X

ലിനറ്റിനെയും ജോമോനെയുമെല്ലാം തെരുവിലേക്കിറക്കി വിടുന്ന സര്‍ഫാസി നിയമം

അനീബ് പി

വലിയ അല്ലലൊന്നുമില്ലാത്ത ഒരു സാധാരണ കുടുംബജീവിതമായിരുന്നു വൈപ്പിന്‍ സ്വദേശി ലിനറ്റിന്റേത്. ഭര്‍ത്താവ് ജയിന്‍ ബാബുവിന് സി.ഡി ഷോപ്പില്‍ നിന്നു കിട്ടുന്ന വരുമാനകൊണ്ട് രണ്ടു കുട്ടികളുള്ള ആ കുടുംബത്തിന് അത്യാവശ്യം ജീവിച്ചുപോകാം. ആയിടെയാണ് ഋഷിരാജ് സിംഗിന്റെ 2009ലെ ”വ്യാജ സി.ഡി”വേട്ട ആരംഭിച്ചത്. വേട്ടയുടെ മറവില്‍ സാങ്കേതിക പ്രശ്‌നങ്ങളില്‍പ്പെട്ട് കേരളത്തിലാകമാനം ആയിരക്കണക്കിന് സി.ഡി കടകള്‍ പൂട്ടിപോയി. അതിലൊന്നായിരുന്നു ലിനറ്റിന്റെ കുടുംബത്തിന്റേത്. ജീവിതമാര്‍ഗം അടഞ്ഞു പോയതോടെ കുടുംബം സ്വാഭാവികമായും സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. സിഡി കട പൂട്ടിയതുപോലെ ജീവിതത്തിന് ഷട്ടറിടാന്‍ പറ്റില്ലല്ലോ. ജീവിതച്ചെലവുകള്‍ കണ്ടെത്താനായി പ്രദേശവാസികളായ വിപിന്‍, പ്രസന്നകുമാര്‍ എന്നിവരില്‍ നിന്ന് ഒരു ലക്ഷം രൂപ പലിശക്കു കടമെടുത്തു. വിചാരിച്ചതുപോലെ കടം കൊടുത്തുതീര്‍ക്കാനായില്ല. കൊടുത്ത പൈസക്ക് പലിശക്കാര്‍ വീടു കയറിയിറങ്ങിയതോടെ ഉണ്ടായിരുന്ന സൈ്വര്യം നഷ്ടപ്പെട്ടു. നാളുകള്‍ ചെന്നപ്പോള്‍ ചെലവും കടവും കൂടിയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. 

ദുരിതകങ്ങളുടെ ആ ദിവസങ്ങളിലൊന്നില്‍ വല്ലാര്‍പാടം പള്ളിയിലേക്ക് പോയി. കഷ്ടകാലത്ത് ദൈവമല്ലാതെ പിന്നെ ആരാണ് തുണ? പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മാതാവിനോട് കരളുരുകി പ്രാര്‍ത്ഥിച്ചു. പുറത്തിറങ്ങി വരുമ്പോളാണ് പള്ളിക്കു മുന്നിലെ പരസ്യബോര്‍ഡ് കണ്ടത്. ”പ്രോപ്പര്‍ട്ടി ലോണ്‍, കടമുള്ളവര്‍ വിഷമിക്കണ്ട. വസ്തു ഈടിന്‍ന്മേല്‍ ദിവസങ്ങള്‍ക്കകം ലോണ്‍ ശരിയാക്കി നല്‍കുന്നതിന് സമീപിക്കുക”. വല്ലാര്‍പാടം മാതാവിന്റെ സഹായമാണെന്നു കരുതിയാണ് പരസ്യത്തിലെ നമ്പറില്‍ ബന്ധപ്പെട്ടത്. എടുത്തത് എ.എല്‍ ബാബുരാജ് എന്നയാളാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടപ്പോഴാണ് ചെകുത്താന്റെ പ്രവര്‍ത്തനമാണ് നടന്നതെന്നു മനസിലായത്” -എറണാകുളം സെക്രട്ടറിയേറ്റിന് മൂന്നില്‍ സര്‍ഫാസി ബാങ്ക്, ജപ്തി വഞ്ചനക്കെതിരായ സമരസമിതി, ബ്ലേഡ് ബാങ്ക് ജപ്തി വിരുദ്ധ സമര സമിതി എന്നിവര്‍ നടത്തുന്ന സമരത്തിലെ പങ്കാളിയായ ലിനറ്റ് പറയുന്നു.

