X

ഫുൾ കോർട്ട് വിളിക്കണം; ഗഗോയിയും ലോകൂറും ചീഫ് ജസ്റ്റിസിന് കത്തയച്ചു

ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ഗൗരവമേറിയ പ്രശ്നങ്ങൾ പൊതുജനസമക്ഷത്തിൽ വരുന്ന സന്ദർഭങ്ങളിലാണ് ഫുൾ കോർട്ട് വിളിക്കുക. ഇതിൽ എല്ലാ ജഡ്ജിമാരും ഉൾപ്പെടും.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് ഏഴ് പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ നോട്ടീസ് നൽകിയതിന്റെ പശ്ചാത്തലത്തിൽ, ഫുൾ കോർട്ട് വിളിക്കണമെന്നാവശ്യപ്പെട്ട് രണ്ട് കൊളീജിയം ജഡ്ജിമാർ ചീഫ് ജസ്റ്റിസ്സിന് കത്തയച്ചു. രഞ്ജൻ ഗഗോയ്, മദൻ ലോകൂർ എന്നീ ജഡ്ജിമാരാണ് കത്തയച്ചത്.

രണ്ടു വരികൾ മാത്രമുള്ള കത്തിൽ സ്ഥാപനപരമായ പ്രശ്നങ്ങളും സുപ്രീംകോടതിയുടെ ഭാവിയും ചർച്ച ചെയ്യുന്നതിന് ഫുൾ കോർട്ട് വിളിക്കണം എന്നു മാത്രമാണ് കുറിച്ചിട്ടുള്ളത്. സുപ്രീംകോടതിയുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങൾ രാജ്യം ചർച്ച ചെയ്യുന്ന സാഹചര്യത്തിലാണ് കൊളീജിയം ജഡ്ജിമാരുടെ ഗൗരമേറിയ ഈ നീക്കം.

ഒക്ടോബറിൽ ദീപക് മിശ്ര സ്ഥാനമൊഴിയുമ്പോൾ അടുത്ത ചീഫ് ജസ്റ്റിസ്സാകേണ്ടയാളാണ് കത്തയച്ചവരിലൊരാളായ രഞ്ജൻ ഗഗോയ്.

ചീഫ് ജസ്റ്റിസ് ഈ കത്തിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച എല്ലാ സുപ്രീംകോടതി ജഡ്ജിമാരും പങ്കെടുത്ത പ്രഭാത കൂടിക്കാഴ്ചയിൽ ഇക്കാര്യം ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ ഇതിനോട് നിഷേധാത്മക നിലപാടാണ് ദീപക് മിശ്ര എടുത്തതെന്ന് റിപ്പോർട്ടുണ്ട്.

ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ഗൗരവമേറിയ പ്രശ്നങ്ങൾ പൊതുജനസമക്ഷത്തിൽ വരുന്ന സന്ദർഭങ്ങളിലാണ് ഫുൾ കോർട്ട് വിളിക്കുക. ഇതിൽ എല്ലാ ജഡ്ജിമാരും ഉൾപ്പെടും.

സുപ്രീംകോടതിയിൽ അസാധാരണമായ ചിലത് നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കൊളീജിയത്തിലെ നാസ് ജഡ്ജിമാർ കോടതി നടപടികൾ നിറുത്തി വെച്ച് പത്രസമ്മേളനം വിളിച്ചതോടെയാണ് സംഭവങ്ങളെക്കുറിച്ച് ചർച്ചകൾ ശക്തമായത്. ജസ്റ്റിസ് ലോയ കേസിൽ അസാധാരണമായ നീക്കങ്ങളുണ്ടായെന്ന് അന്ന് ജഡ്ജിമാർ പറഞ്ഞു. പിന്നാലെ ജസ്റ്റിസ് കുര്യൻ ജോസഫ് കൊളീജിയം നിർദ്ദേശങ്ങൾ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിൽ ദീപക് മിശ്ര നിശ്ശബ്ദത പാലിക്കുന്നതിനെതിരെ രംഗത്തു വരികയുണ്ടായി.

This post was last modified on April 25, 2018 9:55 am