X

ഒരു പക്ഷെ ഒരു എലിയ്ക്ക് നിങ്ങളുടെ ദുഃഖം മനസിലാക്കാൻ സാധിച്ചേക്കും; രസകരമായൊരു പഠന ഫലം

‘മിറർ ന്യൂറോണുകൾ’ എന്ന പ്രത്യേകതരം നാഡീവ്യൂഹങ്ങൾ കാരണമാണ് മനുഷ്യന് മറ്റുള്ളവരുടെ വേദനകൾ കാണുമ്പോൾ സഹതപിക്കാൻ സാധിക്കുന്നത്

അടുത്തിരുന്ന് ഒരാൾ വിഷമിക്കുമ്പോൾ അറിയാതെ നമ്മളിലേക്കും ആ വിഷാദം പകരുന്നതായി തോന്നാറില്ലേ? പേരറിയാത്ത ഒരു നൊമ്പരം പയ്യെ നമ്മളെയും ഉലയ്ക്കുന്നതുപോലെ? മറ്റൊരാളിന്റെ ദേഹം പൊട്ടി ചോരവാർന്ന് നിൽക്കുന്നത് കാണുമ്പോൾ നമ്മുടെ ശരീരം മുറിഞ്ഞ് പോയത് പോലെ ഒരു വേദന? മറ്റുള്ളവരുടെ ദുഃഖം മനസിലാക്കി അത് നമ്മളുടേത് കൂടിയാണെന്ന് തിരിച്ചറിയാൻ ഓരോ വ്യക്തിക്കുള്ളിലും ചില ജൈവിക പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഈ പ്രവർത്തനങ്ങൾ കൊണ്ടാണ് ‘എമ്പതി’ എന്ന വികാരമുണ്ടാകുന്നത്. മനുഷ്യരിലെ എംപതിയെ കുറിച്ചറിയാൻ നെതർലണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയൻസ് നടത്തിയ ചെന്നെത്തിയത് രസകരമായ ഒരു കണ്ടെത്തലിലാണ്. സഹജീവിയുടെ വേദന ഉൾക്കൊള്ളാൻ മനുഷ്യർക്ക് മാത്രമല്ല മനുഷ്യന്റേതുപോലെ തന്നെ ഒരു പക്ഷെ അതിനേക്കാൾ കൂടുതലായി എലികൾക്കും  കഴിയുമത്രേ.!

‘മിറർ ന്യൂറോണുകൾ’ എന്ന പ്രത്യേകതരം നാഡീവ്യൂഹങ്ങൾ കാരണമാണ് മനുഷ്യന് മറ്റുള്ളവരുടെ വേദനകൾ കാണുമ്പോൾ സഹതപിക്കാൻ സാധിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ കണ്ണാടിയിലെന്നത് പോലെ മറ്റുള്ളവരുടെ വേദന കണ്ടുനിൽക്കുന്ന നമ്മിലേക്കും പ്രതിഫലിക്കുമെന്ന അവസ്ഥ. വേദനിക്കുന്ന ഓരോ ആളിന്റെയും തലച്ചോറിനുള്ളിൽ സിംഗുലേറ്റ് കോർട്സ് എന്ന ഒരു കേന്ദ്രം പ്രവർത്തന സജ്ജമാകുന്നുണ്ട്. മറ്റുള്ളവരുടെ ദുഃഖം നമ്മൾ കാണുമ്പോൾ ഈ കണ്ണാടി ന്യൂറോണുകളുടെ പ്രവർത്തനം വഴി ഈ സിംഗുലേറ്റ് കോർട്സ് താൽക്കാലികമായിട്ടെങ്കിലും പ്രവർത്തിക്കാൻ തുടങ്ങുന്നുണ്ടെന്നാണ് വിവിധ പഠനങ്ങൾ കണ്ടെത്തുന്നത്. ഈ പ്രവർത്തനം നടക്കാതാകുന്നതോടെ, അഥവാ എമ്പതി ഇല്ലാതാകുന്നതോടെ മനുഷ്യന് സാരമായ പല മാനസിക വൈകല്യങ്ങളും ഉണ്ടാകാറുണ്ടെന്നും പഠനം കണ്ടെത്തുന്നുണ്ട്.

എംപതിയെക്കുറിച്ചുള്ള അന്വേഷണത്തുടർച്ചയെന്ന നിലയ്ക്കാണ് എലികളിൽ പഠനം നടത്തപ്പെടുന്നത്. തൊട്ടടുത്ത് നിൽക്കുന്ന ഒരു എലി ദുഖത്തിലായാലോ പേടിച്ചരണ്ടാലോ അത് കണ്ട് നിൽക്കുന്ന മറ്റൊരു എലിയ്ക്ക് ഒരു ചെറിയ മെന്റൽ ഷോക്ക് ഉണ്ടാകുന്നതായി ഗവേഷകർ കണ്ടെത്തി. ഇതിന്റെ കാരണങ്ങളെ കുറിച്ച് അന്വേഷിക്കാൻ പഠനം നടത്തിയപ്പോഴാണ് സിംഗുലേറ്റ് കോര്ട്ടെക്സിന് സമാനമായ ഒരു ഭാഗം എലികളിലും പ്രവർത്തനസജ്ജമാകുന്നുണ്ടെന്ന് തിരിച്ചറിയുന്നത്. മറ്റുള്ളവർ വേദനിക്കുന്ന കാഴ്ചകൾ കൃത്യമായി ഈ സ്ഥലത്ത് എത്തിപ്പെടുമത്രേ. സഹാനുഭൂതി അനുഭവവേദ്യമാകുന്നതിൽ മനുഷ്യനും എലികളും തമ്മിലുള്ള ഈ സാമ്യം വളരെ നിർണ്ണകമാണെന്നും അത് മനുഷ്യന്റെ തലച്ചോറിന്റെ തന്നെ പരിണാമത്തെക്കുറിച്ച് ധാരാളം സൂചനകൾ നൽകുന്നുണ്ടെന്നും പഠനത്തലവൻ ക്രിസ്ത്യൻ കെയ്‌സേർസ് സൂചിപ്പിക്കുന്നു.

This post was last modified on April 16, 2019 6:26 pm