അഴിമുഖം പ്രതിനിധി
“തന്നെ ഫിനോയില്‍ കുടിപ്പിച്ചത് ആതിരയും കൃഷ്ണപ്രിയയും ചേര്‍ന്നാണ്. അന്വേഷണത്തില്‍ നീതി കിട്ടുമെന്നാണ് പ്രതീക്ഷ. ഇനി കര്‍ണ്ണാടകയിലേക്കില്ല. കേരളത്തില്‍ പഠിക്കാനാണ് ആഗ്രഹം”, ഒന്നരമാസം നീണ്ട ആശുപത്രി വാസത്തിനുശേഷം വീട്ടിലേക്ക് മടങ്ങുന്ന അശ്വതി മാധ്യമങ്ങളോട് പറഞ്ഞു.
കല്‍ബുര്‍ഗിയിലെ അല്‍ഖമാര്‍ നഴ്‌സിംഗ് കോളജില്‍ ക്രൂരമായ റാഗിങ്ങിനിരയായി ജീവന്‍മരണ പോരാട്ടം നടത്തിയ എടപ്പാള്‍ പുള്ളുവന്‍പടി കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സക്കുശേഷം ആശുപത്രി വിടുന്നത് ആരോഗ്യം വീണ്ടെടുത്തുകൊണ്ടാണ്.
രാസലായിനിയിറങ്ങി ചുരുങ്ങിപ്പോയ അന്നനാളം വിജയകരമായ വികസിപ്പിച്ചെടുത്തതിനാല്‍ തൊണ്ടയിലുള്ള കുഴല്‍മാറ്റി വായിലൂടെ അശ്വതി ഭക്ഷണം കഴിക്കാന്‍ തുടങ്ങി. സാധാരണപോലെ സംസാരിക്കാനും നടക്കാനും കഴിയുന്നുണ്ട്. രണ്ടുമാസത്തെ വിശ്രമം കൂടി ആയാല്‍ പഠനത്തിലേക്ക് വീണ്ടും മടങ്ങാനാവുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അതേസമയം അശ്വതിയെ റാഗ് ചെയ്ത കേസ് കര്‍ണാടക പൊലീസിന്റെ കൈയ്യില്‍ ഇപ്പോഴും ഇഴയുകയാണ്. കേസിലെ നാലാംപ്രതി കോട്ടയം കടുത്തുരുത്തി സ്വദേശിനി ശില്‍പ ജോയി ഇപ്പോഴും ഒളിവില്‍കഴിയുകയാണ്. നീതികിട്ടുമോ എന്നകാര്യത്തില്‍ ഒരു പ്രതീക്ഷയുമില്ലെന്ന് കുടുംബം പറയുന്നു. കേരളസര്‍ക്കാരും ഇവിടുത്തെ സന്നദ്ധസംഘടനകളുമെല്ലാം പറ്റാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ആദ്യഘട്ട സഹായമെന്ന നിലയില്‍ സര്‍ക്കാര്‍ നല്‍കിയ രണ്ടുലക്ഷം വലിയ ആശ്വാസമായി. അസുഖം ബേധംമായാല്‍ ജെഡിടി അധികൃതര്‍ തുടര്‍ പഠനവും പിന്നീട് ജോലിയുമെല്ലാം വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷെ ഇത്തരമൊരു കേസിലെ പ്രതികള്‍ രക്ഷപ്പെട്ടുപോയാല്‍ ഇതുപോലെ ഇനിയും അശ്വതിമാരുണ്ടാകുമെന്നത് ഞങ്ങളെ ഭയപ്പെടുത്തുന്നുണ്ടെന്ന് അമ്മാവന്‍ ചന്ദ്രന്‍ പറഞ്ഞു.
മെയ് ഒമ്പതിനു രാത്രിയിലായിരുന്നു അശ്വതിയുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവം നടന്നത്. കര്‍ണാടക കല്‍ബുര്‍ഗിയിലെ സ്വകാര്യ നഴ്‌സിങ് കോളജ് വിദ്യാര്‍ഥിനിയായ അശ്വതി ഹോസ്റ്റലില്‍ വച്ച് റാഗിങ്ങിന് ഇരയാവുകയായിരുന്നു. റാഗിങ്ങിന്‍റെ ഭാഗമായി ടോയ്‌ലറ്റ് ലായിനി അശ്വതിയുടെ വായിലേക്ക് നിര്‍ബന്ധിച്ച് ഒഴിച്ചതോടെ ബോധം നഷ്ടപ്പെട്ടു. അതിനിടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ഹോസ്റ്റലിലെ മറ്റു വിദ്യാര്‍ഥിനികള്‍ ആണ് അശ്വതിയെ കല്‍ബുര്‍ഗിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നാലു ദിവസം ഐസിയുവിലായിരുന്നു അശ്വതി. അവിടെനിന്നും മറ്റൊരു വിദ്യാര്‍ഥിനിക്കൊപ്പം അശ്വതിയെ കോളേജ് അധികൃതര്‍ നാട്ടിലേക്ക് അയക്കുകയായിരുന്നു. നാട്ടില്‍ എടപ്പാള്‍, തൃശ്ശൂര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ഫലമുണ്ടാവാഞ്ഞതിനെത്തുടര്‍ന്ന് ജൂണ്‍ രണ്ടിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുവന്നത്. കോഴിക്കോട്ട് ചികിത്സയിലിരിക്കെയാണ് അശ്വതിയുടെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ ലോകം അറിഞ്ഞത്.
നിര്‍ധന ദളിത് കുടുംബാംഗമായ അശ്വതി പീഡനം നടക്കുന്നതിന് അഞ്ചുമാസം മുമ്പാണ് നഴ്‌സിംഗിനു ചേര്‍ന്നത്. ക്ലാസ് ആരംഭിച്ചതു മുതല്‍ തന്നെ സീനിയര്‍ വിദ്യാര്‍ഥികള്‍ പീഡനം തുടങ്ങിയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കറുത്തവളെന്ന് വിളിച്ച് അപമാനിക്കുന്നതു പതിവായിരുന്നു. റാഗിങ്ങ് നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കോളജ് അധികൃതര്‍ അന്വേഷിച്ചില്ലെന്നും റാഗ് ചെയ്ത വിദ്യാര്‍ത്ഥികള്‍ കോളജില്‍ പഠനം തുടരുകയാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. നാലു ലക്ഷം രൂപ വായ്പയെടുത്ത് അതില്‍ നിന്നു 75,000രൂപ ഫീസടച്ചാണ് അശ്വതി കല്‍ബുര്‍ഗിയിലെ കോളേജില്‍ ചേര്‍ന്നത്.
This post was last modified on December 27, 2016 4:20 pm
Leave a Comment