X

പൊതുജനത്തിന്റെ ഓര്‍മ്മ അത്ര ചെറുതാണെന്ന് മോദിയും പരിവാരങ്ങളും കരുതരുത്

എഡിറ്റോറിയല്‍/ടീം അഴിമുഖം

ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. ഭരണത്തിലിരുന്ന കക്ഷി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുന്നത് ഊര്‍ജ്ജസ്വലമായ ഒരു പാര്‍ലമെന്റ് ജനാധിപത്യ വ്യവസ്ഥയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. പക്ഷെ വിവിധ പ്രശ്‌നങ്ങളില്‍, പ്രത്യേകിച്ചും അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ അവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ കസേരകളുടെ വിന്യാസത്തിലുള്ള മാറ്റം കൊണ്ട് മാത്രം മാറിമറിയാന്‍ സാധ്യമല്ല. 

പാര്‍ലമെന്റിലെ നടപടികള്‍ നിശ്ചലമായതിന് ശേഷവും, ‘ലളിത്‌ ഗേറ്റ്’ വിവാദത്തിന്റെ പേരില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും വ്യാപം അഴിമതിയുടെ പേരില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും രാജി വെക്കണമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ആരോപണങ്ങളെ നിര്‍ലജ്ജം ന്യായീകരിക്കുകയും പ്രതിപക്ഷത്തെ നിര്‍വീര്യമാക്കുകയും ചെയ്യുക എന്ന തന്ത്രമാണ് ഭരണപക്ഷം സ്വീകരിച്ചിരിക്കുന്നത് എന്ന് വേണം കരുതാന്‍. ‘പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ അന്വേഷണത്തിന് പകരമാവില്ല,’ എന്ന് ഇപ്പോള്‍ സിപിഎം ജനറല്‍ സെക്രട്ടറി ആവര്‍ത്തിക്കുന്ന വാചകം തന്നെയാണ് ബിജെപി പ്രതിപക്ഷത്തിരിക്കുകയും യുപിഎ സര്‍ക്കാരിനെ ആക്രമിക്കുകയും ചെയ്ത സമയത്തൊക്കെ പാര്‍ട്ടി നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലിയും സുഷമ സ്വരാജുമൊക്കെ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഇതാണ് കഥയുടെ ഒരു വശം.

ആവര്‍ത്തിക്കുന്ന തുടര്‍ക്കഥകളെ കുറിച്ചുള്ള തന്റെ ആശങ്ക പങ്കുവച്ച ബിജെപിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ ശാന്തകുമാറിന്റെ വാക്കുകളെ, കേന്ദ്ര മന്ത്രിയും നരേന്ദ്ര മോദിയിലുള്ള വിശ്വാസം ആവര്‍ത്തിക്കുകയും ചെയ്യുന്ന രാജീവ് പ്രതാപ് റൂഡി ചെയ്തത് പോലെ തള്ളിക്കളയുമ്പോള്‍, അദ്ദേഹം കോണ്‍ഗ്രസ് ‘പ്രചാരണത്തില്‍’ സ്വാധീനിക്കപ്പെട്ടു എന്നാണോ ബിജെപി കരുതുന്നത്? ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ ‘നമ്മെയെല്ലാം ലജ്ജകൊണ്ട് തലകുനിക്കാന്‍’ നിര്‍ബന്ധിതരാക്കുന്നവെന്നും അതിനാല്‍ ഒരു നൈതീക ജാഗ്രത സമിതിക്ക് രൂപം നല്‍കാന്‍ പാര്‍ട്ടി തയ്യാറാവണമെന്നും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് എഴുതിയ കത്തില്‍, മുന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയും ഒക്കെയായിരുന്ന ശാന്തകുമാര്‍ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ ആശങ്കകള്‍ പങ്കുവയ്ക്കാനും അതിനോട് ഗൗരവമായി പ്രതികരിക്കാനും പാര്‍ട്ടി തയ്യാറാവേണ്ടിയിരിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ ചോദ്യം ചെയ്യുക വഴി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ തങ്ങളുടെ ഇടുങ്ങിയ മനസ്ഥിതിയും അതിന്റെ മുതിര്‍ന്ന നേതാവിനോടുള്ള ബഹുമാനക്കുറവുമാണ് പ്രദര്‍ശിപ്പിക്കുന്നത്.

