X

സുനിത ദേവദാസിനോട് കോണ്‍ഗ്രസ്സുകാര്‍ക്ക് പറയാനുള്ളത്

ഷാഫി നീലാമ്പ്ര

സരിതാ നായരുമായി സുനിതാ ദേവദാസ് നടത്തിയ അഭിമുഖം റിപ്പോര്‍ട്ട് ടി വി പുറത്തുവിട്ടത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് സുനിത രംഗത്ത് വരികയുണ്ടായി. അഴിമുഖം പ്രസിദ്ധീകരിച്ച സുനിത ദേവദാസുമായുള്ള അഭിമുഖം ഇവിടെ വായിക്കാം- സരിതാ നായരുമായുള്ള വിവാദ അഭിമുഖം; സുനിത ദേവദാസ് നിലപാട് വ്യക്തമാക്കുന്നു

പ്രിയ സുനിത ദേവദാസിന്,

ഒന്നരവര്‍ഷത്തോളം പഴക്കമുള്ള (2014 മാര്‍ച്ച്) സരിത നായര്‍-സുനിത ദേവദാസ് സംഭാഷണം അരുവിക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് റിപ്പോര്‍ട്ടര്‍ ടിവി വഴി പുറത്തുവിട്ടതിനുള്ള വിശദീകരണം അഴിമുഖത്തില്‍ കണ്ടു. സുനിതയുടെ ഭാഗം വ്യക്തമാക്കിയ സ്ഥിതിക്ക് ഇതിന്റെ മറുവശംകൂടി വ്യക്തമാക്കപ്പെടേണ്ടതുണ്ട് എന്ന ബോദ്ധ്യമാണ് ഈ കുറിപ്പിനാധാരം. താങ്കളുടെ വിശദീകരണം ഒരു വാദത്തിന് വേണ്ടി അംഗീകരിക്കുമ്പോള്‍ തന്നെ ചില ചോദ്യങ്ങള്‍ ബാക്കിയാകുന്നുണ്ടല്ലോ; ആ ചോദ്യങ്ങളിലേക്ക്.

സരിത എന്ന വ്യക്തി ആദ്യമൊരു കത്തെഴുതുകയും പിന്നീട് അത് തന്റെതല്ലെന്ന് പറയുകയും ആദ്യമൊരു മൊഴി നല്‍കുകയും പിന്നീട് മാറ്റിപ്പറയുകയും പിന്നീട് കാലം ചെന്നപ്പോള്‍ ഈ പറഞ്ഞതൊന്നുമല്ല, സത്യം മറ്റൊന്നാണെന്നും പറയുന്നു. ഇങ്ങനെ ഈ ഒന്നൊന്നര വര്‍ഷത്തിനിടക്ക് നിരവധിയായ മലക്കംമറിച്ചിലുകളിലൂടെ തന്റെ വാക്കിനും പ്രവര്‍ത്തിക്കും ഒരു വിശ്വാസ്യതയുമില്ല എന്ന് തെളിയിച്ച വ്യക്തിയാണ് സരിത. ഈ സരിതയുടെ വാക്ക് കേട്ട് മന്ത്രിമാര്‍ സ്ത്രീകളെ മാറിമാറി ഉപയോഗിക്കുന്നു എന്ന സദാചാര ആരോപണം ഉന്നയിക്കും മുമ്പ് സരിത പറഞ്ഞതെല്ലാം സത്യം തന്നെയാണോയെന്ന് ഉറപ്പുവരുത്താന്‍ ഈ ഒന്നരവര്‍ഷത്തിനിടക്ക് എപ്പോഴെങ്കിലും സുനിത ശ്രമിച്ചിട്ടുണ്ടോ? അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും സ്റ്റോറി ചെയ്യുന്നു എന്ന നാട്യത്തില്‍ പടച്ചുവിടുന്നത് ശരിയാണോ?

പോലീസിന് നല്‍കിയ പരാതിയില്‍ സുനിത ദേവദാസിന്റെ കുടുംബത്തെ കുറിച്ച് പരാമര്‍ശിച്ചു കണ്ടു. താങ്കള്‍ക്ക് മാത്രമല്ല കുടുംബമുള്ളത്, സരിതയുടെ സംഭാഷണം മാത്രം അടിസ്ഥാനമാക്കി സ്ത്രീകളെ മാറിമാറി ഉപയോഗിക്കുന്നു എന്നാരോപിച്ച്, സമൂഹമധ്യത്തില്‍ തൊലിയുരിക്കപ്പെടുന്ന ഈ മന്ത്രിമാര്‍ക്കും കുടുംബമുണ്ട്. ഓരോ മന്ത്രിക്ക് പിന്നിലും താങ്കളുടെ വാര്‍ത്തയോടൊപ്പം തൊലിയുരിയപ്പെടുന്ന ഒരു ഭാര്യയുണ്ട്, മക്കളുണ്ട്, മാതാപിതാക്കളുണ്ട്, സുഹൃത്തുക്കളുണ്ട്, ഒരു സമൂഹം തന്നെയുണ്ട്. അപ്പോള്‍ ഈ സ്റ്റോറിയിലൂടെ അപമാനിക്കപ്പെടുക ഒരു മന്ത്രിയെ മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് ഒരുപാട് മനുഷ്യരുടെ തല അപമാനഭാരത്താല്‍ കുനിയപ്പെടും. അതുകൊണ്ട് ആദ്യം സരിത പറഞ്ഞത് സത്യമാണോ എന്ന് സ്ഥിരീകരിക്കട്ടെ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിനുവേണ്ടി ശ്രമിച്ചിട്ടുണ്ടോ?

