X

മരണസംഖ്യ എണ്ണലല്ല ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്; പരവൂര്‍ വെടിക്കെട്ട് അപകടം തെളിയിക്കുന്നത്

യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം എനര്‍ജി സ്റ്റഡീസില്‍ നിന്നും ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ ബിരുദം നേടിയ വ്യക്തിയാണ്  നന്ദുകൃഷ്ണന്‍.  ഇന്നലെ അപകടം നടന്ന സ്ഥലമായ പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന നന്ദു കൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഡി ധനസുമോദിനോട് സംസാരിച്ചതില്‍ നിന്ന്.  

ഡി ധനസുമോദ് : എന്തായിരുന്നു ഇന്നലെ അവിടെ സംഭവിച്ചത്?

നന്ദുകൃഷ്ണന്‍: പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ വര്‍ഷങ്ങളായിട്ട് കമ്പം നടക്കാറുള്ളതാണ്. കഴിഞ്ഞ വര്‍ഷം വരെ മത്സരക്കമ്പമായിരുന്നു ഈ വര്‍ഷം മത്സരക്കമ്പമല്ലെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഒരു കമ്പപ്പുരയില്‍ നിന്നും കത്തിക്കൊണ്ടിരിക്കുന്ന ഒരു ഭാഗം വേറൊരു കമ്പപ്പുരയില്‍ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. 

: എത്ര വര്‍ഷങ്ങളായിട്ടാണ് അവിടെ ഈ വെടിക്കെട്ട് നടക്കുന്നത്. ഒരു മത്സരക്കമ്പം അവിടെയുണ്ടോ? എത്രപേര്‍ അവിടെ ഇത് കാണാനൊക്കെ വരുന്നുണ്ട്? 

: വര്‍ഷങ്ങളായുണ്ട്. എന്റെ അച്ഛന്റെ കുഞ്ഞ് നാളിലെ ഓര്‍മ്മയില്‍പ്പോലും കമ്പമുണ്ട്. അച്ഛന്റെ ചെറുപ്പകാലത്ത് തന്നെ ഒരു ലക്ഷം രൂപയാണ് ചെലവെന്നാണ് കേട്ടിട്ടുള്ളത്. ഇപ്പോള്‍ പന്ത്രണ്ട് മുതല്‍ പതിനഞ്ച് ലക്ഷം വരെ ചെലവെന്നാണ് പറഞ്ഞുകേട്ടത്. ഞാന്‍ എട്ടുമണിക്കാണ് അവിടെയെത്തുന്നത്. വണ്ടി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യത്തിനായി കമ്പം കാണാനുള്ളവര്‍ എട്ടുമണിയാവുമ്പോള്‍ എത്താറുണ്ട്. പുഴയൊഴുകുംപോലെ ആള്‍ക്കാര്‍ വന്നുകൊണ്ടിരുന്നു. 60,000 പേര്‍ എന്തായാലും ഉണ്ടായിരുന്നു. അപ്പോള്‍ നെടുംകുതിരയെടുപ്പ് കഴിഞ്ഞ് കഥകളി നടക്കുന്ന സമയമായിരുന്നു. ഒമ്പത് മണിക്കാണ് ചുറ്റുപാടും കുഴിയിട്ട് ഇവര്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുന്നത്. എന്തായാലും ഇവര്‍ക്ക് കിട്ടുന്ന സമയം വളരെ ചെറുതാണെന്നുറപ്പാണ്. അനൗണ്‍സ് ചെയ്യുന്നവര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പ് നടത്തുകയാണെന്ന് വിളിച്ചുപറയുന്നുമുണ്ടായിരുന്നു. അതില്‍ നിന്നും വ്യക്തമല്ലേ സമയത്ത് നടന്നില്ലായെന്ന്. ഡൈനാമിറ്റുകള്‍ കുഴിച്ചിടാന്‍ കഷ്ടിച്ച് മൂന്നുമണിക്കൂര്‍ സമയമേ കിട്ടിക്കാണൂ.

