X

തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്ന കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി,’മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ പരാതിയുണ്ടെങ്കില്‍ പുതിയ ഹര്‍ജി നല്‍കാം’

കോണ്‍ഗ്രസിന് പുതിയ പരാതി നല്‍കാമെന്ന് കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ തീര്‍പ്പുണ്ടാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസിന്റെ ഹര്‍ജി.

എന്നാല്‍ ഇക്കാര്യത്തില്‍ കമ്മീഷന്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും ഇതില്‍ കൂടുതല്‍ ഇടപെടേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു. അതേ സമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ പരാതിയുണ്ടെങ്കില്‍ പുതിയ ഹര്‍ജി നല്‍കാമെന്നും കോടതി നിര്‍ദ്ദേശിച്ചു. കോണ്‍ഗ്രസ് പുതിയ പരാതി നല്‍കുമെന്നാണ് സൂചന. അതേസമയം കോടതി വേനലവധിക്ക് പിരിയാന്‍ പോകുന്നതിനാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയും അമിത് ഷായും നടത്തിയ നിരവധി പരാമര്‍ശങ്ങള്‍, ചട്ട ലംഘനമാണെന്ന ആരോപണമായിരുന്നു ഉയര്‍ന്നത്. എന്നാല്‍ ഇവര്‍ രണ്ടുപേരും ചട്ടലംഘനം നടത്തിയിട്ടില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍. അഞ്ച് പരാതികളിലാണ് കമ്മീഷന്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.

കോണ്‍ഗ്രസിന്റെ ഹര്‍ജി കാലഹരണപ്പെട്ടതാണെന്ന് കോടതി പറഞ്ഞു. എന്നാല്‍ മോദിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ പുതിയ റിട്ട് ഹര്‍ജി നല്‍കാമെന്നും കോടതി പറഞ്ഞു.

എന്തുകൊണ്ടാണ് മോദിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.

മഹാരാഷ്ട്രയില്‍ നടന്ന പൊതുയോഗത്തില്‍ ഹിന്ദുക്കളെ ഭയന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതെന്ന് മോദി ആരോപിച്ചിരുന്നു. അതിന് ശേഷം സൈന്യത്തിന്റെ പേരില്‍ വോട്ട് രേഖപ്പെടുത്താന്‍ അദ്ദേഹം യുവാക്കളെ ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസമാണ് മുന്‍ പ്രധാനമന്ത്രി ഒന്നാം നമ്പര്‍ അഴിമതിക്കാരനാണെന്ന് മോദി ആരോപിച്ചത്. ഇതെല്ലാം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാതി

സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയ മായാവതിക്കും യോഗി ആദിത്യനാഥിനുമെതിരെ കമ്മീഷന്‍ നടപടിയെടുത്തിരുന്നു. മോദിക്കും അമിത് ഷായ്ക്കും നല്‍കിയ ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിവേചനം കാണിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാതി.
അതേസമയം മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ചില പരാതികളില്‍ ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ കമ്മീഷനില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കമ്മീഷനിലെ ഒരംഗത്തിന്റെ വിയോജനക്കുറിപ്പോടെയാണ് ക്ലീന്‍ ചിറ്റ് രണ്ട് പരാതികളില്‍ നല്‍കിയത്.

Read More: എച്ചിപ്പാറ മലയ കോളനിയില്‍ നിന്നും ഫുള്‍ എ പ്ലസുമായി ഒരു കൊച്ചുമിടുക്കി; വൈഷ്ണവി ഇനി ചരിത്രത്തിന്റെ ഭാഗം

This post was last modified on May 8, 2019 12:56 pm