സരിത പറഞ്ഞതെല്ലാം സത്യമായിരിക്കാം എന്ന് ഊഹിക്കുകയാണ് സുനിത ദേവദാസ്. ഈ ഊഹം സമയം ചെല്ലുംതോറും സത്യമാണ് എന്ന് വ്യാഖ്യാനിക്കുകയാണ് താങ്കള്‍. എന്നിട്ട് ഭരണാധികാരികര്‍ ശുദ്ധിയില്ലാത്തവരാണെന്നും രാഷ്ട്രീയ സദാചാരമില്ലാത്തവരാണെന്നും ആരോപിച്ച് അവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സോഷ്യല്‍ മീഡിയയില്‍ വിപ്ലവാഹ്വാനം നടത്തുകയും ചെയ്യുന്നു. ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാമെന്നിരിക്കെ യാതൊരുവിധ അന്വേഷണത്തിനും മുതിരാതെ ഒരു പത്രപ്രവര്‍ത്തക ഇത്തരത്തില്‍ ഒരു സ്റ്റോറി ചെയ്യുന്നത് മാധ്യമസദാചാരത്തിന് നിരക്കുന്നതാണോ? 

ആരോപണം ഉന്നയിക്കേണ്ട ബാധ്യത മാത്രമേ പത്രപ്രവര്‍ത്തകര്‍ക്കുള്ളൂ, അന്വേഷിക്കേണ്ടതിന്റെയും തെളിയിക്കേണ്ടതിന്റെയും ബാധ്യത അധികൃതര്‍ക്കാണ് എന്നാണ് സുനിതയുടെ വാദമെങ്കില്‍ അത് തെറ്റാണ്. ആരോപണം വസ്തുനിഷ്ടമായി ഉന്നയിക്കലാണ് മര്യാദ, പ്രത്യേകിച്ച് ഇത്തരം ആരോപണങ്ങള്‍. കാരണം ഒരു വ്യക്തിക്കെതിരെ ഒരു കേസെടുക്കുകയോ അന്വേഷണം പ്രഖ്യാപിക്കുകയോ ചെയ്താല്‍ അയാള്‍ ആ കുറ്റം ചെയ്തിരിക്കുന്നു എന്ന് മുദ്രകുത്തി ക്രൂശിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. അത് സുനിതക്ക് മനസ്സിലാകണമെങ്കില്‍ സുനിതക്കെതിരെയോ അല്ലെങ്കില്‍ സുനിതയുടെ പ്രിയപ്പെട്ടവര്‍ക്കെതിരെയോ ഇത്തരത്തിലൊരു ആരോപണം വരേണ്ടിവരും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

ഈ ഒന്നരവര്‍ഷത്തിനിടക്ക് ഒരിക്കല്‍പോലും ഇത്രയും വലിയ ആരോപണങ്ങള്‍ അടങ്ങിയ ടേപ്പ് കേള്‍ക്കാന്‍ സുനിത ദേവദാസിന് സമയംകിട്ടിയില്ല എന്ന് പറയുന്നത് അവിശ്വസിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. സോളാര്‍ കേസും സരിതയും വാര്‍ത്തകളില്‍ നിറയുന്നത് ഇതാദ്യമായിട്ടല്ല. എത്രയോ തവണ സുനിത തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടിരിക്കുന്നു. അപ്പോഴൊന്നും പുറത്തുവരാത്ത സംഭാഷണം അരുവിക്കര പോളിംഗ് ബൂത്തിലേക്ക് പോകുന്നതിന്റെ രണ്ട് ദിവസം മുമ്പ് മാത്രം പുറത്തുവന്നത് എങ്ങനെയാണ് എന്ന സംശയം ന്യായമല്ലേ?

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സരിതയുമായുള്ള ഈ സംഭാഷണം പുറത്തുവിടാന്‍ താങ്കളെ പ്രേരിപ്പിച്ച ഒരു കാരണം വളരെ രസകരമാണ്. പഴയ സരിതയില്‍ നിന്ന് പുതിയ സരിതയിലേക്കുള്ള ദൂരം മനസ്സിലാകാനാണത്രെ! എന്നിട്ട് മനസ്സിലായതോ പഴയ സരിതക്കും പുതിയ സരിതക്കും ഒരു മാറ്റവുമില്ല എന്ന കാര്യവും. സരിത ഒന്ന് പറയും പിന്നീട് അത് മാറ്റിപ്പറയും. ഒന്നരവര്‍ഷമായി സരിത ഇതുതന്നെ തുടരുന്നു. ഒന്നരവര്‍ഷം കഴിഞ്ഞു സരിതയില്‍ മാറ്റങ്ങള്‍ കണ്ടത്തി പഠനവിധേയമാക്കിയ ഒരു വ്യക്തി സുനിത ദേവദാസ് മാത്രമായിരിക്കും. ഇത്തരമൊരു താരതമ്യപഠനത്തിന് ഇപ്പോള്‍ പ്രേരണയായത് എന്താണെന്ന് മനസ്സിലാകുന്നില്ല.

സുനിതയെ തെറിവിളിച്ചവര്‍ക്കെതിരെ പോലീസില്‍ പരാതി കൊടുത്തിരിക്കുന്നതിനാല്‍ അവര്‍ അത് അന്വേഷിക്കട്ടെ. പക്ഷെ ഒരു കാര്യം സുനിതയോര്‍ക്കണം, സരിത പറയുന്നതെല്ലാം അതിന്റെ വസ്തുതകള്‍ സ്ഥിരീകരിക്കാതെ സുനിതക്ക് വിശ്വസിക്കാമെങ്കില്‍ സുനിതയെ കുറിച്ച് കേള്‍ക്കുന്നത് വിശ്വസിക്കാന്‍ സുനിതയെ തെറിവിളിച്ചവര്‍ക്കും അവകാശമുണ്ട്. ആരെക്കുറിച്ചും എങ്ങനെവേണമെങ്കിലും വിലയിരുത്താന്‍ സുനിതക്കുള്ള സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കും അനുവദിച്ചു കൂടെ?

എത്രയോ കാലമായി കോണ്‍ഗ്രസിനെതിരെയും ഐക്യ മുന്നണിക്കെതിരെയും നിരന്തരം പോസ്റ്റുകളിടുകയും നേതാക്കന്മാരെ നിഷ്പക്ഷയായ ഒരു പത്രപ്രവര്‍ത്തകക്ക് ചേരാത്തരീതിയില്‍ മോശമായ ഭാഷയില്‍ സംബോധന ചെയ്യുകയും ചെയ്യുന്ന സുനിത ദേവദാസ് അരുവിക്കര തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളില്‍ ഇത്തരമൊരു സ്റ്റോറി ചെയ്തത് സ്വാഭാവികമല്ല എന്ന് വിശ്വസിക്കുന്ന കോണ്‍ഗ്രസ്സുകാരെ കുറ്റം പറയാന്‍ പറ്റുമോ?

ഒന്നുമാത്രമേ പറയുന്നുള്ളൂ, സ്ത്രീകളെ മാറിമാറി ഉപയോഗിക്കുന്നു എന്നൊരു സ്റ്റോറി ചെയ്യുമ്പോള്‍, ഇത്രയും നികൃഷ്ടമായ ഒരു പ്രവര്‍ത്തി ഭരണാധികാരികള്‍ ചെയ്യുന്നു എന്നാരോപിക്കുമ്പോള്‍ ശക്തമായ തെളിവുകളുടെ പിന്‍ബലമുണ്ടാകണം. കാരണം ഈ പറയുന്നതിലൂടെ ഭരണാധികാരികളെ മാത്രമല്ല നിങ്ങള്‍ തുണിയുരിച്ച് തെരുവിലൂടെ നടത്തുന്നത്, അവരുടെ നിരപരാധികളായ കുടുംബാംഗങ്ങളെകൂടിയാണ്. വസ്തുതകള്‍ സ്ഥിരീകരിക്കപ്പെട്ടതിന് ശേഷമാണെങ്കില്‍ ആ കുടുംബത്തിന്റെ നിര്‍ഭാഗ്യമെന്നെ പറയാന്‍ പറ്റൂ. പക്ഷെ അതല്ലാതെ തെരഞ്ഞെടുപ്പ് സമയത്ത് ഒരു പുകമറ സൃഷ്ടിക്കുകയോ സെന്‍സേഷണലിസമോ ആയിരുന്നു ഉദ്ദേശമെങ്കില്‍ അത് പത്രപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരില്ല.

(പ്രവാസിയാണ് ലേഖകന്‍. ദമാമില്‍ ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

This post was last modified on June 29, 2015 1:39 pm