X

ഹൈഡ്രോകാര്‍ബണ്‍ പദ്ധതിക്കെതിരെ തമിഴ് നാട്ടിലെ പുതുക്കോട്ടയില്‍ സമരം ശക്തം

ജനവികാരമാണ് ഭൂഗര്‍ഭ ജലവും കൃഷിയും നശിപ്പിക്കുന്ന പദ്ധതിക്കെതിരെ ഉയര്‍ന്നുവരുന്നത്. പദ്ധതി നടപ്പിലായാല്‍ 25 കിലോമീറ്റര്‍ പരിധിക്കുള്ളിലെ 70 ഗ്രാമങ്ങള്‍ നാമവശേഷമാകുമെന്ന്‍ പ്രതിഷേധക്കാര്‍ പറയുന്നു.

ഹൈഡ്രോ കാര്‍ബണ്‍ വിഘടിച്ചെടുക്കാനുള്ള വന്‍പദ്ധതിക്കെതിരെ തമിഴ്‌നാട്ടില്‍ സമരം ശക്തമാകുന്നു. ജല്ലിക്കെട്ട് സമരത്തിന് സമാനമായ ജനവികാരമാണ് ഭൂഗര്‍ഭ ജലവും കൃഷിയും നശിപ്പിക്കുന്ന പദ്ധതിക്കെതിരെ ഉയര്‍ന്നുവരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുതുക്കോട്ട ജില്ലയിലെ നെടുവാസല്‍ ഗ്രാമം ഒന്നടങ്കം കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിക്കെതിരെ സമരത്തിലാണ്. 2022 ഓടെ ഇന്ധന ഇറക്കുമതി പത്തു്ശതമാനമായി കുറയ്ക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ വന്‍കിട പദ്ധതി ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്.

പദ്ധതി നടപ്പിലായാല്‍ 25 കിലോമീറ്റര്‍ പരിധിക്കുള്ളിലെ 70 ഗ്രാമങ്ങള്‍ നാമവശേഷമാകുമെന്നാണ് പ്രതിഷേധക്കാര്‍ വാദിക്കുന്നത്. ഇവിടെ കണ്ടെത്തി എന്ന് പറയപ്പെടുന്ന ചെറുകിട എണ്ണപ്പാടങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ലേലം ചെയ്തു നല്‍കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നതോടെയാണ് പൊതുജന പ്രതിഷേധം ആരംഭിച്ചത്. പദ്ധതി നടപ്പിലാവുന്നതോടെ രാജ്യത്തിന്റെ എണ്ണ ഉല്‍പാദനം പ്രതിദിനം 15,000 ബാരലായും പാചക വാതക ഉല്‍പാദനം രണ്ട് ദശലക്ഷം ക്യുബിക് മീറ്ററായും വര്‍ദ്ധിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പ്രദേശിക ജനവിഭാഗങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടു മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാവൂ എന്ന് പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ മുഖ്യമന്ത്രി ഇകെ പളനിസാമി ആവശ്യപ്പെട്ടിട്ടുണ്ട്.

നാളെ ചെന്നൈയില്‍ പ്രതിഷേധക്കാരും മുഖ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. സമീപ സംസ്ഥാനമായ പുതുച്ചേരിയിലേക്ക് നീണ്ടു കിടക്കുന്ന പദ്ധതിക്ക് ആ സംസ്ഥാനം അനുമതി നിഷേധിച്ചിട്ടുണ്ട്. പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ആഘാതം ഏല്‍പ്പിക്കുന്നതാണെന്ന് പോണ്ടിച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രതിഷേധങ്ങള്‍ അര്‍ത്ഥമില്ലാത്തതും വികസന വിരുദ്ധവുമാണ് എന്ന് വിശേഷിപ്പിക്കാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്. പ്രതിഷേധങ്ങള്‍ക്കെതിരെ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പരസ്യമായി രംഗത്തെത്തി. ഒരു കാരണവശാലും പദ്ധതി പിന്‍വലിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. പരിസര പ്രദേശത്തെ കാര്‍ഷീക വൃത്തിയെയോ പ്രകൃതിയെയോ പദ്ധതി പ്രതികൂലമായി ബാധിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

This post was last modified on March 1, 2017 10:28 am