X

വാനാക്രൈ ആക്രമണം; പിന്നില്‍ ഉത്തര കൊറിയയെന്ന് യുഎസ്

ദക്ഷിണ കൊറിയയ്ക്ക് എതിരായി ഉത്തര കൊറിയ സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ വാണാക്രൈ ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം അവര്‍ നിഷേധിച്ചിരുന്നു

ലോകത്തെമ്പാടുമുള്ള പൊതുസേവനങ്ങളെയും കമ്പനികളെയും സ്വകാര്യ കമ്പ്യൂട്ടറുകളെയും ബാധിച്ച വാനാക്രൈ സൈബര്‍ ആക്രമണത്തില്‍ ഉത്തര കൊറിയയ്ക്ക് നേരിട്ട് പങ്കുണ്ടെന്നതിന് തങ്ങളുടെ കൈയില്‍ തെളിവുകളുണ്ടെന്ന് യുഎസ്. മേയില്‍ നടന്ന ആക്രമണത്തില്‍ ഉത്തര കൊറിയന്‍ ഭരണകൂടത്തിന് നേരിട്ട് പങ്കുണ്ടെന്ന് ഒരു മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തില്‍ 150 രാജ്യങ്ങളിലുള്ള 300,000 കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.
കോടി കണക്കിന് ഡോളര്‍ നഷ്ടം വരുത്തിയ ആക്രമണത്തെ കുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഭ്യന്തര സുരക്ഷ ഉപദേഷ്ടാവ് ടോം ബോസര്‍ട്ട് വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ എഴുതിയ ലേഖനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. അമേരിക്കയ്‌ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് ബോസെര്‍ട്ട് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഉത്തര കൊറിയയ്‌ക്കെതിരെ എന്തെങ്കിലും പ്രത്യേക നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കിയില്ല.

ഉത്തര കൊറിയന്‍ സര്‍ക്കാരിന് വേണ്ടി ഹാക്കിംഗ് നടത്തുന്ന ലസാറസ് ഗ്രൂപ്പ് എന്ന സംഘടനയാണ് വാനാക്രൈ റാന്‍സംവെയര്‍ ആക്രമണം സംഘടിപ്പിച്ചത് എന്നതിന് തെളിവുകളുണ്ടെന്നാണ് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നത്. കമ്പ്യൂട്ടറിലും അതിലുള്ള രേഖകളിലുമുള്ള വിവരങ്ങള്‍ തടഞ്ഞുവെക്കുകയും വിട്ടുകിട്ടുന്നതിന് പണം ആവശ്യപ്പെടുകയും ചെയ്യുന്ന മാല്‍വെയറുകളാണിത്. അതിന്റെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഉത്തര കൊറിയയെ ഉത്തരവാദികളാക്കാനും സൈബര്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കാനുള്ള അവരുടെ ശേഷി ഇല്ലാതാക്കാനുമാണ് ട്രംപ് ഭരണകൂടം ഉദ്ദേശിക്കുന്നതെന്ന് സൂചനയുണ്ട്. ഈ ആരോപണത്തെ ലഘുവായി കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബോസെര്‍ട്ട് എഴുതി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തങ്ങളുടെ അന്വേഷണത്തിലൂടെ മാത്രം പുറത്തുവന്ന തെളിവുകളല്ല ഇതെന്നും മറ്റ് സര്‍ക്കാരുകളും സ്വകാര്യ കമ്പനികളും ഇതിനോട് യോജിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

യുകെ സര്‍ക്കാരും മൈക്രോസോഫ്റ്റിന്റെ അന്വേഷണവിഭാഗവും ഉത്തര കൊറിയയെ കുറ്റപ്പെടുത്തിയിട്ടുണ്ട്. സൈബര്‍ ആക്രമണങ്ങളുടെ കെടുതി കുറയ്ക്കുന്നതിന് യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം സര്‍ക്കാരുകളെയും സ്വകാര്യ കമ്പനികളെയും ആഹ്വാനം ചെയ്തു. ആക്രമണം സംഘടിപ്പിക്കുന്ന സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും കൂടുതല്‍ കടുത്ത ശിക്ഷ നല്‍ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദക്ഷിണ കൊറിയയ്ക്ക് എതിരായി ഉത്തര കൊറിയ സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ വാണാക്രൈ ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം അവര്‍ നിഷേധിച്ചിരുന്നു.