വ്യാപകമായ തട്ടിപ്പുസംഘങ്ങള്‍
ഒരു ലക്ഷം വായ്പ എടുത്താല്‍ തിരിച്ചടക്കുമെന്ന് ഉറപ്പുവരുത്താനായി ബാബുരാജ് ആധാരം ആവശ്യപ്പെട്ടു. തുടര്‍ന്ന്, ഫെഡറല്‍ ബാങ്കില്‍ ഈടുവച്ചിട്ടുള്ള ആധാരം തിരികെ എടുക്കാനും കച്ചവടം ആരംഭിക്കാനും മുടക്കുമുതലായി ആറു ലക്ഷം രൂപ നല്‍കാന്‍ കഴിവുള്ള ആലപ്പുഴയിലെ ഒരു മാത്യൂ ജേക്കബിനെ ബാബുരാജ് പരിചയപ്പെടുത്തി. 20 സെന്റ് സ്ഥലവും രണ്ടു നില വീടും വരുന്ന വസ്തു വിശ്വാസ തീറായി വാങ്ങിയ ശേഷം മാത്യു ആറുലക്ഷം രൂപ നല്‍കി. പ്രതിമാസം മാത്യുവിന്റെ ആക്‌സിസ് ബാങ്ക് അക്കൗണ്ടില്‍ 5000 രൂപ അടക്കാനും നിര്‍ദേശിച്ചു. 18 മാസം ഈ തുക അടച്ച കുടുംബം സമാധാനത്തിലേക്ക് മടങ്ങി വരുമ്പോഴാണ് രണ്ടു ബാങ്കുദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്. 

അവര്‍ പറഞ്ഞ കഥ അവിശ്വസനീയമായിരുന്നു. വിശ്വാസത്തീറു കൊടുത്ത മാത്യു ഈ കിടപ്പാടം ഈടുവച്ച് 25 ലക്ഷം വായ്പ എടുത്തിരുന്നു. ഇതുവരെയും ഒരൊറ്റ അണ തിരിച്ചടച്ചിട്ടില്ല. ഇപ്പോള്‍ പലിശയടക്കം 40 ലക്ഷം രൂപ കുടിശിക ആയിരിക്കുന്നു. അതിനാല്‍ സര്‍ഫാസി നിയമം (സെക്യൂററ്റൈസേഷന്‍ ആന്റ് റീ കണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ് ആന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട് 2002) പ്രകാരം ജപ്തി അറിയിപ്പുമായാണ് ബാങ്കുകാര്‍ വന്നിരിക്കുന്നത്. അവര്‍ വീടിനു മുന്നില്‍ ജപ്തി നോട്ടിസ് പതിച്ചു.

ബാങ്കുകാര്‍ പോയ ശേഷം കുടുംബം മാത്യുവിനെ ബന്ധപ്പെട്ടു. വിചാരിക്കാത്ത ചില വീഴ്ചകള്‍ കൊണ്ടാണ് പണം അടക്കാനാവാഞ്ഞതെന്നും ഉടന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്നും ഭയപ്പെടേണ്ടെന്നും മാത്യു ലിനറ്റിനെയും കുടുംബത്തെയും ആശ്വസിപ്പിച്ചു. പക്ഷേ, ഒന്നും സംഭവിച്ചില്ല. അടുത്തതവണ ബാങ്കുകാര്‍ എത്തിയത് പോലിസുമൊത്താണ്. ഇതിനെതിരെ നാട്ടുകാര്‍ സംഘടിച്ചു. മാത്യുവിനെ ഒന്നു ഭയപ്പെടുത്താനായി രണ്ടു ദിവസത്തേക്ക് മാറി നില്‍ക്കണമെന്നാണ് ബാങ്കുകാര്‍ ലിനറ്റിനോടും ജയിന്‍ ബാബുവിനോടും അഭ്യര്‍ത്ഥിച്ചു. ഇത് കേട്ട അവര്‍ കുട്ടികളുടെ സ്‌കൂള്‍ ബാഗും അല്‍പ്പം അത്യാവശ്യ വസ്തുക്കളും മാത്രം എടുത്തു വീടുവിട്ടിറങ്ങി. പിന്നീട് വന്നപ്പോള്‍ ബാങ്കുകാര്‍ ഈ വീട് പുതിയ പൂട്ടുകളിട്ടു പൂട്ടിയതാണ് കണ്ടത്. അതോടെ കുടുംബം തെരുവിലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു.

