X

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യൻ യുവതയെ പ്രതിനിധീകരിക്കാൻ പോകുന്നത് ഈ ഏഴുവയസ്സുകാരിയാണ്; ലിസിപ്രിയാ കാംഗ്‌ജം എന്ന മണിപ്പൂരുകാരിയെ അറിയാം

എട്ടോളം രാജ്യങ്ങളിൽ ലിസിപ്രിയാ ഇതിനോടകം തന്നെ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചിട്ടുണ്ട്.

പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന അപകട സാധ്യത പരമാവധി കുറയ്ക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയിൽ നടക്കുന്ന അന്താരാഷ്ട്ര സെമിനാറിൽ ഏഷ്യയെ പ്രതിനിധീകരിച്ച് സംസാരിക്കാൻ പോകുന്ന ആളിന്റെ വയസ്സ് കേട്ട് ലോകം ഞെട്ടിത്തരിക്കുകയാണ്. വെറും ഏഴു വയസ്സുള്ള ഒരു കുട്ടിയാണ് സഭയിൽ ശാസ്ത്രസാങ്കേതിക രംഗത്തെ വിദഗ്ധർക്കും മൂവായിരത്തിലധികം ഡെലിഗേറ്റുകൾക്കും മുൻപിൽ പ്രബന്ധാവതരികയായി എത്തുന്നത്. എന്നാൽ ഐക്യരാഷ്ട്രസഭയിലെ ഈ ഏറ്റവും പ്രായം കുറഞ്ഞ അവതാരിക അത്ര നിസ്സാരക്കാരിയൊന്നുമല്ല. ഇന്റർനാഷണൽ യൂത്ത് കമ്മറ്റിയുടെ ദുരന്ത നിവാരണ വിദഗ്ദയാണ് ലിസിപ്രിയാ കാംഗ്‌ജം എന്ന മണിപ്പൂരുകാരി.

2019 മെയ് 13 മുതൽ 17 വരെ നടക്കുന്ന സുസ്ഥിരവികസിത സമൂഹത്തെ കുറിച്ചുള്ള ഒരു അന്താരാഷ്ട്ര ചർച്ചയിലാണ് സംസാരിക്കാൻ ഈ കൊച്ചു മിടുക്കിയും പുറപ്പെടാൻ പോകുന്നത്. ചർച്ചയുടെ ആറാമത്തെ വേദിയിലാകും ലിസിപ്രിയയുടെ സംസാരമുണ്ടാകുക. 140 ലോകരാജ്യങ്ങളിൽ നിന്നും മൂവായിരത്തിലധികം ആളുകളാകും ഈ ആഗോള ചർച്ചയിൽ പങ്കെടുക്കുക. ഏഷ്യയിലെ വിദ്യാർത്ഥികളെയും യുവാക്കളെയും പ്രതിനിധീകരിച്ചാണ് ലിസിപ്രിയാ സംസാരിക്കാൻ ഒരുങ്ങുന്നത്. നിരവധി സർക്കാർ സർക്കാരേതര സംഘടനകളുടെ പ്രതിനിധികളും റെഡ്ക്രോസ് റെഡ്‌ക്രെസന്റ് സംഘടനകളുടെ പ്രതിനിധികളും സെമിനാറിൽ സന്നിഹിതരായിരിക്കും.

‘ഭൂകമ്പവും വെള്ളപ്പൊക്കവും സുനാമിയും പോലുള്ള പ്രകൃതിദുരന്തങ്ങളുടെ ദൃശ്യങ്ങൾ ടെലിവിഷനിൽ കണ്ട ഞാൻ ആകെ ഭയന്ന് വിറച്ചുപോയി. കുഞ്ഞുങ്ങൾ അവരുടെ അച്ഛനമ്മമാരെ നഷ്ടപ്പെട്ട കരയുന്ന കാഴ്ച കണ്ടപ്പോൾ ഞാനും ഒപ്പം കരഞ്ഞുപോയി. ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെടുന്നല്ലോ എന്നോർത്ത് എനിക്ക് സങ്കടം അടക്കാൻ കഴിഞ്ഞില്ല. നല്ലൊരു നാളെയെ കെട്ടിപ്പടുക്കാൻ ഇതിനെല്ലാമെതിരെ എല്ലാവരും കൈകോർക്കണമെന്നും അവരുടെ മനസ്സും ശരീരവും ഈ ലക്ഷ്യത്തിനായി സമർപ്പിക്കണമെന്നും ഞാൻ ആഗ്രഹിച്ചു. അങ്ങനെയാണ് ഞാൻ അന്വേഷങ്ങൾ തുടങ്ങുന്നത്.’ ലിസിപ്രിയാ പറയുന്നു. എട്ടോളം രാജ്യങ്ങളിൽ ലിസിപ്രിയാ ഇതിനോടകം തന്നെ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചിട്ടുണ്ട്.

 

This post was last modified on April 23, 2019 7:44 pm