X

കൃത്രിമ കാലുമായി ദുരിതാശ്വാസ ക്യാമ്പിലെ പ്രവര്‍ത്തനം, ശ്യാം കുമാറിന്റെ ചികില്‍സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ കെ ശൈലജ

ഈ ശാരീരിക ക്ലേശങ്ങള്‍ക്കിടയിലും ശ്യാം സൈക്ലിംഗ് നടത്തുമെന്നതും എന്നെ ഏറെ വിസ്മയിപ്പിച്ചു.

കൃത്രിമ കാലുമായി ദുരിതാശ്വാസ ക്യാംപുകളില്‍ സഹായമെത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത ശ്യാംകുമാറിന്റെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കൃത്രിമ കാലുപയോഗിച്ച് ദുരിതാശ്വാസ ക്യാംപുകളിലേക്ക് അവശ്യസാധനങ്ങള്‍ കയറ്റി അയക്കുന്ന എംജി കോളേജിലെ വിദ്യാര്‍ഥിയെ സോഷ്യല്‍ മീഡിയയിലൂടെയാണ് അറിഞ്ഞതെന്നും, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കിഡ്‌നി സംബന്ധമായ ഗുരുതര രോഗത്തിന് ചികിത്സ തേടുന്ന ആ ചെറുപ്പകാരനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി അപ്പോള്‍ തന്നെ ശ്യാമിനെ ചികിത്സിക്കുന്ന ഡോക്ടറുമായി ബന്ധപ്പെടുകയും ചികിത്സാകാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തുവെന്നും മന്ത്രി പറയുന്നു.

തിരുവനന്തപുരം എം.ജി.കോളേജിലെ സൈക്കോളജി ബിരുദ വിദ്യാര്‍ത്ഥിയാണ് ശ്യാം. ശ്യാമിന്റെ വലത് കാല്‍ കൃത്രിമ കാലാണ്. ഡയാലിസിസ് നടത്തുന്നതിനായി കൈയില്‍ എ.വി ഫിസ്റ്റുല ഘടിപ്പിച്ചിട്ടുണ്ട്. രണ്ടു മണിക്കൂര്‍ ഇടവിട്ട് ട്യൂബിട്ട് മൂത്രം എടുക്കണം. പതിനാല് ശസ്ത്രക്രിയകള്‍ക്കും ഈ പ്രായത്തിനിടയില്‍ ശ്യാം വിധേയനായി. ശരീരിക അവശതകള്‍ വിലവയ്ക്കാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ശ്യാം.

രോഗവിവരങ്ങളെക്കുറിച്ച് ഡോക്ടറുമായി സംസാരിച്ചു എന്നും ശ്യാമിന്റെ എല്ലാ ചികിത്സയും സൗജന്യമായി നല്‍കുവാന്‍ ഡോക്ടറോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ശസ്ത്രക്രിയ ആവശ്യമായി വരുന്ന സാഹചര്യത്തില്‍ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുകയും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കെ.കെ.ശൈലജ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ശ്യാമിനെ ചികിത്സിക്കുന്ന ഡോക്ടറുടെ വാക്കുകള്‍ തന്നെ അതിശയിപ്പിച്ചതായി മന്ത്രി പറഞ്ഞു. വളരെയധികം ആവേശത്തോടു കൂടിയാണ് ഡോക്ടര്‍ ശ്യാമിനെ കുറിച്ച് പറഞ്ഞു നിര്‍ത്തിയത്. ഈ ശാരീരിക ക്ലേശങ്ങള്‍ക്കിടയിലും ശ്യാം സൈക്ലിങ് നടത്തുമെന്നത് ഏറെ വിസ്മയിപ്പിച്ചു. തികഞ്ഞ ഇച്ഛാശക്തിയാണ് ശ്യാമിന്റെ പ്രത്യേകത. അത് തന്നെയാണ് ശ്യാമിന്റെ കരുത്തെന്നും മന്ത്രി കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കൃത്രിമ കാലുപയോഗിച്ച് തന്നാലാവും വിധം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യസാധനങ്ങള്‍ കയറ്റി അയക്കുന്ന ശ്യാംകുമാറെന്ന എം.ജി കോളേജ് വിദ്യാര്‍ഥിയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയാന്‍ സാധിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കിഡ്‌നി സംബന്ധമായ ഗുരുതര രോഗത്തിന് ചികിത്സ തേടുന്ന ആ ചെറുപ്പകാരനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി അപ്പോള്‍ തന്നെ ശ്യാമിനെ ചികിത്സിക്കുന്ന ഡോക്ടറുമായി ബന്ധപ്പെടുകയും ചികിത്സാകാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

എന്നെ ഏറ്റവും കൂടുതല്‍ അമ്പരപ്പിച്ചത് ശ്യാംകുമാറിനെ ചികിത്സിക്കുന്ന ഡോക്ടറുടെ വാക്കുകളായിരുന്നു. ഡോക്ടറുടെ വാക്കുകള്‍ ഇങ്ങനെ

‘ശ്യാംകുമാര്‍ എന്നെ എന്നും അതിശയിപ്പിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരനാണ്. ഇത്രയും പോസിറ്റീവ് ആയ ഒരു രോഗിയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. മറ്റു രോഗികളോട് ഇടപഴകും പോലെയല്ല ശ്യാംകുമാറിനോട് സംസാരിക്കുമ്പോള്‍, ആ ചെറുപ്പക്കാരന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മറ്റുള്ളവര്‍ക്ക് മാതൃകയാണ്. ശരിക്കും ഒരു ഡോക്ടറെന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ട്’.

വളരെയധികം ആവേശത്തോടു കൂടിയാണ് ഡോക്ടര്‍ ശ്യാമിനെ കുറിച്ച് പറഞ്ഞു നിര്‍ത്തിയത്. ഈ ശാരീരിക ക്ലേശങ്ങള്‍ക്കിടയിലും ശ്യാം സൈക്ലിംഗ് നടത്തുമെന്നതും എന്നെ ഏറെ വിസ്മയിപ്പിച്ചു. തികഞ്ഞ ഇച്ഛാശക്തിയാണ് ശ്യാമിന്റെ പ്രത്യേകത. അത് തന്നെയാണ് ഈ ചെറുപ്പക്കാരന്റെ കരുത്തും എന്ന് മനസിലാക്കാന്‍ സാധിച്ചു.

രോഗവിവരങ്ങളെക്കുറിച്ച് ഏറെനേരം ഡോക്ടറുമായി സംസാരിച്ചു. ശ്യാമിന്റെ എല്ലാ ചികിത്സയും സൗജന്യമായി നല്‍കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമായി വരുന്ന സാഹചര്യത്തില്‍ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുകയും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ശ്യാമിന്റെ രോഗം എത്രയും പെട്ടെന്ന് ഭേദമാവട്ടെയെന്നും, ഇനിയും കൂടുതല്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവാന്‍ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ആശംസിക്കുന്നു.

സിപിഐ മാർച്ചിനെതിരായ ലാത്തിചാര്‍ജ്: പൊലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഡിജിപി, സർക്കാർ തീരുമാനം കാത്തിരിക്കുന്നെന്ന് എല്‍ദോ എബ്രഹാം എംഎൽഎ

This post was last modified on August 17, 2019 11:41 am