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്നും പാര്‍ട്ടി പിന്നോക്കം പോകുന്നുവെന്ന് നിരവധി പേര്‍ ചിന്തിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ നിലവില്ലാത്ത സംവാദങ്ങളെ കുറിച്ചും അത് പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കൂടി ശാന്തകുമാര്‍ സൂചിപ്പിക്കുന്നുണ്ട്. വന്‍പ്രതീക്ഷകളുടെ ചിറകിലാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതെന്നും നിലനിന്നിരുന്ന ‘അഴിമതിയുടെയും സ്വാര്‍ത്ഥതയുടേയും വ്യക്തികേന്ദ്രീകൃത രാഷ്ട്രീയത്തില്‍ നിന്നും’ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാകും എന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് നിരാശ ജനിപ്പിക്കുന്നതാണ് ഇപ്പോള്‍ പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന് വന്നിരിക്കുന്ന ആരോപണങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സുഷമ സ്വരാജ്, രാജെ, ചൗഹാന്‍ എന്നിവര്‍ക്കെതിരായ ഗൗരവമായ ആരോപണങ്ങളെ അഭിസംബോധന ചെയ്യാന്‍ മോദി സര്‍ക്കാര്‍ തയ്യാറാവേണ്ടതിന്റെ ആവശ്യകതയിലേക്ക് ശ്രദ്ധക്ഷണിക്കുന്നതോടൊപ്പം, ബിജെപിയില്‍ ശോഷിച്ചുവരുന്ന ആഭ്യന്തരസംവാദങ്ങളെ കുറിച്ചും ആശങ്കപ്പെടുന്ന ശാന്തകുമാറിന്റെ ശബ്ദം അവഗണിക്കാന്‍ ബിജെപിക്ക് സാധിക്കില്ല. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തള്ളിക്കളുമ്പോള്‍ ഉണ്ടാകുന്ന അതിന്റെ പ്രതിഛായ, വിശ്വാസ്യത നഷ്ടത്തിനേക്കാള്‍ വലിയ വില ആഭ്യന്തര ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുന്നതിലൂടെ നല്‍കേണ്ടി വരുമെന്ന് ബിജെപി തിരിച്ചറിയേണ്ടിയിരിക്കുന്നു. ആഭ്യന്തര ഭിന്നാഭിപ്രായങ്ങളോട് മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി പുലര്‍ത്തുന്ന അസഹിഷ്ണുതയ്ക്ക് അടിവരയിടുന്നതാണ് ശാന്ത കുമാറിന്റെ കത്ത്.

ഇപ്പോള്‍ മാര്‍ഗ്ഗദര്‍ശക് മണ്ഡലിലേക്ക് തരംതാഴ്ത്തപ്പെട്ടിരിക്കുന്ന ബിജെപിയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളായ എല്‍കെ അദ്വാനി കഴിഞ്ഞ മാസം ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍, രാഷ്ട്രീയ നേതൃത്വത്തിന്റെ ദൗര്‍ബല്യങ്ങള്‍ മൂലം അടിയന്തരാവസ്ഥ മടങ്ങിവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന് അഭിപ്രായപ്പെട്ടപ്പോള്‍, മുതിര്‍ന്ന നേതാവ് ഉയര്‍ത്തിയ ചോദ്യങ്ങളില്‍ നിന്നും തന്ത്രപൂര്‍വം ഒഴിഞ്ഞു മാറുകയാണ് പാര്‍ട്ടി നേതൃത്വം ചെയ്തത്. ഇപ്പോള്‍ ശാന്തകുമാറിനെയും അവഗണിക്കുന്നതിലൂടെ അവരുടെ പ്രവര്‍ത്തനരീതി കൂടുതല്‍ വെളിവാകുന്നു. ഒരു ‘കോണ്‍ഗ്രസ് മുക്ത ഭാരതം’ മാത്രമല്ല ഇപ്പോഴത്തെ ബിജെപിയുടെ ലക്ഷ്യം എന്ന് കൂടുതല്‍ വെളിവാകുന്നു. ഒരു ഭിന്നാഭിപ്രായ മുക്ത ബിജെപിയും ഒരു ഭിന്നാഭിപ്രായ മുക്ത പാര്‍ലമെന്റും അത് ആഗ്രഹിക്കുന്നു.

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവന ഒന്ന് പരിശോധിക്കുക:

‘പാര്‍ലമെന്റില്‍ മാത്രം വിഷയം ചര്‍ച്ച ചെയ്താല്‍ മതിയെന്ന് നിര്‍ദ്ദേശിക്കപ്പെടുന്നതിലൂടെ ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി ആരോപണത്തിന് (കല്‍ക്കരിപ്പാട വിതരണം) മൂടിയിടാനുള്ള ശ്രമമാണ് നടക്കുന്നത്. പാര്‍ലമെന്റില്‍ ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്ന ചര്‍ച്ചകളിലൂടെ മാത്രം വിഷയം സംവാദങ്ങള്‍ക്ക് വിഷയമാക്കുന്നതില്‍ പ്രതിപക്ഷം എന്ന നിലയില്‍ ഞങ്ങള്‍ക്ക് താല്‍പര്യം ഇല്ല… പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്ന പ്രവണത സാധാരണഗതിയില്‍ ഒഴിവാക്കപ്പെടേണ്ടതാണ്. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളെ സംബന്ധിച്ചിടത്തോളം, തടസപ്പെടുത്തലുകള്‍ അതിന്റേതായ വിഹിതങ്ങള്‍ കൊണ്ടുവരും.’ – 2012-ല്‍ അരുണ്‍ ജെയ്റ്റ്‌ലി നടത്തിയ പ്രസ്താവനയാണിത്. അതുകൊണ്ടുതന്നെ പൊതുജനങ്ങളുടെ ഓര്‍മ്മ തങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ അത്ര ചെറുതാണെന്ന് ബിജെപി കരുതരുത്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on July 27, 2015 1:09 pm

Related Post
Leave a Comment