: 12 മണിക്ക് ആരംഭിച്ച വെടിക്കെട്ട് മൂന്നര വരെ തുടര്‍ന്നിരുന്നു. ഇതൊരുപക്ഷേ 11 മണിക്കാണ് തുടങ്ങിയതെങ്കില്‍ ദുരന്തം ഇതിലേറെ വര്‍ദ്ധിക്കുമായിരുന്നോ?

: ഇപ്പോഴത്തെ മരണസംഖ്യയുടെ നാലിരട്ടിയോളമുണ്ടായേനേ. കാരണം 11 മണിയാകുമ്പോഴാണ് കുടുംബമായിട്ട് സ്ത്രീകളും പുരുഷന്‍മാരും കൂടുതലെത്തുന്നത്. അവര്‍ ഒരു മണിക്കൂര്‍ ഇതിന്റെ തുടക്കം കണ്ട് തിരിച്ചുപോകത്തേയുള്ളു. 

: ക്ഷേത്രഭൂമിയുടെ പ്രത്യേകതയെങ്ങനെയാണ്? ഈ 60,000 പേര്‍ക്ക് നിന്ന് കാണാനുള്ള സൗകര്യമുണ്ടോ?

: അതൊരു ചതുര ആകൃതിയിലുള്ള ഭൂമിയാണ്. ഇത്രയും വലിയൊരു കമ്പം അഫോര്‍ഡ് ചെയ്യാനുള്ള ഏരിയയും അവിടെയില്ല. കാരണം അതിനടുത്ത് വീടുകളാണ്. ഇതിനൊരു കണക്കുണ്ടല്ലോ ഇത്ര ഡസിബലില്‍ കൂടുതല്‍ സൗണ്ട് പാടില്ലാ എന്നുള്ളത്. ആ നിയമങ്ങളൊക്കെ കാറ്റില്‍ പറത്തിയാല്‍ മാത്രമേ അവിടെ നടത്തുവാന്‍ കഴിയൂ.

: സമീപവാസികളില്‍ ഒരാള്‍ ഇത് തടയണമെന്ന് കാട്ടി ഹര്‍ജി നല്‍കിയിരുന്നു. പക്ഷേ ഇതെല്ലാം അവഗണിച്ചാണ് കമ്പക്കെട്ട് നടന്നിരുന്നത്?

: ഒരു സ്ത്രീ മത്സരക്കമ്പത്തിനെതിരെ സ്റ്റേ വാങ്ങി. പക്ഷേ ഈ ഭാരവാഹികളും മറ്റും ബന്ധപ്പെട്ട ആള്‍ക്കാരെ കണ്‍വിന്‍സ് ചെയ്യിപ്പിച്ച് മത്സരമല്ല, വെടിക്കെട്ടാണെന്നുള്ള രീതിയില്‍ നടത്തുകയായിരുന്നു.  

: സാധാരണ ഏതുതരത്തിലുള്ള പടക്കങ്ങളാണ് അവിടെ പൊട്ടിക്കുന്നത്?

: രണ്ടു ഭാഗത്തിലും ആള്‍ക്കാര്‍ കാണും… കതിന, ഞെരിപ്പ് എന്നൊക്കെ ഓരോ ഇനത്തിലും മത്സരങ്ങള്‍ കാണും. അതില്‍ മികച്ചതിന് ഒരു പ്രത്യേക ക്രൈറ്റീരിയ ഇട്ട് കൊടുക്കുകയാണ് സാധാരണ പതിവ്. അതായിരുന്നെങ്കില്‍ ഇതിലും കുറച്ചുകൂടി ഓര്‍ഗനൈസ്ഡ് ആയിട്ട് കാര്യങ്ങള്‍ നടന്നേനെ. ഇതിപ്പോള്‍ വ്യക്തമായ ഒരു ധാരണയില്ലാതെ എല്ലാം വാരിയിട്ട് പൊട്ടിക്കുന്ന അവസ്ഥയായിരുന്നു. മത്സരത്തിനായിരുന്നെങ്കില്‍ സമയം കിട്ടിയേനേ.

: ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അംഗങ്ങളുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോള്‍ അവരുടെ ഒരു പ്രതികരണമെന്തായിരുന്നു?

: ശബരിമലയില്‍ നൂറിലധികം ആള്‍ക്കാര്‍ മരിച്ച സംഭവം ഉണ്ടായതിന് ശേഷമാണ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാനിനെക്കുറിച്ച് വകതിരിവുണ്ടായത്. ഞാനീയിടെ ഇതുമായി ബന്ധപ്പെട്ട് ഒരാളോട് സംസാരിച്ചപ്പോള്‍ പറഞ്ഞത് ഞങ്ങള്‍ ശബരിമലയില്‍ ചിലത് ചെയ്തിട്ടുണ്ടെന്ന് മാത്രമാണ്. ബാക്കിയുള്ള ക്ഷേത്രങ്ങളുടെ കണക്കെടുക്കേണ്ടതും അത്യാവശ്യമാണ്. അതുകൊണ്ടാണ് ഇത്രയും ജീവന്‍ പൊലിഞ്ഞത്.

എക്‌സ്‌പ്ലോസീവ് ആക്ട് 2008 എന്ന ഒരു ആക്ടുണ്ട്. അതില്‍ സ്‌ഫോടകവസ്തുക്കളുടെ നിര്‍മ്മാണം, അതിന്റെ ഉപയോഗം, നടത്തേണ്ടതെങ്ങനെ എന്നതിനെക്കുറിച്ചുള്ള വിശദമായ നിയമങ്ങളെല്ലാമുണ്ട്. കമ്പക്കെട്ട്… അതായത് അത് സൂക്ഷിക്കുന്ന സ്ഥലം എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരമായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. കോണ്‍ഗ്രീറ്റ് ആണെങ്കിലും 23 സെന്റീമീറ്ററോളം തിക്ക്‌നെസ്സ് ഉള്ള മതില്‍ വേണം… അങ്ങനെ ചില നിയമങ്ങളുണ്ട്. ഇത് സൂക്ഷിക്കുന്ന സ്ഥലത്തിന് വാതിലിനും ജനലിനുമെല്ലാം ഒരു മാനദണ്ഡങ്ങളുണ്ട്. അത് പാലിച്ചിരുന്നെങ്കില്‍ വെളിയില്‍ നിന്നും ഒരു അമിട്ടിന്റെ ചെറിയ അംശം വന്ന് അകത്ത് വീഴുകയും ഇങ്ങനെ ഒരു സ്‌ഫോടനം ഉണ്ടാവുകയും ചെയ്യില്ലായിരുന്നു.

: ഒരു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിദഗ്ധനെന്ന നിലയില്‍ ഭാവിയില്‍ എന്തെല്ലാം ചെയ്യാമെന്നാണ് അഭിപ്രായം?

: ഇത്രയധികം ആള്‍ക്കാര്‍ കൂടുന്ന ഒരു സ്ഥലത്ത് വ്യക്തമായ ഒരു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ വേണം. എന്തെങ്കിലും സംഭവിച്ചാല്‍ രക്ഷപ്പെടാനുള്ള വഴികളുമെല്ലാം വേണം. കമ്പത്തില്‍ മരിക്കുന്നവരുടെ കണക്കുകള്‍ മാത്രം എടുത്താല്‍ പോര. മാത്രമല്ല കേരളത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെല്ലില്‍ ജിയോളജിസ്റ്റുകളും റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിലെ ക്ലര്‍ക്കുകളുമാണ് കൂടുതലെന്നാണ് എന്റെ അറിവ്. കെമിക്കല്‍ എഞ്ചിനീയേഴ്‌സോ മറ്റോ ഉണ്ടെങ്കില്‍ കുറച്ചുകൂടി സയന്റിഫിക്കായ ഒരു പഠനമുണ്ടാകും.   