അക്കാലത്ത് മകന്റെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങളില്‍ കുടുംബത്തെ കൂടുതല്‍ ദുഖത്തിലാഴ്ത്തി. സ്‌കൂളിലേക്ക് പറഞ്ഞയച്ചാലും ആ കുഞ്ഞു പഴയ വീട്ടിലേക്കാണ് പോയി കൊണ്ടിരുന്നത്. റോഡില്‍ നിന്ന് വീട്ടിലേക്കു നോക്കി നില്‍ക്കും. അവിടെ വരുന്ന ബാങ്കുകാരെ ചീത്തവിളിക്കും. പറമ്പിലെ പേരമരം വെട്ടിയെന്നു പറഞ്ഞാണ് അവന്‍ ഒരു ദിവസം കോളനിയിലെത്തിയതെന്നു ലിനറ്റ് പറയുന്നു. പഴയ വീടിന്റെ ചിത്രങ്ങള്‍ കോളനിയിലെ വീടിന്റെ ചുമരുകളിലും പാഠപുസ്തകങ്ങളിലും നിറഞ്ഞു. മരണത്തെ കുറിച്ചുവരെ ചിന്തിച്ചു പോയ നാളുകളായിരുന്നു അത്.

ബാങ്കുകാരാവട്ടെ ഈ വസ്തു ലേലം ചെയ്തു മറ്റൊരാള്‍ക്ക് വിറ്റു. ഏഴു മാസം മുമ്പ് സമരസമിതി പ്രവര്‍ത്തകരുടെ പിന്തുണയോടെ ലിനറ്റും കുടുംബവും ബാങ്കിട്ട പൂട്ടുപൊളിച്ച് വീട്ടില്‍ കയറി താമസമാരംഭിച്ചു. ഞാന്‍ ഇനി സ്വന്തം വീട്ടില്‍ നിന്ന് സ്‌കൂളില്‍ പോവുമെന്നു പറഞ്ഞ മകന്റെ സ്വഭാവത്തിലും വലിയ മാറ്റങ്ങളുണ്ടായി. ഇന്നവന്‍ ചിരിക്കുകയും കരയുകയും വാശിപിടിക്കുകയും ചെയ്യുന്ന പഴയ കുഞ്ഞാണ്. വീടിന്റെ പേരിലുള്ള കേസ് നടന്നു കൊണ്ടിരിക്കുന്നു. പുതിയ ഉടമ വീട് വില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഈ അനുഭവങ്ങളാണ് ലിനറ്റിനെ എറണാകുളത്തെ സമരപ്പന്തലില്‍ എത്തിച്ചത്.

സമരസമിതി: കണ്ണുകെട്ടി സമരം
2002ല്‍ വാജ്‌പേയി സര്‍ക്കാര്‍ പാസാക്കിയ സര്‍ഫാസി നിയമം ആഗോളധന വിപണിയുടെ നയങ്ങള്‍ക്ക് അനുസൃതമായിട്ടുള്ള നിയമമാണ്. വായ്പ തിരിച്ചടക്കുന്നതില്‍ മൂന്നു ഗഡുക്കള്‍ തുടര്‍ച്ചയായി വീഴ്ച്ചവരുത്തിയാല്‍ ഈടായി നല്‍കിയ വസ്തുവകകള്‍ ബാങ്കിന് നേരിട്ടു പിടിച്ചെടുക്കാനും വില്‍ക്കാനും സ്വകാര്യ കമ്പനികള്‍ക്കു കൈമാറാനും നിയമം അധികാരം നല്‍കുന്നു.

