വരാണസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി പീഢിപ്പിക്കപ്പെട്ടു. ഏപ്രില്‍ 22ന് സര്‍വകലാശാല ക്യാമ്പസിന് അകത്തുവച്ച് അഞ്ച് പേര് ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഢിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
വിവരം അറിഞ്ഞ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഈ മാസം ഒന്നാം തീയതി മാത്രമാണ് പരാതി നല്കാന് പെണ്‍കുട്ടി തയ്യാറായത്. തന്നെയും സുഹൃത്തിനെയും ക്യാമ്പസിനുള്ളില്‍ വച്ച് അഞ്ച് പേര് ചേര്‍ന്ന് ആക്രമിച്ചതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നതായി പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും ലാപ്ടോപ്പും കളവ് പോയിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍ പെട്ടയുടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും വരാണസി എസ്പി ജോഗീന്ദര്‍ കുമാര്‍ അറിയിച്ചു.
ബനാറസ് സര്‍വകശാലയില്‍ ഗവേഷണം നടത്തുന്ന പെണ്‍കുട്ടി കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവിടെ തുടരുന്നുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു സംഭവം നടന്നതായി അറിയില്ലെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ആയൂര്‍വേദ വിഭാഗം തലവന്‍ പ്രൊഫസര്‍ ആനന്ദ് ചതുര്‍വേദി അറിയിച്ചു. എന്നാല്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
This post was last modified on December 27, 2016 3:10 pm