X

ഭൂമിയിലുള്ളതിനെക്കാള്‍ രണ്ടിരട്ടിയിലേറെ വലുപ്പമുള്ള പുഴകള്‍ ചൊവ്വയില്‍

ഷിക്കാഗോ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. നൂറിലധികമിടങ്ങളില്‍ പുഴയൊഴുകിയിരുന്നതായാണ് സയന്‍സ് അഡ്വാന്‍സസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലുള്ളത്.

ചൊവ്വയില്‍ വലിയ പുഴകള്‍ ഉണ്ടായിരുന്നതായി പഠനങ്ങള്‍ പറയുന്നു. ഭൂമിയിലുള്ളതിനെക്കാള്‍ രണ്ടിരട്ടിയിലേറെ വലുപ്പമുള്ളതും ശക്തിയുള്ളതും ഒഴുക്കുള്ളതുമായിരുന്നു ചൊവ്വയിലെ പുഴകളെന്നും നൂറുകോടി വര്‍ഷംമുമ്പുവരെ അവ അവിടെ ഉണ്ടായിരുന്നെന്നും പഠനങ്ങള്‍ പറയുന്നു. ഷിക്കാഗോ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. നൂറിലധികമിടങ്ങളില്‍ പുഴയൊഴുകിയിരുന്നതായാണ് സയന്‍സ് അഡ്വാന്‍സസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലുള്ളത്.

വെള്ളമൊഴുകിയതിന്റെ ചാലുകള്‍, പുഴയില്ലാതായതിനുശേഷമുള്ള എക്കല്‍ശേഖരം, നദീമുഖതുരുത്തുകള്‍ എന്നിവയുടെ ചിത്രങ്ങളും പുഴച്ചാലുകളുടെ വലുപ്പവുമാണ് പഠിച്ചത്. പുഴവെള്ളം അപ്രത്യക്ഷമായത് പ്രാദേശികപ്രതിഭാസമായിരുന്നില്ലെന്നും മറിച്ച് ചൊവ്വയുടെ എല്ലാഭാഗത്തുമുണ്ടായിരുന്നതായും ഗവേഷകര്‍ പറഞ്ഞു. ചൊവ്വയിലുണ്ടായ വലിയ കാലാവസ്ഥാമാറ്റം അതിന്റെ അന്തരീക്ഷം നഷ്ടപ്പെടാനും പുഴകള്‍ വറ്റിപ്പോയതാകാനും കാരണമായേക്കാമെന്നാണ് പഠനം പറയുന്നത്.

പ്രൊഫസര്‍ എഡ്വിന്‍ കൈറ്റാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. കാലാവസ്ഥയെക്കുറിച്ച് ഗവേഷകര്‍ മുന്നോട്ടുവെച്ച ഒട്ടേറെ സിദ്ധാന്തങ്ങള്‍ കൂടുതല്‍ വിശദമായി പരിശോധിക്കുന്നതിന് കണ്ടെത്തലുകള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.