X

മിലിട്ടറി മോഡല്‍ ബുള്ളറ്റുമായി റോയല്‍ എന്‍ഫീല്‍ഡ്

രഘു സക്കറിയാസ്‌

ഇരുചക്രവാഹനങ്ങളിലെ തങ്ങളുടെ മഹത്തായ പാരമ്പര്യത്തെ അനുസ്മരിച്ചുകൊണ്ടു റോയല്‍ എന്‍ഫീല്‍ഡ് അവരുടെ ഡെസ്പ്പാച്ച് റൈഡര്‍ (Despatch rider) എന്ന ശ്രേണിയിലുള്ള സവാരി വസ്ത്രങ്ങളും ഉപകരണങ്ങളും ഒരു പുതിയ പെയിന്റ് മാതൃകയും അവരുടെ ക്ലാസ്സിക് 500 മോട്ടോര്‍ സൈക്കിളില്‍ കൊണ്ടുവരുന്നു.

ഒന്നാംലോകമഹായുദ്ധകാലത്തെ സന്ദേശവാഹകരായ ഡെസ്പ്പാച്ച് റൈഡര്‍മാരോടുള്ള ആദരസൂചകമായാണ് കമ്പനി ഇങ്ങനെ ഒരു പേര് തെരഞ്ഞടുത്തത്. ഒന്നാം ലോക മഹായുദ്ധകാലത്ത് ഹെഡ് ക്വാര്‍ട്ടേഴ്‌സുകളില്‍ നിന്നും മിലിട്ടറി യൂണിറ്റുകളിലേക്ക് സന്ദേശം എത്തിച്ചിരുന്നവരായിരുന്നു ഡെസ്പ്പാച്ച് റൈഡര്‍മാര്‍.

ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങിലാണ് റോയല്‍ എന്‍ഫീല്‍ഡ് അവരുടെ മിലിട്ടറി മോഡല്‍ ബുള്ളറ്റുകളും ഉത്പ്പന്നങ്ങളും വിപണിയില്‍ അവതരിപ്പിച്ചത്. വളരെ മിതമായ എണ്ണത്തില്‍ മാത്രം ആദ്യം പുറത്തിറക്കുന്ന ഈ കരുത്തന്മാരെ ഓണ്‍ലൈനിലൂടെ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ.

റോയല്‍ എന്‍ഫീല്‍ഡ് വെബ്‌സൈറ്റില്‍ പോയി http://store.royalenfield.com/pages/despatch നിങ്ങളുടെ ഇമെയില്‍ അഡ്രസ് നല്‍കി കാത്തിരിക്കുക തന്നെ വേണം ഇതില്‍ ഒരെണ്ണം സ്വന്തമാക്കാന്‍. ബുക്കിംഗ് ജൂലായ് 15-നാണു ആരംഭിക്കുന്നത്.

അറുപതു വര്‍ഷത്തില്‍ കൂടുതലായി ഇന്ത്യന്‍ നിരത്തുകളില്‍ തിളങ്ങിയോടുന്ന റോയല്‍ എന്‍ഫീല്‍ഡ് അവരുടെ സാഹസികരായ ഉപഭോക്താക്കള്‍ക്കുവേണ്ടി അവരുടെ തന്നെ വേഷങ്ങളും മറ്റു റൈഡിംഗ് ഉപകരണങ്ങളും കൂടുതലായി പുറത്തിറക്കി സുഗമവും ഒപ്പം സുരഷിതവുമായ യാത്ര വാഗ്ദാനം ചെയ്യുന്നു.

രണ്ടുനിറങ്ങളിലാണ് പുതിയ ഡെസ്പാച്ച് 500 സി സി ലിമിറ്റഡ് എഡിഷന്‍ ബൈക്കുകള്‍ ഇന്ത്യയില്‍ ലഭിക്കുക. Desert storm Despatch എന്ന തവിട്ടും Squadron Blue Despatch എന്ന നീലനിറവുമാണിവ. ആളുകളെ കുറച്ചൊന്നു വിഷമിപ്പിക്കാന്‍ സാധ്യതയുള്ള കാര്യം Battle Green Despatch എന്ന മിലിട്ടറി പച്ച നിറം ആഭ്യന്തര വിപണിയില്‍ മാത്രമാവും ലഭിക്കുക എന്നുള്ളതും ഓരോ നിറത്തിലും 200 ബുള്ളറ്റ് മാത്രമേ ഇറങ്ങൂ എന്നുള്ളതും ആവും. ഈ മോഡലുകളിലെ പെയിന്റ് വര്‍ക്കുകള്‍ വരുന്നത് മാറ്റ് ഫിനിഷിനോടൊപ്പം Camouflage ഡിസൈനിലായിരിക്കും. കൈകള്‍ കൊണ്ടുതന്നെ ചെയ്യുന്ന വ്യത്യസ്തമായ ഫിലിം ട്രാന്‍സ്ഫര്‍ ടെക്‌നിക് ആണ് ഈ ഡിസൈനിനു വേണ്ടി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്ക്ക് ലഭിക്കുന്ന ഒരു ബൈക്ക് പോലെ മറ്റൊന്ന് ഉണ്ടാകാന്‍ സാധ്യതയില്ല എന്നതാണ് ഈ ലിമിറ്റഡ് എഡിഷന്റെ പ്രത്യേകത.

ഇറ്റാലിയന്‍ ലെതര്‍ ഉപയോഗിച്ച് നിര്‍മിച്ച സീറ്റുകള്‍ ആവും വാഹനത്തില്‍ ഉണ്ടാകുക, പരമ്പരാഗത ലെതര്‍ ബാക്കില്‍ സ്ട്രാപ്പുകള്‍ ഉപയോഗിച്ച് എയര്‍ ഫില്‍റ്റര്‍ ഭംഗിയാക്കിയിരിക്കുന്നു. എഞ്ചിനും സൈലന്‍്‌സറും മാറ്റ് ബ്ലാക്കിലാവും ലഭ്യമാവുക.

ലോക വിപണിയില്‍ 114 വര്‍ഷത്തെ പാരമ്പര്യം ഉള്ള എന്‍ഫീല്‍ഡ് കമ്പനിയിലേക്ക് മുന്‍ ഡ്യുക്കാറ്റി ഡിസൈനര്‍ പിയര്‍ ടെര്‍ബ്ലാഞ്ച് കൂടി എത്തിയ ഈ സാഹചര്യത്തില്‍ ഇനിയും കൂടുതല്‍ അത്ഭുതങ്ങള്‍ നമുക്ക് പ്രതീക്ഷിക്കുകയുമാവാം.


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക