16കാരനായിരുന്ന സച്ചിന് ടെണ്ടുല്‍ക്കറിന് അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ നേരിടേണ്ടി വന്നത് ഇമ്രാന് ഖാനും അബ്ദുള്‍ ഖാദിറും വസീം അക്രവും, പിന്നെ സച്ചിനെ പോലെ തുടക്കക്കാരനായിരുന്നെങ്കിലും അപകടകാരിയായിരുന്ന വഖാര്‍ യൂനിസും ഉള്‍പ്പെട്ട ലോകത്തെ ഏറ്റവും മികച്ച ബൗളിംഗ് നിരയെ ആണ്. ഇവരുടെ ആക്രമണത്തിന് മുന്നില്‍ ആദ്യ മത്സരത്തില്‍ പതറിയ സച്ചിന് പിന്നീടുള്ള മത്സരങ്ങളില്‍ തന്റെ വരവ് അങ്ങനെ വെറുതെ വന്നുപോകാനല്ല എന്ന് തെളിയിക്കുകയായിരുന്നു. പാകിസ്താനെതിരായ നാല് ടെസ്റ്റുകളില്‍ രണ്ട് അര്‍ദ്ധ സെഞ്ചുറികളടക്കം 239 റണ്‍സാണ് സച്ചിന് നേടിയത്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടന്ന ഏകദിനത്തില്‍ അബ്ദുള്‍ ഖാദറിനെ കടന്നാക്രമിച്ചാണ് സച്ചിന് ശരിക്കും വരവറിയിച്ചത്.
പെഷവാറിലെ ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ 30 ഓവറിലുള്ള ഒരു പ്രദര്‍ശന മത്സരം കാണികള്‍ക്കായി നടത്തി. സ്റ്റേഡിയം കാണികളെക്കൊണ്ട് നിറഞ്ഞിരുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. കൃഷ്ണമാചാരി ശ്രീകാന്തും സച്ചിനുമാണ് അന്ന് ആദ്യമിറങ്ങിയത്. ശ്രീകാന്തിന് റണ്‍ ഒന്നും വിട്ടുകൊടുക്കാതെ അബ്ദുള്‍ ഖാദിറിന്റെ മെയ്ഡെന് ഓവര്‍.
അബ്ദുള്‍ ഖാദിര്‍ സച്ചിനോട് പറഞ്ഞു – “അടുത്ത ഓവറില്‍ എന്റെ ഒരു ബോള്‍ സിക്സ് അടിച്ച് കാണിക്ക്, എന്നാല്‍ നീ താരമാകും” എന്ന്. ഒരു സികസര്‍ ചോദിച്ച അബ്ദുള്‍ ഖാദറിന് സച്ചിന് കൊടുത്തത് നാല് സിക്സറാണ്. നന്നായി കളിച്ചിരുന്ന ആ കുട്ടിയോട് തനിക്ക് അന്ന് തന്നെ വളരെയധികം താല്പര്യം തോന്നിയിരുന്നതായി 2018ല്‍ ദുബായില്‍ നടന്ന സലാം ക്രിക്കറ്റ് പരിപാടിയില്‍ അബ്ദുള്‍ ഖാദിര്‍ പറഞ്ഞിരുന്നു.
“സച്ചിന് എന്നോട് മറുപടിയൊന്നും പറഞ്ഞില്ല, പകരം അടുത്ത ഓവറില്‍ നാല് സിക്സ് അടിച്ചു” – അബ്ദുള്‍ ഖാദര്‍ ഓര്‍ത്തിരുന്നു. 18 ബോളില്‍ നിന്ന് 53 റണ്‍സ്. അബ്ദുള്‍ ഖാദിറിന്റെ ഒരു ഓവറില്‍ 28 റണ്‍സ്. ആദ്യം ഒരു സിക്സ്, പിന്നെ ഫോര്‍, മൂന്നാമത്തെ ബോളില്‍ റണ്ണൊന്നുമില്ല. പിന്നെ തുടര്‍ച്ചയായി മൂന്ന് സിക്സുകള്‍. മുഷ്താഖ് അഹമ്മദിനും കിട്ടി ഒരോവറില്‍ നാല് സിക്സ്. “ഞാന്‍ സച്ചിനെ ഒതുക്കാന്‍ നോക്കി. പക്ഷെ അയാളുടെ പ്രതിഭ അതിനെ മറികടന്നു” – അബ്ദുള്‍ ഖാദര്‍ പിന്നീട് പറഞ്ഞു.
അബ്ദുള്‍ ഖാദറിനെതിരെ സച്ചിന്റെ പ്രകടനം – വിഡീയോ:
This post was last modified on September 8, 2019 8:06 am