അഴിമുഖം പ്രതിനിധി
2012 ഡിസംബര്‍ 16-ലെ ഡല്‍ഹി കൂട്ടബലാല്‍സംഗ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ നല്‍കിയ അപ്പീലില്‍ പ്രതിഭാഗത്തിനുവേണ്ടി വാദിക്കാന്‍ സുപ്രീംകോടതി രണ്ട് മുതിര്‍ന്ന അഭിഭാഷകരെ നിയോഗിച്ചു. പ്രതികളുടെ ഇപ്പോഴത്തെ അഭിഭാഷകര്‍ക്ക് മികച്ച രീതിയില്‍ വാദിക്കാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതിയുടെ പ്രത്യേക ബഞ്ച് അഭിഭാഷകരായ രാജു രാമചന്ദ്രനേയും സഞ്ജയ് ഹെഗ്‌ഡെയെയും പ്രതികളെ സഹായിക്കാന്‍ നിയോഗിച്ചത്.
23-കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്ത്രീകള്‍ക്ക് ഫലപ്രദമായ സുരക്ഷ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കൂടാതെ ലൈംഗികാതിക്രമങ്ങളില്‍ കടുത്ത ശിക്ഷ നല്‍കുന്ന നിയമങ്ങള്‍ കൊണ്ടു വരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയും ചെയ്തിരുന്നു.
കേസ് കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തിയ മുകേഷ് (29), പവന്‍ ഗുപ്ത (22) എന്നിവര്‍ക്കുവേണ്ടി രാജു രാമചന്ദ്രനും വിനയ് ശര്‍മ്മ (23), അക്ഷയ് താക്കൂര്‍ (31) എന്നിവര്‍ക്കുവേണ്ടി ഹെഗ്‌ഡേയും വാദിക്കണമെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, വി ഗോപാല ഗൗഡ, കുര്യന്‍ ജോസഫ് എന്നിവര്‍ അടങ്ങിയ ബഞ്ച് നിര്‍ദ്ദേശിച്ചു.
പ്രതിഭാഗം അഭിഭാഷകരുടെ നിലവാരത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്ന് കോടതി പറഞ്ഞു. ജൂലൈ 18-ന് കേസ് വീണ്ടും വാദം കേള്‍ക്കും.
മുംബയ് ആക്രമണ കേസില്‍ തൂക്കിലേറ്റിയ പാക് പൗരന്‍ അജ്മല്‍ കസബിനുവേണ്ടി രാജു രാമചന്ദ്രന്‍ വാദിച്ചിരുന്നു. ആ കേസില്‍ രാമചന്ദ്രന്റെ വാദങ്ങള്‍ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. കേസില്‍ അദ്ദേഹം ഫീസ് വാങ്ങിയിരുന്നില്ല. കൂട്ടമാനഭംഗ കേസിലും ഇരു അഭിഭാഷകരും പ്രതികളില്‍ നിന്ന് ഫീസ് വാങ്ങുന്നില്ല. അവര്‍ വാങ്ങാന്‍ തയ്യാറാകുകയാണെങ്കില്‍ സുപ്രീംകോടതിയുടെ നിയമസഹായ നിധിയില്‍ നിന്നും ഫീസ് നല്‍കും.
പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത് രണ്ടു വര്‍ഷത്തിനുശേഷം ഏപ്രില്‍ നാലിനാണ് സുപ്രീംകോടതി അന്തിമ വാദം ആരംഭിച്ചത്. 2013 സെപ്തംബറിലാണ് വിചാരണ കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നത്. ആറു മാസത്തിനുശേഷം അവരുടെ ശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവച്ചിരുന്നു. തുടര്‍ന്ന് 2014-ല്‍ പ്രതികള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
കുറ്റം ചെയ്ത സമയത്ത് പ്രായപൂര്‍ത്തിയാകാതിരുന്ന ഒരു പ്രതി മൂന്നു വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു. മറ്റൊരു പ്രതിയായ രാം സിംഗിനെ തിഹാര്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
This post was last modified on December 27, 2016 3:58 pm
Leave a Comment