X

ക്രൊയേഷ്യ ഫൈനലിലെത്തിയതിൽ സന്തോഷിക്കാത്ത ഒരേയൊരു ക്രൊയേഷ്യക്കാരൻ!

നൈജീരിയക്കെതിരായ മത്സരത്തിൽ പകരക്കരനായി ഇറങ്ങാൻ താരം വിസ്സമ്മതിച്ചതോടെയാണ് താരത്തെ ടീമിൽ നിന്ന് പുറത്താക്കിയത്.

റഷ്യൻ ലോകകപ്പിന്റെ സെമി ഫൈനലിൽ ഇംഗ്ലീഷുകാരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തറ പറ്റിച്ചു ക്രൊയേഷ്യ എന്ന കുഞ്ഞൻ രാജ്യം ഫൈനലിലേക്ക് പ്രവേശിച്ച രാത്രി അക്ഷരാർത്ഥത്തിൽ ആ ജനതയുടെ ഉത്സവം ആയി മാറി, ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഇതിനോടകം ലോക മാധ്യമങ്ങളുടെ ശ്രദ്ധ കേന്ദ്രം ആയി മാറിയ ക്രൊയേഷ്യൻ പ്രസിഡന്റ് കൊളിന്ദ ഗ്രബാര്‍ കിറ്ററോവിച്. എന്നാൽ ക്രൊയേഷ്യയുടെ ഈ നേട്ടത്തിൽ സന്തോഷിക്കാൻ യോഗം ഇല്ലാത്ത ഒരു ക്രൊയേഷ്യക്കാരൻ ഉണ്ട് ? !

നൈജീരിയ – ക്രൊയേഷ്യ മത്സരത്തിനിടെ പകരക്കാരനായി ഇറങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് നാട്ടിലേക്ക് തിരിച്ചയച്ച ക്രൊയേഷ്യൻ താരം നിക്കോള കാലിനിച്ച് ആണ് ആ ഹതഭാഗ്യൻ. നൈജീരിയക്കെതിരായ മത്സരത്തിൽ പകരക്കരനായി ഇറങ്ങാൻ താരം വിസ്സമ്മതിച്ചതോടെയാണ് താരത്തെ ടീമിൽ നിന്ന് പുറത്താക്കിയത്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ പകരക്കാരനായി ഇറങ്ങാൻ ചോദിച്ച സമയത്ത് പരിക്ക് ആണെന്ന് താരം പറഞ്ഞത് കോച്ചിനെ ചൊടിപ്പിക്കുകയും ടീമിൽ നിന്നും പുറത്താക്കുകയുമായിരുന്നു.

ക്രൊയേഷ്യ ഫൈനലിലെത്തിയതിൽ സന്തോഷിക്കാത്ത ഒരേയൊരു ക്രൊയേഷ്യക്കാരൻ കാലിനിച്ചായിരിക്കും എന്ന് സോഷ്യൽ മീഡിയ പറയുന്നു. “ഡോണ്ട് ബി ലൈക് കാലിനിച്ച്” എന്ന ഹാഷ് ടാഗിൽ താരത്തിനെതിരെ വൻ ട്രോൾ മഴയാണ് സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നത്.ക്രൊയേഷ്യൻ ടീം തങ്ങളുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ലോകകപ്പ് കളിക്കുമ്പോൾ കാലിനിച്ചിന് ആ ഫൈനൽ വീട്ടിൽ ഇരുന്നു കാണേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്, നിലവിൽ മിലാൻ താരമായ കാലിനിച്ച് ക്രൊയേഷ്യക്ക് വേണ്ടി 41 മത്സരങ്ങളിൽ നിന്നായി 15 ഗോളുകൾ നേടിയിട്ടുണ്ട്.

This post was last modified on July 14, 2018 8:32 am