുവിലിറങ്ങി ആക്രമിക്കാന്‍ അമേരിക്കന്‍ പിന്തുണയുള്ള ഗയ്‌ഡോ ആഹ്വാനം ചെയ്തിരുന്നു.

താനും മന്ത്രിമാരും ക്യൂബയിലേയ്ക്ക് പലായനം ചെയ്യാന്‍ ഒരുങ്ങുന്നതായുള്ള യുഎസ് പ്രചാരണം മഡൂറോ തള്ളിക്കളഞ്ഞു. യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനും വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും അടക്കമുള്ളവര്‍ ഇക്കാര്യം പറഞ്ഞിരുന്നു.
ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ താന്‍ പലായനം ചെയ്യുമെന്നതടക്കമുള്ള യുഎസ് പ്രചാരണങ്ങളെ മഡൂറോ തള്ളിക്കളഞ്ഞു. അമേരിക്കന്‍ പിന്തുണയുള്ള ചില സൈനിക ഉദ്യോഗസ്ഥര്‍ അടക്കമുള്ള പല അട്ടിമറിക്കാരും ഇപ്പോള്‍ കാരക്കാസിലെ ബ്രസീല്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയാണ് – മഡൂറോ പറഞ്ഞു.

ബൊളിവേറിയന്‍ നാഷണല്‍ ആര്‍മി രാജ്യത്തിന്റെ ഭരണഘടനയേയും സ്ഥാപനങ്ങളേയും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. അവര്‍ ഈ പ്രതിബദ്ധതയുമായി ഉറച്ച് നില്‍ക്കുന്നു – പ്രതിരോധ മന്ത്രി വ്‌ളാദിമിര്‍ പ്ഡ്രിനോ ലോപ്പസ് പറഞ്ഞു. ബൊളിവീയന്‍ പ്രസിഡന്റ് ഇവോ മൊറേല്‍സും ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയാസ് കാനലും മഡൂറോ ഗവണ്‍മെന്റിന് പിന്തുണയായെത്തി.

വെനിസ്വലേയിലെ പ്രതിപക്ഷ നേതാവും നാഷണല്‍ അസംബ്ലിയുടെ പ്രസിഡന്്‌റ് ഗയ്‌ഡോ സ്വയം പ്രസിഡന്റായി പ്രഖ്യാപിക്കുകയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഗയ്‌ഡോയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 54 രാജ്യങ്ങളാണ് ഗയ്‌ഡോയെ പ്രസിഡന്റായി അംഗീകരിച്ചത്. അതേസമയം വെനിസ്വേലയ്ക്ക് പിന്തുണയുമായി റഷ്യയും ചൈനയും രംഗത്തെത്തിയിരുന്നു. തുര്‍ക്കിയും പിന്തുണക്കുന്നു. ഒരു ഘട്ടത്തില്‍ വെനിസ്വേലയില്‍ യുഎസ് സൈന്യം ഇടപെട്ടേക്കും എന്ന നില വരെ ഉണ്ടായി. എന്നാല്‍ വെനിസ്വേലയ്‌ക്കെതിരെ സൈനിക നടപടിയുണ്ടായാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയും മഡൂറോ ഗവണ്‍മെന്റിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗയ്‌ഡോയുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങിയത്.

മഡൂറോ രാജി വച്ച് പുതിയ തിഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ പിന്നോട്ടില്ലെന്നാണ് ഗയ്‌ഡോയുടെ നിലപാട്. മഡൂറോ തിരഞ്ഞെടുപ്പ് അട്ടമറി നടത്തിയതായി പ്രതിപക്ഷം ആരോപിക്കുന്നു. ജനുവരിയില്‍ ഗയ്‌ഡോ സ്വയം പ്രസിഡന്റ് ആയി പ്രഖ്യാപിക്കുകയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗയ്‌ഡോയെ പ്രസിഡന്റ് ആയി അംഗീകരിക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു. പല ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഗയ്‌ഡോയെ പ്രസിഡന്റ് ആയി അംഗീകരിച്ചിരുന്നു. വെനിസ്വേല ഭരണഘടന, പ്രസിഡന്റിന് സ്്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലാതാകുന്ന പക്ഷം രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റ് ആയിരിക്കാന്‍ അനുവദിക്കുന്നുണ്ടെന്നാണ് നാഷണല്‍ അസംബ്ലിയുടെ പ്രസിഡന്റായ ഗയ്‌ഡോയുടെ നിലപാട്. വെനിസ്വേലയില്‍ അട്ടിമറി നടത്താന്‍ ശ്രമിക്കരുത് എന്ന് റഷ്യ യുഎസിന് മുന്നറിയപ്പ് നല്‍കിയതോടെ സംഘര്‍ഷം ആഗോളതലത്തില്‍ വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്.

യൂറോപ്യന്‍ രാജ്യങ്ങളും മഡൂറോയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. സ്‌പെയിന്‍, ജര്‍മ്മനി, ഫ്രാന്‍സ്, യുകെ തുടങ്ങിയ രാജ്യങ്ങള്‍ ഗയ്‌ഡോയെ പിന്തുണക്കുന്നു. മഡൂറോ വരുന്ന ഞാറാഴ്ചയ്ക്കുള്ളില്‍ രാജി വച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ ആവശ്യം. പാശ്ചാത്യ മാധ്യമങ്ങളും മഡൂറോ ഗവണ്‍മെന്റിനെതിരായ പ്രതിപക്ഷ നീക്കങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. അതേസമയം സൈന്യത്തിന്റെ പിന്തുണ മഡൂറോവിനാണ്. എന്നാല്‍ സൈന്യവുമായി താന്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്നാണ് ഗയ്‌ഡോ അവകാശപ്പെടുന്നത്. മഡൂറോയെ പിന്തുണക്കുന്ന ചൈനയുമായും ഗയ്‌ഡോ ചര്‍ച്ച നടത്തിയിരുന്നു.

മഡൂറോയെ താഴെയിറക്കാന്‍ എന്തും ചെയ്യും എന്നാണ് ഫെബ്രുവരിയില്‍ അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹുവാന്‍ ഗയ്‌ഡോ പറഞ്ഞത്. യുഎസ് സൈനിക നടപടിക്കുള്ള സാധ്യത പോലും ഗയ്‌ഡോ തള്ളിക്കളഞ്ഞില്ല എന്നതാണ് ശ്രദ്ധേയം. മെക്‌സിക്കോയും ഉറുഗ്വായും മഡൂറോയുമായുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാമെനന്ന് പറഞ്ഞിരുന്നെങ്കിലും താന്‍ അത് തള്ളിക്കളയുകയായിരുന്നുവെന്ന് ഗയ്‌ഡോ പറയുന്നു. തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടം പോലുമല്ല ഇത് മഡൂറോയും കൂട്ടരും നേതാക്കളുടെ ചെറിയൊരു കൂട്ടം മാത്രമാണെന്നും ഗയ്‌ഡോ പരിഹസിച്ചു. രാജ്യത്തെ ബഹുഭൂരിപക്ഷവും മാറ്റത്തിന് വേണ്ടി നിലകൊള്ളുന്നു. ആയുധങ്ങള്‍ കൊണ്ട് റിപ്പബ്ലിക്കിനെ പേടിപ്പിച്ച് നിര്‍ത്താം എന്നാണ് ചിലരുടെ ധാരണ – ഗയ്‌ഡോ പറഞ്ഞു.

തങ്ങള്‍ ലോകത്ത് ഏറ്റവുമധികം എണ്ണ നിക്ഷേപവും സ്വര്‍ണ നിക്ഷേപവുമുള്ള രാജ്യമാണെന്നും ഭീഷണികള്‍ വിലപ്പോകില്ലെന്നുമാണ് മഡൂറോ പറഞ്ഞിരുന്നു. സാമ്പത്തിക തകര്‍ച്ച വെനിസ്വേലയില്‍ വലിയ അരക്ഷിതാവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്. വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായി അബു ദാബി നിക്ഷേപ സ്ഥാപനമായ നൂര്‍ കാപ്പിറ്റലിന് 15 ടണ്‍ ഗോള്‍ഡ് റിസര്‍വ് വില്‍ക്കാനാണ് മഡൂറോ ഗവണ്‍മെന്റ് നീക്കം നടത്തുണ്ട്.

This post was last modified on May 1, 2019 10:57 am