X

ആഗോളതാപനം: കീടങ്ങള്‍ അപകടകാരികളാകും, കൃഷിയിടങ്ങള്‍ കീഴടക്കും

2021 ആകുമ്പോഴേക്കും ഭൂമിയിലെ ശരാശരി താപനില 20 ഡിഗ്രി ആകുമ്പോള്‍, ഗോതമ്പ് വിളകള്‍ 46%, അരി 19%, ധാന്യം 31% വരെ കുറയുമെന്ന് പ്രവചനം

വരള്‍ച്ചയും മോശം കാലാവസ്ഥയും മൂല വിളനാശം മാത്രമാവില്ല ആഗോളതാപനത്തിന്റെ അനന്തര ഫലങ്ങളെന്ന് പഠനം. ചൂട് കൂടുംതോറും കൂടുതല്‍ വിനാശകരമായ കീടങ്ങള്‍, വരും ദിവസങ്ങളില്‍ കൃഷിയിടങ്ങള്‍ കീഴടക്കിയേക്കും. ഭക്ഷ്യ വിളകളില്‍ ഭീകരമായ പ്രത്യാഘാതമുണ്ടാക്കാന്‍ കഴിയുന്ന തരത്തിലുള്ള പുല്‍ച്ചാടികളും, ചെറുപുഴുക്കളും, കൃമികീടങ്ങളും വരുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

ആഗോള താപനകാലത്ത് വിളകള്‍ നിയന്ത്രിക്കാനുള്ള മികച്ച പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ പുതിയ കണ്ടെത്തലുകള്‍ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, കീടങ്ങളെ നിയന്ത്രിക്കാന്‍ ചില മെച്ചപ്പെട്ട മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും സാധിക്കും. ആഗോളതാപനം വഴി, എല്ലാ പ്രാണികളിലും അവയുടെ മെറ്റബോളിസത്തിന്റെ തോത് വര്‍ദ്ധിപ്പിക്കും, തല്‍ഫലമായി പ്രാണികളുടെ എണ്ണവും വര്‍ദ്ധിക്കും.

പരിസ്ഥിതിയില്‍ വര്‍ധിച്ചുവരുന്ന താപ ഊര്‍ജ്ജമാണ് ഇതിന്റെ പിന്നിലെ കാരണം. ഇത് പ്രാണികളിലെ ജൈവ രാസസംവിധാനങ്ങള്‍ വേഗത്തിലാക്കുകയും, കൂടുതല്‍ കലോറി ലഭിക്കുന്നതിന് അതിജീവന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ അവയെ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഇത് പ്രാണികളെ കൂടുതല്‍ അപകടകാരികളാക്കും. ഏതാണ്ട് 10 വര്‍ഷം മുമ്പുതന്നെ ശാസ്ത്രജ്ഞര്‍ ഈ വസ്തുതയെക്കുറിച്ച് ബോധാവാന്മാരായിരുന്നു. അമേരിക്കയിലെ സിയാറ്റിലിലെ വാഷിങ്ങ്ടണ്‍ സര്‍വകലാശാലയില്‍ നടന്ന ഒരു പഠനം മുന്നറിയിപ്പ് നല്‍കിയതുമാണ്.

ഇപ്പോള്‍, അതേ ടീം തന്നെ പുറത്തുവിട്ട സമീപകാല പഠന റിപ്പോര്‍ട്ട് ഒരു ‘കമ്പ്യൂട്ടര്‍ മാതൃക’ വികസിപ്പിച്ചെടുത്ത് അവതരിപ്പിച്ചിരിക്കുകയാണ്. പ്രാണികളുടെ പരിണാമ നിരക്ക്, കാലാവസ്ഥ വ്യതിയാനത്തോടെ ജനസംഖ്യാ വളര്‍ച്ച തുടങ്ങി പ്രാണികളെകുറിച്ചുള്ള ഫിസിയോളജിക്കല്‍ ഡാറ്റയാണ് അതില്‍ പ്രതിപാദിക്കുന്നത്. ഭൂമിയുടെ ശരാശരി ഉപരിതല താപനിലയില്‍ ഒരു ഡിഗ്രി വര്‍ദ്ധനവ് ഉണ്ടാകുമ്പോള്‍ 10-25% വിളവ് കുറയും. കൂടാതെ, ആഗോളതാപനത്തിന്റെ ഫലമായി കീടങ്ങളുടെ വര്‍ദ്ധനവ് വിളകളുടെ കാര്യത്തില്‍ ഗുരുതരമായ പ്രശ്‌നം സൃഷ്ടിക്കേണ്ടതാണ്. ഇന്ന് ലോകത്ത് ഉത്പാദിപ്പിക്കുന്ന പ്രധാന വിളകളുടെ 5-10 ശതമാനവും പ്രാണികള്‍ ഭക്ഷിക്കുന്നുണ്ട്.

2021 ആകുമ്പോഴേക്കും ഭൂമിയിലെ ശരാശരി താപനില 20 ഡിഗ്രി ആകുമ്പോള്‍, ഗോതമ്പ് വിളകള്‍ 46%, അരി 19%, ധാന്യം 31% വരെ കുറയുമെന്ന് പുതിയ മോഡല്‍ പ്രവചിക്കുന്നു. ചൈനയും അമേരിക്കയും ഫ്രാന്‍സുമാകും ഏറ്റവും കൂടുതല്‍ കെടുതികള്‍ അനുഭവിക്കേണ്ടി വരിക. പുതുതായി അവതരിപ്പിച്ചത് ഒരു നല്ല മാതൃകയാണെങ്കിലും അതിന് പരിമിതികളും ഉണ്ടെന്ന് ചില ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ഉദാഹരണത്തിന് കീടങ്ങളെ ഇരകളാക്കി തിന്ന് ജീവിക്കുന്ന ജീവികളെകുറിച്ച് ഈ മോഡലില്‍ ഒന്നും പറയുന്നില്ല.

This post was last modified on September 25, 2018 3:01 pm