X

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ സമഗ്ര അന്വേഷണം വേണം; പൊലീസിനെതിരെ ആഭ്യന്തര സെക്രട്ടറി

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് നളിനി നെറ്റോ ആവശ്യപ്പെട്ടു.

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ വിമര്‍ശനവുമായി ആഭ്യന്തര സെക്രട്ടറി. പൊലീസിന്‌റെ ഒമ്പത് വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഡിജിപിക്ക് കത്ത് നല്‍കി. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് നളിനി നെറ്റോ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് റെയ്ഡുകളും കേസുകളും ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ വലിയ പോരിനിടയാക്കിയിരിക്കുന്നതിന് ഇടയിലാണ് നടപടി.

കേസിന്റെ അന്വേഷണം അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുകയും റിപ്പോര്‍ട്ടില്‍ ആഭ്യന്തര സെക്രട്ടറി തിരുത്തല്‍ വരുത്തിയെന്ന പൊതു താല്‍പര്യ ഹര്‍ജി കോടതിയുടെ പരിഗണനക്ക് വരാനിരിക്കെയുമാണ് നളിനെറ്റോയുടെ കത്ത്. ജില്ലാ ഭരണകൂടം വിലക്കിയ വെടിക്കെട്ടിന് എങ്ങനെ പൊലീസ് അനുമതി നല്‍കി? ആരാണ് പോലീസിന് ഇതിന് നിര്‍ദേശം നല്‍കിയത്? പൊലീസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് ആര്? എന്നൊക്കെയുള്ള കാര്യങ്ങളില്‍ അന്വേഷണം ഡിജിപി നേരിട്ട് നടത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരാഴ്ച മുമ്പാണ് കത്ത് ഡിജിപിക്ക് നല്‍കിയത്.

കേസില്‍ പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കേണ്ടതില്ലെന്നും വകുപ്പ് നടപടികള്‍ ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചാല്‍ മതിയെന്നുമുള്ള ചില പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തിനിടയിലാണ് ആഭ്യന്തര സെക്രട്ടറിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ടി.പി സെന്‍കുമാറും നളിനി നെറ്റോയും രൂക്ഷമായ ഭിന്നതയുണ്ടായിരുന്നു. 2016 ഏപ്രില്‍ 10ന് കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ 111 പേര്‍ മരിക്കുകയും മൂന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് മത്സര കമ്പം നടത്തിയെതെന്നാണ് കണ്ടെത്തിയിരുന്നത്.

This post was last modified on January 20, 2017 12:35 pm