ഈ നടപടികള്‍ക്കെതിരെ പരാതിപ്പെടാന്‍ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ എന്ന സംവിധാനം മാത്രമാണുള്ളത്. ബാങ്കുകള്‍ക്ക് കടംപിടിച്ചു കൊടുക്കാന്‍ മാത്രം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ഒരു സംവിധാനമാണിത്. പരാതികളില്‍ നീതിയുക്തമായി വിചാരണ നടത്താനോ കടാശ്വാസം നല്‍കാനോ പരിഹാരം നല്‍കാനോ ഡി.ആര്‍.ടിക്കു അധികാരമില്ല. മാത്രമല്ല, നിയമത്തിലെ 34ാം വകുപ്പ് നിയമനടപടികളില്‍ നിന്ന് ബാങ്കിന് പരിരക്ഷ നല്‍കുന്നു. കേരളത്തില്‍ വായ്പാതട്ടിപ്പു സംഘങ്ങളും ബ്ലേഡി മാഫിയകളും സജീവമാവുകയും സര്‍ഫാസി നിയമം ഉപയോഗിക്കപ്പെടുകയും ചെയ്യുന്നതോടെയാണ് ഇരകളും പുരോഗമന പ്രസ്ഥാനങ്ങളുമെല്ലാം ചേര്‍ന്ന് സര്‍ഫാസി ബാങ്ക് വായ്പ വഞ്ചനക്കെതിരായ സമര സമിതി രൂപീകരിക്കുന്നത്. വിവിധ തരം സമരങ്ങള്‍ സമിതി ഇപ്പോള്‍ നടത്തികഴിഞ്ഞു. ഇപ്പോള്‍ ഒരു മാസത്തിലധികമായി കണ്ണുകെട്ടി സമരമാണ് നടക്കുന്നത്.

ലിനറ്റിന്റേത് ഒറ്റപ്പെട്ട അനുഭവമല്ല. ബാങ്കുകാരുടെയും ബാബുരാജിനെയും മാത്യുവിനെയും പോലുള്ള തട്ടിപ്പു സംഘങ്ങളുടെ പിടിയില്‍ പെട്ട് ജീവിതം തകര്‍ന്നുപോയ നിരവധി പേരുണ്ട് ഇന്ന് കേരളത്തില്‍. ഇതിനെതിരെയാണ് എറണാകുളം കേന്ദ്രീകരിച്ച് സമരസമിതി പ്രവര്‍ത്തിക്കുന്നത്.

അന്യായമായ കാരണങ്ങളാല്‍ നടക്കുന്ന ഇത്തരം ജപ്തികള്‍ തടയുമെന്നു ബ്ലേഡ് ബാങ്ക് ജപ്തി വിരുദ്ധ സമിതി പ്രസിഡന്റ് മാണി എന്ന പി.ജെ മാനുവല്‍ പറഞ്ഞു. ഭൂമിയും കിടപ്പാടവുമെല്ലാം നഷ്ടപ്പെട്ട 17 കുടുംബങ്ങളാണ് നിലവില്‍ സമരപന്തലിലുള്ളത്. വിവിധ സമരങ്ങള്‍ ഇതുവരെ കഴിഞ്ഞു. കണ്ണുകെട്ടി സമരമാണ് ഒരു മാസത്തിലധികമായി നടന്നു കൊണ്ടിരിക്കുന്നത്. നിരവധി പേര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നും എത്തി ആശങ്കകള്‍ പങ്കുവക്കുന്നുണ്ട്. കണ്ണ് ഓപ്പറേഷന്‍ നടത്താന്‍ 50000 രൂപ വായ്പ എടുത്ത സുശീല എന്ന പനമ്പുകാടുകാരിയുടെ ആധാരം ഉപയോഗിച്ച് 15 ലക്ഷമാണ് ഒരു സംഘം തട്ടിയത്. 10 ലക്ഷം രൂപ ആവശ്യമുണ്ടായിരുന്ന ദിലീപിന്റെ ആധാരമുപയോഗിച്ച് ഒരു കോടി മറ്റൊരു സംഘവും കൈയിലാക്കി. ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. പുതുവൈപ്പിനിലെ ദളിത് സമുദായാംഗമായ പുത്തന്‍തറ ചന്ദ്രമതിയമ്മയെയും മറ്റു ഏഴു കുടുംബങ്ങളെയും നായരമ്പലത്തെ ഒരു സംഘമാണ് തട്ടിച്ചത്. വല്ലാര്‍പാടം പനമ്പുകാട് മേഖലയില്‍ മാത്രം 11 ദളിത് കുടുംബങ്ങള്‍ തട്ടിപ്പിനിരയായി. കിടപ്പാടമില്ലാത്തവരില്ലാത്ത കേരളമെന്ന പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ ഇത്തരം കൊള്ളകള്‍ക്ക് കൂട്ടുനില്‍ക്കുന്നതായി പി ജെ മാനുവല്‍ പറയുന്നു.