: ഇവിടെ തന്നെ ആദ്യം കമ്പക്കെട്ട് നിരോധിച്ചിരുന്നു. അവസാനഘട്ടത്തില്‍ അനുമതി നല്‍കുന്നത് ക്ഷേത്രം, ആചാരം തുടങ്ങിയ വികാരങ്ങള്‍ കുത്തിയിളക്കിക്കൊണ്ടാണ്. ഇത്തരത്തിലുള്ള വികാരങ്ങള്‍ക്ക് അടിമപ്പെടാതെ ഏതു തരത്തിലുള്ള ഒരു രീതിയാണ് പിന്തുടരേണ്ടത്? 

: ഈ നാടിനെ സംബന്ധിച്ചിടത്തോളം പുറ്റിങ്ങല്‍ അമ്പലം എന്നതിനോട് ആള്‍ക്കാര്‍ കൂട്ടിവായിക്കുന്ന കാര്യമാണ് പുറ്റിങ്ങല്‍ കമ്പം. അപ്പോള്‍ ആള്‍ക്കാരെ കണ്‍വിന്‍സ് ചെയ്യിക്കുകയെന്നത് ഭയങ്കര പാടാണ്. ആകാശക്കാഴ്ചകള്‍ മാത്രമാക്കി, സേഫായി നടത്തുകയാണെങ്കില്‍ പ്രശ്‌നമുണ്ടാകില്ല.

അമ്പലത്തിന് ചുറ്റും ഗുരുമന്ദിരമൊക്കെയുണ്ടായിരുന്നു. ഈ ഗുരുമന്ദിരത്തിന് മുകളിലൊക്കെ ആള്‍ക്കാര്‍ ഇരിക്കരുതെന്ന് തുടക്കം മുതല്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. അതില്‍ പലരുടെയും ജീവന്‍ നഷ്ടപ്പെട്ടതായിട്ടാണ് കേട്ടത്. സ്‌ഫോടനത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നത് മരിച്ചവരായിരിക്കും. മറ്റുള്ളവര്‍ക്ക് അഭ്യൂഹങ്ങള്‍ മാത്രമേയുള്ളു.   

കഥകളി കഴിഞ്ഞ് കിട്ടിയ ഒന്നര രണ്ട് മണിക്കൂര്‍ മാത്രമേ ഇവിടെ കമ്പക്കെട്ടിന് കിട്ടിയുള്ളു. ഫയര്‍ഫോഴ്‌സിന്റെ എണ്ണവും കുറവായിരുന്നു. ഒരു വണ്ടിയോ മറ്റോ ആണ് കണ്ടത്. ഒന്നരകിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം ഉണ്ടാകുന്ന രീതിയിലുള്ള വെടിമരുന്നായിരുന്നു. ഒരു വലിയ ബോംബ് സ്‌ഫോടനം. ആള്‍ക്കാരുടെ ജീവന് സംരക്ഷണം കൊടുക്കുന്ന തരത്തിലുള്ള ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നടക്കണമെങ്കില്‍ ഇതുമായി ബന്ധപ്പെട്ട പ്രൊഫഷണല്‍സ് ഈ സര്‍ക്കാര്‍ ബോഡികളില്‍ വേണം. ജിയോളജിസ്റ്റ് ആയ ഒരാളുവന്നിട്ട് സ്‌ഫോടകശേഷി അളക്കുന്നതിലുള്ള പ്രാക്ടിക്കല്‍ പ്രശ്‌നങ്ങളുണ്ടല്ലോ. ആനയെക്കൊണ്ട് പറയെടുപ്പിക്കുന്നതിന് നിരോധനം വന്നില്ലേ… ഇപ്പോള്‍ അതില്‍ പ്രശ്‌നങ്ങളൊന്നുമില്ലല്ലോ. അതുപോലെ മാറ്റങ്ങള്‍ കാലാകാലങ്ങളില്‍ വരണം.      

This post was last modified on April 11, 2016 12:44 pm

Related Post
Leave a Comment