X

ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ പന്ത് നേരിട്ട വന്‍മതിലിന്റെ റെക്കോഡ് തകര്‍ത്ത്‌ പൂജാര

525 പന്തുകള്‍ നേരിട്ട പൂജാര 21 ബൗണ്ടറി ഉള്‍പ്പെടെ 202 റണ്‍സെടുത്തു

ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ പന്ത് നേരിട്ട് ഇന്ത്യന്‍ താരമെന്ന വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്റെ റെക്കോഡ് പഴങ്കഥയാക്കി ചേതേശ്വര്‍ പൂജാര. കരിയറിലെ മൂന്നാം ഇരട്ടസെഞ്ചുറി റാഞ്ചി സ്റ്റേഡിയത്തില്‍ കുറിച്ച പൂജാര 495 പന്തില്‍ 270 റണ്‍സെടുത്ത ദ്രാവിഡിന്റെ നേട്ടമാണ് മറികടന്നത്. 525 പന്തുകള്‍ നേരിട്ട പൂജാര 21 ബൗണ്ടറി ഉള്‍പ്പെടെ 202 റണ്‍സെടുത്തു. ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ 500 പന്ത് നേരിടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി പൂജാരക്ക് സ്വന്തം.

2004 ഏപ്രിലില്‍ പാക്കിസ്ഥാനെതിരെയായിരുന്നു രാഹുല്‍ ദ്രാവിഡിന്റെ നേട്ടം. വെസ്റ്റ് ഇന്‍ഡീസിനെതിരെ 491 പന്തില്‍ 201 റണ്‍സെടുത്ത നവ്‌ജ്യോത് സിങ് സിദ്ദു, ഓസ്‌ട്രേലിയയ്‌ക്കെതിരെ 477 പന്തില്‍ 206 റണ്‍സെടുത്ത രവി ശാസ്ത്രി, ഇംഗ്ലണ്ടിനെതിരെ 472 പന്തില്‍ 172 റണ്‍സെടുത്ത സുനില്‍ ഗാവാസ്‌കര്‍ തുടങ്ങിയവരും ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ പന്ത് നേരിട്ട് ഇന്ത്യന്‍ താരങ്ങളാണ്.

പൂജാരയുടെ മുമ്പത്തെ രണ്ട് ഇരട്ടസെഞ്ചുറികളും ഓസ്‌ട്രേലിയയ്ക്ക് എതിരെയായിരുന്നു. ഓസിസിനെതിരെ രണ്ട് തവണ ഇരട്ട സെഞ്ചുറി നേടിയ താരങ്ങളാണ് വിവിഎസ് ലക്ഷ്മണും സച്ചിന്‍ തെന്‍ഡുല്‍ക്കറും.

This post was last modified on March 19, 2017 4:19 pm