കൊള്ളപ്പലിശക്കു വാങ്ങിയ പണം തിരികെ നല്‍കാനാവാത്തതിനാല്‍ വൃക്ക വിറ്റു പണം നല്‍കാന്‍ ആവശ്യപ്പെടുക പോലും നടക്കുന്ന ഒരു നാടായി ദൈവത്തിന്റെ സ്വന്തം നാടെന്നു അവകാശപ്പെടുന്ന കേരളം മാറിയെന്നതിന് സമരപന്തലില്‍ ദൃഷ്ടാന്തമുണ്ട്. വൃക്കവില്‍ക്കാന്‍ ആശുപത്രിയില്‍ പോവാനായി നിര്‍ബന്ധിച്ച് വീടു കയറുന്ന പലിശ സംഘത്തെ ഭയക്കുന്ന ഒരു ഓട്ടോറിക്ഷക്കാരന്‍ ഇടക്കിടെ പന്തലില്‍ എത്താറുണ്ട്. സമൂഹത്തെ മാരകമായി ബാധിക്കും വിധം ബ്ലേഡ് ഒരു സമ്പദ്‌വ്യവസ്ഥയായി മാറിയതായി മാനുവല്‍ പറയുന്നു. സാമ്പത്തിക വളര്‍ച്ചയുടെ നേട്ടം അടിത്തട്ടിലേക്ക് അരിച്ചിറങ്ങുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, സംഭവിക്കുന്നത് മറ്റൊന്നാണ്. മധ്യവര്‍ഗക്കാരായ ലിനറ്റിനെ പോലുളളവര്‍ ചേരികളിലെത്തുന്നുവെന്നതാണ് ഫലം.

വിദ്യാഭ്യാസലോണിന്റെ ഇര
ഈ ദുരിതത്തില്‍ പെട്ട മറ്റൊരാളാണ് ചേരാനെല്ലൂര്‍ വാര്യത്ത് വീട്ടില്‍ ജോമോന്‍. ഒരു കാരണവശാലും വീട്ടില്‍ നിന്നിറങ്ങരുതെന്നാണ് സമരപന്തലിലുള്ള ചേരാനെല്ലൂര്‍ ജോമോനെ ലിനറ്റ് ഉപദേശിക്കുന്നത്. ജീവിതത്തെ കുറിച്ച് ഏറെ സ്വപ്‌നങ്ങളുണ്ടായിരുന്നു ജോമോന്. 2006ല്‍ കര്‍ണാടകയിലെ സ്വാമി വിവേകാനന്ദ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങ് എന്ന സ്ഥാപനത്തില്‍ പഠിക്കാനായി ചേരുന്നതോടെയാണ് ആ കുടുംബത്തിന്റെ ദുരന്തം ആരംഭിക്കുന്നത്. എസ്.ബി.ടി ഇടപ്പള്ളി ബ്രാഞ്ച് വിദ്യാഭ്യാസ വായ്പയായി 51500 രൂപ നല്‍കി. ഏഴു മാസം കഴിഞ്ഞപ്പോഴാണ് ഈ വിദ്യഭ്യാസസ്ഥാപനം വ്യാജസ്ഥാപനമാണെന്നു അറിഞ്ഞത്. സമരം ചെയ്ത വിദ്യാര്‍ത്ഥികളെ കോളജുകാര്‍ മര്‍ദ്ദിച്ചു. നാടുകടത്തുകയും ചെയ്തു. ജോമോന്‍ അടക്കമുള്ളവരുടെ എസ്.എസ്.എല്‍.സി ,പ്ലസ് 2 സര്‍ട്ടിഫിക്കറ്റുകള്‍ വരെ ഇനിയും തിരികെ നല്‍കിയില്ല. ഇതെല്ലാം ബാങ്കിനെ രേഖാമൂലം അറിയിച്ചെങ്കിലും അവര്‍ ഗൗനിച്ചില്ല. ഇതിനിടയില്‍ മാനസികവൈഷമ്യങ്ങളും രോഗപീഡയാലും പിതാവ് മരിച്ചു. 24കാരനായ മറ്റൊരു സഹോദരന്‍ ബേബി ജോണും ജീവിതത്തോടു വിടപറഞ്ഞു. രോഗിയായ അമ്മയെ ചികില്‍സിക്കാനും ജീവിക്കാനുമായി കൂലിവേല ചെയ്യുകയാണ് ഇന്ന് ജോമോന്‍. വിദ്യഭ്യാസ വായ്പ നല്‍കുന്ന സമയത്ത് ബാങ്ക് ഒരു ശ്രദ്ധയും ചെലുത്തിയില്ലെന്ന് ജോമോന്‍ പറയുന്നു. ഇപ്പോള്‍ ആകെയുള്ള നാലര സെന്റ് കിടപ്പാടം ജപ്തി ചെയ്യാനുള്ള നോട്ടീസ് ബാങ്ക് പതിച്ചു കഴിഞ്ഞു. വിദ്യഭ്യാസവായ്പ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലയില്‍ മാത്രം 5000ത്തോളം പേര്‍ ബാങ്കുകള്‍ക്ക് അപേക്ഷ നല്‍കിയിട്ടുള്ളതായി സമരപ്രവര്‍ത്തനകനായ ഹരിഹര ശര്‍മ ചൂണ്ടിക്കാട്ടുന്നു.

