X

444 രൂപയ്ക്ക് മൂന്നുമാസത്തേക്ക് അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റുമായി ബിഎസ്എന്‍എല്‍

പ്രതിദിനം 4GB വരെ കൂടിയ സ്പീഡില്‍ ഉപയോഗിക്കാവുന്ന അണ്‍ലിമിറ്റഡ് പ്ലാന്‍ ആണ് ഇത്

ജിയോ ഓഫറുകള്‍ പെരുമഴപോലെ പരക്കുമ്പോള്‍ ബി എസ് എന്‍ എല്ലും ഒട്ടും കുറച്ചിട്ടില്ല ഇതുവരെ. ആകര്‍ഷകങ്ങളായ നിരവധി ഓഫറുകളാണ് ബിഎസ് എന്‍ എല്‍ ഈ മത്സരകാലത്ത് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്.

90 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്ന ചൗക്ക 444 പ്ലാന്‍ ആണ് ഇതില്‍ ഏറ്റവും പുതിയത്. മുന്‍പേ നല്‍കിയ STV 333 പ്ലാനിനു ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണമാണ് പുതിയ പ്ലാന്‍ അവതരിപ്പിച്ചതിന് പിന്നില്‍.

പ്രതിദിനം 4GB വരെ കൂടിയ സ്പീഡില്‍ ഉപയോഗിക്കാവുന്ന അണ്‍ലിമിറ്റഡ് പ്ലാന്‍ ആണ് ഇത്. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വേണ്ട മികച്ച സേവനം നല്‍കാന്‍ തങ്ങള്‍ സദാ സന്നദ്ധരാണെന്ന് ബിഎസ്എന്‍എല്‍ ഡയറക്ടര്‍ ആര്‍കെ മിത്തല്‍ പറഞ്ഞു. ഇന്ത്യന്‍ ടെലികോം മേഖലയില്‍ നിലവില്‍ ഉള്ള ട്രെന്‍ഡ് അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കാനാവുന്ന ഏറ്റവും മികച്ച വിലയില്‍ത്തന്നെ ഓഫറുകള്‍ നല്‍കുന്നത് തുടരും.

ഡാറ്റയുടെ ഉത്സവാഘോഷവുമായി റിലയന്‍സ് ജിയോ 2016 സെപ്റ്റംബര്‍ ഒന്നിനാണ് വിപണിയില്‍ എത്തിയത്. ഇപ്പോള്‍ 108 മില്ല്യന്‍ കഴിഞ്ഞു ഇവരുടെ ഉപഭോക്താക്കളുടെ എണ്ണം. ജിയോ ധന്‍ ധനാ ധന്‍ പ്ലാനിലൂടെ ഇപ്പോള്‍ 309 രൂപയ്ക്ക് 1GB അണ്‍ലിമിറ്റഡ്, 509 രൂപയ്ക്ക് 2GB അണ്‍ലിമിറ്റഡ് എന്നിങ്ങനെ ഇവര്‍ ഡാറ്റ നല്‍കുന്നുണ്ട്. തെരഞ്ഞെടുത്ത മോഡലുകളില്‍ ഉള്ള ലൈഫ് മൊബൈല്‍ വാങ്ങിക്കുന്നവര്‍ക്കാകട്ടെ 20% കൂടുതല്‍ ഡാറ്റ ഓഫറുമുണ്ട്.

പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഓഫറുകളില്‍ വച്ച് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഡാറ്റ റിലയന്‍സ് ജിയോയുടെ ആണെന്ന് PTI റിപ്പോര്‍ട്ട് ചെയ്യുന്നു. ആനുപാതികമായി മറ്റു ടെലികോം കമ്പനികളും കുറഞ്ഞ വിലയ്ക്ക് മികച്ച ഓഫറുകള്‍ നല്‍കുന്നുണ്ട്. 786 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകളും 25ഏആ ഡാറ്റയും നല്‍കുന്ന റംസാന്‍ സ്പെഷ്യല്‍ ഓഫര്‍ ഈയിടെ വോഡഫോണ്‍ അവതരിപ്പിച്ചിരുന്നു. 396 രൂപയ്ക്ക് 70GB ത്രീജി ഡാറ്റയുമായി ഐഡിയ ഓഫറും ഉണ്ട്.