X

ജമ്മുവിലെ അഞ്ച് ജില്ലകളില്‍ മൊബൈല്‍ സേവനം പുനരാരംഭിച്ചു, കാശ്മിരില്‍ ഭാഗികമായി ടെലിഫോണ്‍ നിയന്ത്രണത്തില്‍ ഇളവ്

സർക്കാർ ഓഫീസുകളിൽ പ്രവർത്തനം സാധാരണ നിലയിൽ ആയി തുടങ്ങിയതായി അധികൃതർ

കഴിഞ്ഞ 13 ദിവസമായി വിനിമയ സംവിധാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തില്‍ ഭാഗികമായി ഇളവുവരുത്തി. ജമ്മുവിലെ ചില ജില്ലകളില്‍ മൊബൈല്‍ സേവനം പുനരാരംഭിച്ചപ്പോള്‍ കാശ്മീര്‍ താഴ് വരയിലെ ചില പ്രദേശങ്ങളില്‍ ടെലിഫോണ്‍ ബന്ധവും ആരംഭിച്ചു.

കാശ്മീരിലെ 17 ടെലിഫോണ്‍ അതിര്‍ത്തികളിലാണ് ലാന്റ് ഫോണുകള്‍ പുനഃസ്ഥാപിച്ചത്.
ജമ്മുവിലെ അഞ്ച് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ പുനഃസ്ഥാപിച്ചു. ജമ്മുവിലെയും കാശ്മീരിലെയും സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചതായും ഔദ്യോഗിക വക്താവ് അറിയിച്ചു. സ്‌കൂളുകളുകള്‍ അടുത്ത ആഴ്ചമുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി ബിവിആര്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. കാശ്മീരിലെ സ്ഥിതിഗതികള്‍ ദിനംപ്രതി വിലയിരുത്തിയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ഈ മാസം നാലാം തീയതി മുതലാണ് ജമ്മുവിലും കാശ്മീരിലും സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. വിനിമയ ബന്ധങ്ങള്‍ പൂര്‍ണമായും വിച്ഛേദിക്കുകയും  നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ജമ്മു കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയുകയും സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തുകൊണ്ടുള്ള തീരുമാനം ഈ മാസം അഞ്ചാം തീയതിയാണ് സര്‍ക്കാര്‍ കൈകൊണ്ടത്.

കാശ്മീരിലെ മുഖ്യധാര രാഷ്ട്രീയ നേതാക്കളെ അടക്കം 800 ലധികം പേര്‍ തടവിലാണ്. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുളള, ഉമര്‍ അബ്ദുള്ള, മെഹ്ബുബ മുഫ്തി എന്നിവരും അറസ്റ്റിലാണ്. ഇന്നലെ വാര്‍ത്ത സമ്മേളനം നടത്തുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു.

കാശ്മീരിന്റെ അവകാശങ്ങള്‍ എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ പ്രകടനങ്ങള്‍ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.കാശ്മീര്‍ വിഷയം കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി ചര്‍ച്ച ചെയ്തിരുന്നു.

Also Read- മാധ്യമമേലാളന്മാരേ, ക്യാമ്പിലേക്ക് അരിയെത്തിക്കാന്‍ ഓട്ടോക്കൂലിക്ക് 70 രൂപ കൊടുക്കാനില്ലാതെ പോയ ഓമനക്കുട്ടനെക്കുറിച്ച് എന്തുകൊണ്ട് നിങ്ങളോര്‍ത്തില്ല?