പുതിയ ഭീഷണികള്‍
ബാങ്കുകള്‍ക്ക് അമിതാധികാരം നല്‍കുന്ന സര്‍ഫാസി നിയമം ഇപ്പോള്‍ മണപ്പുറം, മുത്തൂറ്റ് പോലുള്ള ബാങ്കിതര സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്കും ഉപയോഗിക്കാന്‍ അനുമതി നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഈ രംഗത്തെ പുതിയ ഭീഷണിയും ഇതാണ്. കേന്ദ്രനിയമമായതിനാല്‍ ഇടപെടാനാവില്ലെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ നിലപാട്. ബി.ജെ.പി, സി.പി.എം, കോണ്‍ഗ്രസ് തുടങ്ങി മുഖ്യധാരാ പാര്‍ട്ടികളുടെയെല്ലാം പ്രാദേശിക നേതാക്കളാണ് പലയിടത്തും ബ്ലേഡുകാര്‍ എന്നതുകൊണ്ട് ബ്ലേഡുകാര്‍ക്കെതിരെയുള്ള നിയമനടപടികള്‍ ജലരേഖകളായി മാറുന്നവെന്നതാണ് ഇതുവരെയുള്ള അനുഭവം. അങ്ങനെ അല്ലാത്തിടത്തും ബ്ലേഡ് മാഫിയ രാഷ്ട്രീയക്കാരുടെ തണലിലാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ സ്വന്തം നേതാക്കള്‍ക്കെതിരെ അണികളും സമരപന്തലിലെത്തുന്നുണ്ടെന്ന് പി ജെ മാനുവല്‍ പറയുന്നു. സര്‍ക്കാരിന്റെ ഓപ്പറേഷന്‍ കുബേര ചെറിയ മീനുകളെ പിടിച്ച് സ്രാവുകളെ സംരക്ഷിക്കലാണെന്ന് സമരസമിതിക്കാര്‍ ഒന്നടങ്കം പറയുന്നു.

ബാങ്കുകള്‍ ജപ്തി ചെയ്‌തെടുത്ത മുന്നുവീടുകള്‍ സമരസമിതി ഇതുവരെ മോചിപ്പിച്ചു. ബാങ്കിന്റെ പൂട്ടുകള്‍ പൊളിച്ചാണ് യഥാര്‍ത്ഥ ഉടമകളെ സമരസമിതി അവിടേക്ക് കയറ്റിയത്. രേഖകള്‍ എവിടെയന്നു പലരും ചോദിക്കുന്നു. സര്‍ക്കാര്‍ നടപടിയുണ്ടാവുമെന്നു സമരക്കാര്‍ക്കറിയാം. ”എന്റെ ഈ കൈകള്‍ തന്നെയാണ് ഏറ്റവും ഉറപ്പുള്ള പ്രമാണങ്ങള്‍. ഈ വീടിനായി ഞാന്‍ ചൊരിഞ്ഞ രക്തത്തേക്കാള്‍ വലുതായ മറ്റെന്തു പ്രമാണമാണ് നിങ്ങള്‍ക്കാവശ്യം” ആഫ്രിക്കന്‍ എഴുത്തുകാരനായ എന്‍ഗുഗിയുടെ മതിഗരി എന്ന നോവലിലെ കഥാപാത്രത്തിന്റെ വാക്കുകള്‍ തന്നെയാണ് സമരസമിതിക്കാരും ചോദിക്കാനുള്ളത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

This post was last modified on September 15, 2015 12:32 am