X

ഓണ വിപണി ലക്ഷ്യമിട്ട്‌ വിളവെടുക്കാനുള്ള ലക്ഷങ്ങളുടെ പച്ചക്കറി അജ്ഞാതര്‍ നശിപ്പിച്ചു

ഒന്നര ഏക്കറോളം സ്ഥലത്ത് പടവലവും ഒരേക്കര്‍ സ്ഥലത്ത് പാവലുവുമായിരുന്നു പിരപ്പന്‍കോട് സ്വദേശി കൃഷി ചെയ്തിരുന്നത്

തിരുവനന്തപുരം പിരപ്പന്‍കോട് വിളവെടുക്കാന്‍ പാകമായ ലക്ഷങ്ങളുടെ പച്ചക്കറി അജ്ഞാതര്‍ നശിപ്പിച്ചു. പ്ലാക്കീഴ് ഷിജിഭവനില്‍ പ്രസന്ന കുമാര്‍പാട്ടത്തിനെടുത്ത പാടത്തെ കൃഷിയാണ് നശിപ്പിച്ചത്. ഓണ വിപണി ലക്ഷ്യമാക്കി ഒന്നര ഏക്കറോളം സ്ഥലത്ത് പടവലവും ഒരേക്കര്‍ സ്ഥലത്ത് പാവലുമായിരുന്നു പ്രസന്നകുമാര്‍ കൃഷി ചെയ്തിരുന്നത്. പാല്‍ കറവ തൊഴിലാളിയായ ഇദ്ദേഹം ഇന്നലെ വെളുപ്പിനെ പാല്‍ കറക്കാന്‍ പോകുമ്പോഴാണ് പടവല കൃഷിയുടെ പന്തല്‍ തകര്‍ന്ന് കിടക്കുന്നത് കണ്ട് മകന്‍ ഷൈജുവിനെ വിവരമറിയിച്ചിട്ട് ജോലിക്ക് പോയി. തിരിച്ച് വന്നപ്പോഴാണ് കൃഷി മുഴുവന്‍ മന:പൂര്‍വം നശിപ്പിച്ചിരിക്കുകായാണെന്ന വിവരമറിയുന്നത്.

തൂണുകള്‍ കുഴിച്ചിട്ട് കമ്പി വലിച്ച് വിരിച്ചിട്ടാണ് പച്ചക്കറയ്ക്കുവേണ്ടി പന്തല്‍ ഒരുക്കിയിരുന്നത്. കട്ടര്‍ ഉപയോഗിച്ച് കമ്പി മുറിച്ചാണ് ഈ പന്തല്‍ മുഴുവനോടെ നശിപ്പിച്ചത്. അര കിലോ മീറ്റര്‍ അകലത്തില്‍ പാട്ടത്തിനെടുത്ത മൂന്ന് പാടങ്ങളിലാണ് പ്രസന്ന കുമാര്‍ കൃഷി ഇറക്കിയിരുന്നത്. ഈ കൃഷിയിടങ്ങളുടെ അടുത്ത് മറ്റ് ആളുകളുടെയും കൃഷികളുണ്ട്. എന്നാല്‍ നശിപ്പിക്കപ്പെട്ടത് പ്രസന്ന കുമാറിന്റെ കൃഷിയിടങ്ങള്‍ മാത്രമാണ്.

പൂര്‍ണമായും കര്‍ഷക കുടുംബമാണ് പ്രസന്നകുമാറിന്റെത് ഭാര്യ ലതികയും മകന്‍ ഷൈജുവും മുഴുവന്‍ സമയ കര്‍ഷകരാണ്. ഓണത്തിന് ഏകദ്ദേശം മൂന്ന് ലക്ഷം രൂപയുടെ വിളവെടുക്കാനുണ്ടായിരുന്ന കൃഷിയാണ് നശിപ്പിക്കപ്പെട്ടത്. കൂടാതെ വരുമാസങ്ങളിലും ലഭിക്കാവുന്ന വിളവുകളും ഇതോടെ ഇല്ലാതായി.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. പരാതി നല്‍കിയ അടിസ്ഥാനത്തില്‍ വെഞ്ഞാറമൂടി പോലീസ് കേസെടുത്തിട്ടുണ്ട്. പച്ചക്കറി പാടത്ത് പഞ്ചായത്ത് അധികൃതരും കൃഷി ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചിരുന്നു. അധികൃതരോടെ നിയമനടപടികള്‍ കൈകൊള്ളുവാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കി.

This post was last modified on August 29, 2017 8:40 am