X

80 വര്‍ഷത്തെ ചരിത്രം വഴിമാറുന്നു; ജര്‍മ്മനി ആദ്യ റൌണ്ടില്‍ പുറത്ത്

 ഗ്രൂപ് എഫിൽ നിന്ന് കൊറിയയും ജർമനിയും പുറത്തേക്ക്, മെക്സിക്കോ, സ്വീഡൻ ടീമുകൾ പ്രീ ക്വാർട്ടറിലേക്ക്.

ഫ്രാൻസിനും, സ്പെയിനിനും പിന്നാലെ മുൻ ലോക ചാമ്പ്യന്മാർ ആദ്യ റൗണ്ടിൽ പുറത്താകുന്ന ശീലത്തിന് ജർമനിയുടെ ഐക്യദാർഢ്യം.  റഷ്യൻ ലോകകപ്പിൽ നിന്ന് ജർമനി ആദ്യ റൗണ്ടിൽ പുറത്ത്. 80 വര്‍ഷത്തെ ചരിത്രമാണ് ഇവിടെ വഴി മാറുന്നത്. 1938ലാണ് ഇതിന് മുന്‍പ് ജര്‍മ്മനി ആദ്യ റൌണ്ടില്‍ പുറത്തായത്.

ജയം ലക്ഷ്യമിട്ടു ഇറങ്ങിയ അവസാന മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് ജർമൻ പടയെ കൊറിയ അട്ടിമറിച്ചത്.ഗ്രൂപ്പ് എഫിലെ ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ മെക്സികോയെ അട്ടിമറിച്ചു കൊണ്ട് സ്വീഡൻ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു, തോറ്റെങ്കിലും ആറ് പോയിന്റുമായി മെക്സിക്കോയും പ്രീ ക്വാർട്ടറിൽ കടന്നു കൂടി.

1990ന് ശേഷം ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ അവസാന മത്സരങ്ങളിലും ജര്‍മനി ജയിച്ചിട്ടുണ്ട്‌. ഈ ആത്മവിശ്വാസത്തിലാണ് ചാമ്പ്യന്മാർ ഏഷ്യൻ പ്രതിനിധികളായ കൊറിയക്കെതിരെ നിർണായക മത്സരത്തിൽ പന്ത് തട്ടി തുടങ്ങിയത്. സ്വീഡനെതിരെ കളിച്ച ടീമിൽ നിന്നും അഞ്ചു മാറ്റങ്ങളുമായാണ് ജർമനി ഇറങ്ങിയത്. ആദ്യ മിനിറ്റുകളിൽ തന്നെ ടോണി ക്രൂസിന്റെ നേതൃത്വത്തിൽ കൊറിയൻ ഗോൾ മുഖത്തേക്ക് നീക്കങ്ങൾ ആരംഭിച്ചു, കളിയുടെ 11 മിനുട്ടിൽ ജര്‍മനിക്ക് അനുകൂലമായ ഫ്രീ കിക്ക്, ടോണി ക്രൂസ് എടുത്ത കിക്ക്‌ കൊറിയൻ ഡിഫൻഡർമാർ പ്രതിരോധിച്ചു.

ഏഷ്യൻ രാജ്യങ്ങൾക്കെതിരെ മികച്ച ട്രാക് റെക്കോഡ് ഉള്ള ജർമനിയുടെ പതിവ് വിദ്യകളൊന്നും പക്ഷെ കൊറിയൻ പടക്കെതിരെ ചിലവായില്ല. പരുക്കൻ അടവുകൾ അടക്കം പ്രയോഗിച്ചു കൊറിയൻ പ്രതിരോധ നിര ക്രൂസിനെയും സംഘത്തിനേയും നേരിട്ടു മത്സരം മുപ്പതു മിനുട്ട് തികയും മുൻപ് രണ്ടു കൊറിയൻ താരങ്ങൾക്കു മഞ്ഞക്കാർഡ് കിട്ടി.ഇതിനിടെ ചില ഒറ്റപ്പെട്ട കൗണ്ടറുകളും കൊറിയ നടത്തി. മത്സരത്തിന്റെ 40 ,42 മിനിറ്റുകളിൽ യഥാക്രമം ഹമ്മൽസിന്റെയും, വെര്ണരുടെയും ഷോട്ടുകൾ കൊറിയൻ ഗോളി തടഞ്ഞിട്ടു. ബോൾ പൊസഷനിൽ മേധാവിത്തം പുലർത്തിയെങ്കിലും ജർമനിക്കു ആദ്യ പകുതിയിൽ ഗോൾ നേടാനായില്ല.
സ്‌കോർ ജർമനി 0 – 0 കൊറിയ.

ജർമനിക്കു വേണ്ടി ഗോരെട്‌സ്‌കയുടെ തകർപ്പൻ ഹെഡറോട് കൂടി ആണ് രണ്ടാം പകുതി ആരംഭിച്ചത്, പക്ഷെ ഇത്തവണയും കൊറിയന്‍ ഗോളി ചോ ഹ്യൂന്‍ ഹോ വില്ലനായി. മെക്സിക്കോക്കെതിരെ സ്വീഡൻ ഗോൾ നേടിയ വാർത്ത അറിഞ്ഞിട്ടായിരിക്കണം ജർമനി ആക്രമണത്തിന് മൂർച്ച കൂട്ടി, ഗോര്‍ട്‌സ്‌കെയ്ക്ക് പകരം മുള്ളറെ ഇറക്കി, മൽസാരത്തിന് 70 മിനുട്ട് പ്രായം ബോക്‌സിനുള്ളില്‍ മരിയോ ഗോമസിന്റെ ഹെഡ്ഡര്‍ കൊറിയൻ ഗോളിയുടെ കൈകളിലേക്ക്. ഗോളിനായി പരമാവധി ശ്രമങ്ങൾ ജർമനി നടത്തിയെങ്കിലും ഫലം കണ്ടില്ല. 88 മിനുട്ടിൽ ഓസിലിന്റെ ക്രോസില്‍ ഹമ്മല്‍സിന്റെ ഹെഡർ പുറത്തേക്ക്. മുഴുവൻ സമയവും കഴിഞ്ഞു മത്സരം എക്സ്ട്രാ ടൈമിലേക്കു, എക്സ്ട്രാ ടൈമിന്റെ രണ്ടാം മിനുട്ടിൽ കിം യൗങ് കൊറിയക്കു വേണ്ടി വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു, വാറിന്റെ സഹായം തേടിയപ്പോൾ തന്നെ ജർമൻ ആരാധകർ അപകടം ഉറപ്പിച്ചു, വാറില്‍ കൊറിയക്ക് അനുകൂലമായ വിധി; ദക്ഷിണ കൊറിയക്ക് ഗോള്‍. അവസാന നിമിഷത്തിൽ ഏഷ്യൻ പടയ്ക്കു അട്ടിമറി ജയം. സ്‌കോർ ജർമനി 0 – കൊറിയ 2. ഗ്രൂപ് എഫിൽ നിന്ന് കൊറിയയും ജർമനിയും പുറത്തേക്ക്, മെക്സിക്കോ, സ്വീഡൻ ടീമുകൾ പ്രീ ക്വാർട്ടറിലേക്ക്.

This post was last modified on June 27, 2018 10:25 pm