X

ആര്‍ കെ നഗറില്‍ ആര്‍ക്കു പിന്തുണ? രജനികാന്ത് നിലപാട് വ്യക്തമാക്കി

ബിജെപി സ്ഥാനാര്‍ത്ഥി ഗംഗൈ അമരന്‍ രജനിയെ വീട്ടിലെത്തി കണ്ടിരുന്നു

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്ന ആര്‍ കെ നഗര്‍ മണ്ഡലം ദേശീയ ശ്രദ്ധയില്‍ വന്നു കഴിഞ്ഞു. എഐഎഡിഎം കെയില്‍ ഉണ്ടായ പൊട്ടിത്തെറി തമിഴ് രാഷ്ട്രീയത്തില്‍ എന്തൊക്കെ മാറ്റം കൊണ്ടുവരുമെന്നതാണ് ഈ ഉപതെരഞ്ഞെടുപ്പ് ഇത്രയേറെ ശ്രദ്ധ കൊണ്ടുവരുന്നത്. എഐഎ ഡിഎം കെയുടെ ടിടികെ ദിനകരന്‍, ബിജെപിയുടെ ഗംഗൈ അമരന്‍, തമിഴ്‌നടന്‍ ശരത് കുമാര്‍ എന്നിവര്‍ മത്സരരംഗത്തുണ്ട്.

തമിഴ്‌നാട്ടില്‍ നടക്കുന്ന ഏതു തെരഞ്ഞെടുപ്പിലുമെന്നപോലെ ആര്‍ കെ നഗറിലെ തെരഞ്ഞെടുപ്പിലും തമിഴര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നൊരു മറുപടിയുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ രജനികാന്ത് ആരെ പിന്തുണയ്ക്കും? ബിജെപി സ്ഥാനാര്‍ത്ഥിയും സംവിധായകനും സംഗീതജ്ഞനുമായ ഗംഗൈ അമരന്‍ കഴിഞ്ഞ ദിവസം രജനിയെ സന്ദര്‍ശിച്ചതിനു പിന്നാലെ ചില സംശയങ്ങളൊക്കെ ഉയര്‍ന്നിരുന്നു. രജനിക്ക് ബിജെപിയോട് ചെറിയ ചായ്‌വ് ഉണ്ടെന്ന സംസാരം ഈ കൂടിക്കാഴ്ചയ്ക്ക് പല അര്‍ത്ഥങ്ങളും ചമച്ചും. തമിഴ്‌നാട്ടില്‍ രജനിയെ ബിജെപിയുടെ മുഖമാക്കാന്‍ സാക്ഷാല്‍ മോദി തന്നെ തന്ത്രങ്ങള്‍ പയറ്റുന്നുണ്ടെന്നും വാര്‍ത്തകളുണ്ട്.

എന്നാല്‍ ഈ ഊഹാപോഹങ്ങള്‍ എല്ലാം അന്തരീക്ഷത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ രജനികാന്ത് ഈ തെരഞ്ഞെടുപ്പിലും താന്‍ സ്വീകരിക്കുന്ന നിലപാട് വ്യക്തമാക്കി രംഗത്തു വന്നു. ആരെയും താന്‍ പിന്തുണയ്ക്കുന്നില്ല എന്നാണു രജനി ട്വീറ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇതേ നിലപാടാണ് രജനി തുടര്‍ച്ചായായി സ്വീകരിച്ചു പോരുന്നതും. രജനിയുടെ ബിജെപി പ്രവേശനത്തെ നിരാകരിക്കുന്നതു കൂടിയാണ് അദ്ദേഹത്തിന്റെ ഈ നിലപാട്. അതേ സമയം തമിഴിലെ പലതാരങ്ങളും രജനിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകകൊണ്ട് തങ്ങളുടെ നിലപാടും എന്താണെന്നു വ്യക്തമാക്കുന്നുണ്ട്.