X

നിങ്ങളെന്റെ മുഖ്യമന്ത്രിയല്ല; ശശികലയ്ക്കെതിരെ ഹാഷ് ടാഗ്; സോഫിയ അഷറഫിന്റെ പാട്ടും വൈറല്‍

'ജനാധിപത്യം മരിച്ചു' എന്ന പേരില്‍ ഈ ഗാനം തന്റെ ഫേസ്ബുക്ക് പേജില്‍ സോഫിയ പോസ്റ്റ് ചെയ്തിട്ടുണ്ട്

ചിന്നമ്മ ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാവുന്നതിനെതിരെ പ്രമുഖ ഗായിക സോഫിയ അഷറഫ് പാടിയ പുതിയ പാട്ട് സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായിരിക്കുന്നു. ഹിന്ദുസ്ഥാന്‍ ലിവറിന്റെ മലിനീകരണത്തിനെതിരെ ‘കൊടൈക്കനാല്‍ വോണ്‍ട്’ എന്ന പാട്ടിലൂടെ പ്രസിദ്ധിയിലേക്ക് ഉയര്‍ന്ന ഗായികയാണ് സോഫിയ അഷറഫ്. ശശികലയെ മുഖ്യമന്ത്രിയായി പാര്‍ട്ടി എംഎല്‍എമാര്‍ തിരഞ്ഞെടുത്തുവെന്ന് എഐഎഡിഎംകെ പ്രഖ്യാപിച്ച ഞായറാഴ്ച രാത്രിയില്‍ ശശികല താമസിക്കുന്ന പൊയസ് ഗാര്‍ഡനിലെ തെരുവുകളില്‍ വച്ചാണ് സോഫിയയും സംഘവും ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ജനാധിപത്യം മരിച്ചു എന്ന പേരില്‍ ഈ ഗാനം തന്റെ ഫേസ്ബുക്ക് പേജില്‍ സോഫിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമിടയില്‍ ശശികല മുഖ്യമന്ത്രിയാവുന്നതിനെതിരെ വലിയ എതിര്‍പ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഗാനം ഹിറ്റായിരിക്കുന്നത്. ഇന്ന് നടക്കാനിരുന്ന സത്യപ്രതിജ്ഞ ചടങ്ങ് മാറ്റിവെക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. എഐഎഡിംകെ എംഎല്‍എമാര്‍ക്കിടയില്‍ തന്നെ ശശികല മുഖ്യമന്ത്രിയാവുന്നതിനെതിരെ അഭിപ്രായങ്ങള്‍ ഉരുത്തിരിഞ്ഞിട്ടുണ്ടെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുപ്രീം കോടതിയില്‍ നിലവിലുള്ള അഴിമതിക്കേസില്‍ വിധി വന്ന ശേഷം സത്യപ്രതിജ്ഞ നടത്തിയാല്‍ മതിയെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

തുടര്‍ച്ചയായി രണ്ടാം തവണയും എഐഎഡിഎംകെയെ ജനങ്ങള്‍ തിരഞ്ഞെടുത്തത് ശശികലയ്ക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കാനാവില്ലെന്നാണ് പൊതുവായ വികാരം. ശശികലയുടെ നീക്കങ്ങളോട് മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന് യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സോഫിയയുടെ ഗാനത്തിന് ലഭിക്കുന്ന വലിയ പിന്തുണ തമിഴ് ജനതയുടെ വികാരമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ശശികലയെ കളിയാക്കുന്ന പോസ്റ്റുകളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമാണ്. വോട്ടര്‍മാരെ വഞ്ചിച്ചതായും ജനങ്ങളെ വിഡ്ഢികളാക്കിയതായും ഗാനത്തില്‍ പറയുന്നു. എന്റെ വോട്ട് നിങ്ങള്‍ക്കല്ല എന്നും വ്യക്തമാക്കിക്കൊണ്ടാണ് തമിഴിലുള്ള ഗാനം അവസാനിക്കുന്നത്.

ശശികലയുടെ മുഖ്യമന്ത്രിയെ പദവി പ്രഖ്യാപിക്കപ്പെട്ടതോടെ ട്വിറ്ററിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും #TNSaysNo2Sasi പ്രചരിക്കുകയാണ്.

This post was last modified on February 7, 2017 11:39 am