ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചരിക്കുകയാണ്. വിരാട് കോഹ്‌ലി നയിക്കുന്ന ഇന്ത്യന്‍ ടീം മികച്ചതെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ റിഷഭ് പന്ത്, അമ്പാട്ടി റായുഡു എന്നിവരെ പുറത്താക്കിയതില്‍ അതൃപ്തി അറിയിക്കുന്നവരും ഉണ്ട്. എന്നാല്‍ ഈ താരങ്ങളെ ഒഴിവാക്കിയതില്‍ വ്യക്തമായ കാരണങ്ങളുണ്ട്. മികച്ച ബാറ്റസ്മാനാണ് റിഷഭ് പന്തെങ്കിലും ലോകകപ്പ് പോലുള്ള വലിയ മത്സരങ്ങള്‍ കളിക്കുമ്പോള്‍ പരിചയ സമ്പന്നത വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ രണ്ടാം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ ദിനേഷ് കാര്‍ത്തിക് തന്നെയാണ്. സ്ഥിരതയോടെയുള്ള ബാറ്റിംഗും പരിചയ സമ്പന്നതയും ഒപ്പം പന്തിനെക്കാള്‍ മികവുള്ള വിക്കറ്റ് കീപ്പിംഗുമാണ് കാര്‍ത്തിക്കിനെ പരിഗണിച്ചതിന്റെ അടിസ്ഥാനം.
ഒരു മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കൈയ്യടി നേടിയതുകൊണ്ട് മാത്രം ടീമില്‍ ഇടം നേടാന്‍ കഴിയില്ല. സ്ഥിരതയോടെയുള്ള ബാറ്റിംഗ് മികവാണ് ഇതിനാവശ്യം. ഫോമില്‍ സ്ഥിരതയില്ലെങ്കില്‍ പുറത്തുപോകേണ്ടി വരും. അതാണിപ്പോള്‍ അമ്പാട്ടി റായിഡുവിന്റെ കാര്യത്തില്‍ സംഭവിച്ചത്. ഇന്ത്യയുടെ തലവേദനയായിരുന്ന നാലാം നമ്പറില്‍ റായിഡുവെന്ന് ഉറപ്പിച്ചൊരു കാലഘട്ടമുണ്ടായിരുന്നു.
ലോകകപ്പ് ടീമില്‍ നിന്ന് റായിഡു പുറത്തായതിന് വ്യക്തമായ കാരണങ്ങളുണ്ട്. ന്യൂസിലാന്‍ഡിനെതിരെ വെല്ലിങ്ടണില്‍ നടന്ന അഞ്ചാം ഏകദിനത്തില്‍ 90 റണ്‍സ് നേടി റായിഡു ടീമിനെ വിജയത്തിലെത്തിച്ചെങ്കിലും ആസ്ട്രേലിയക്കെതിരെ ഇന്ത്യയില്‍ നടന്ന മൂന്ന് മത്സരങ്ങള്‍ റായിഡുവിന്റെ വിധിയെഴുതി. 2,18,13 എന്നിങ്ങനെയായിരുന്നു റായിഡുവിന്റെ സ്‌കോറുകള്‍. ആ പരമ്പര ഇന്ത്യ തോറ്റതോടെ റായ്ഡുവിനെ ആരാധകരും സെലക്ടര്‍മാരും കൈവിട്ടു. വിജയ് ശങ്കര്‍ ശ്രദ്ധ നേടുന്നതും ഈ പരമ്പരയില്‍ തന്നെയാണ്. ചെന്നൈ സൂപ്പര്‍കിങ്സിനായി കഴിഞ്ഞ ഐ.പി.എല്‍ സീസണിലെ പ്രകടനമാണ് റായിഡുവിനെ വീണ്ടും ടീമിലെത്തിച്ചത്. 16 മത്സരങ്ങളില്‍ നിന്നായി ഒരു സെഞ്ച്വറിയുള്‍പ്പെടെ റായിഡു നേടിയത് 602 റണ്‍സ്. സുരേഷ് റെയ്ന ഒഴിച്ചിട്ട നാലാം നമ്പറിലേക്കായിരുന്നു അന്ന് റായിഡുവിന്റെ വരവ്.
Leave a Comment