X

വിദ്യാഭ്യാസത്തിലെ ഗുജറാത്ത് മോഡൽ: സർക്കാർ സ്കൂളുകളിൽ 81.47% കുട്ടികൾക്കും സ്വന്തം ഭാഷ തെറ്റുകൂടാതെ എഴുതാനും വായിക്കാനും അറിയില്ല

ഭാഷയിലുള്ള ശേഷിക്കുറവ് ശാസ്ത്രം അടക്കമുള്ള മറ്റു വിഷയങ്ങൾ പഠിക്കുന്നതിന് തടസ്സമാകുന്നുണ്ട്.

ഗുജറാത്തിലെ സർക്കാർ സ്കൂളുകളിലെ 81.47 ശതമാനം കുട്ടികൾക്കും ഗുജറാത്തി ഭാഷ തെറ്റുകൂടാതെ എഴുതാനും വായിക്കാനും കഴിയില്ലെന്ന് പഠനം. വിദ്യാഭ്യാസ നിലവാരം അളക്കാനായി സർക്കാർ തന്നെ സംഘടിപ്പിച്ച പഠനത്തിലാണ് ഈ വിവരമുള്ളത്. ഭാഷാപരമായ ഈ ശേഷിക്കുറവ് ശാസ്ത്രവിഷയങ്ങളുടെ പഠനത്തെയും ബാധിക്കുന്നുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മൂന്നാംതരം മുതൽ എട്ടാംതരം വരെയുള്ള കുട്ടികൾക്കിടയിലാണ് പഠനം നടത്തിയത്. ആകെ 43 ലക്ഷം വിദ്യാർത്ഥികളെ പഠനവിധേയമാക്കി. അതെസമയം കഴിഞ്ഞവർഷം നവംബർ മാസത്തിൽ നടത്തിയ പഠനം പറയുന്ന കണക്കുകളെ അപേക്ഷിച്ച് ഇപ്പോഴത്തെ (2019 ഏപ്രിൽ) കണക്കുകളിൽ സാരമെന്ന് വിളിക്കാവുന്ന പുരോഗമനപരമായ മാറ്റമുണ്ട്. കഴിഞ്ഞവർഷം നവംബറിൽ 86.51% കുട്ടികൾക്ക് ശരിയായ രീതിയിൽ സ്വന്തം ഭാഷ കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇത് ഏപ്രിൽ 2019 ആയപ്പോഴേക്കും 81.47% ആയി കുറഞ്ഞിട്ടുണ്ട്.

സംസ്ഥാനത്തെ വിദ്യാഭ്യാസ വ്യവസ്ഥ മെച്ചപ്പെടുത്താൻ ഗുജറാത്ത് ഏറെക്കാലമായി വിവിധ പദ്ധതികൾ നടപ്പാക്കി വരുന്നുണ്ടെങ്കിലും ഒന്നും അത്രയ്ക്കങ്ങ് ഏശുന്നില്ല. ‘ഗുണോത്സവ്’ എന്ന പേരിലാണ് വിദ്യാഭ്യാസ നിലവാരമുയർത്താനുള്ള പദ്ധതി സർക്കാര്‌ നടപ്പാക്കുന്നത്. ‘ശാല പ്രവേശനോത്സവ്’ എന്ന പേരിൽ സ്കൂളുകളിലേക്ക് കുട്ടികളെ അയയ്ക്കാൻ മാതാപിതാക്കളെ പ്രേരിപ്പിക്കുന് പദ്ധതിയും നടപ്പിലാക്കി വരുന്നു. ഇവ നടപ്പാക്കാൻ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും കാര്യമായ നേട്ടമൊന്നും ഉണ്ടായിട്ടില്ല.

ഡോ. സൗമി മാത്യൂസ്‌: എച്ച്‌ഐവി ചികിത്സയിലെ നാഴികക്കല്ലായ കണ്ടുപിടിത്തത്തില്‍ ഈ മലയാളിയുമുണ്ട്

2018 നവംബർ മാസത്തിലെ പഠന റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ സർക്കാർ വിദ്യാലയങ്ങളിൽ ‘മിഷൻ വിദ്യ’ എന്ന പേരിൽ ഗുണനിലവാരം കൂട്ടാനുള്ള പ്രത്യേക പദ്ധതിയും നടപ്പാക്കിയിരുന്നു. ഇതുവഴി ചെറിയതെങ്കിലും ഗുജറാത്തിലെ പൊതുസ്ഥിതി വെച്ചു നോക്കുമ്പോൾ സാരമെന്ന് വിളിക്കാവുന്ന നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

പഠനം പറയുന്നത് നവംബർ 2018ൽ ആറാംതരത്തിനും എട്ടാംതരത്തിനുമിടയിൽ പഠിക്കുന്ന കുട്ടികൾ ശാസ്ത്രവിഷയങ്ങൾക്ക് നേടിയത് 50 ശതമാനത്തിൽ താഴെ മാർക്കാണ്. ഏപ്രിൽ 2019 എത്തിയപ്പോഴേക്ക് ഇത് 81.35 ആയി കുറച്ചു കൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.

സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ 2018ലെ നവംബർ മാസത്തിൽ 75.56 ശതമാനം കുട്ടികൾ 50 ശതമാനത്തിൽ താഴെ മാർക്കാണ് വാങ്ങിയിരുന്നത്. ഇത് 2019 ഏപ്രിൽ മാസമെത്തിയപ്പോഴേക്ക് 67.51 ശതമാനമാക്കി കുറയ്ക്കാൻ സാധിച്ചു.

സർക്കാർ സ്കൂളുകളിൽ ഈ പഠനത്തിൽ കാണുന്നതിനുമപ്പുറത്ത് നിരവധിയായ പ്രശ്നങ്ങൾ വേറെയുമുണ്ടെന്ന് ഈ പഠനം നടത്തിയ സംഘത്തിലുൾപ്പെട്ട ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഭാഷയിലുള്ള ശേഷിക്കുറവ് ശാസ്ത്രം അടക്കമുള്ള മറ്റു വിഷയങ്ങൾ പഠിക്കുന്നതിന് തടസ്സമാകുന്നുണ്ട്. വരും മാസങ്ങളിൽ കൂടുതൽ ഊർജ്ജസ്വലമായ പ്രവർത്തനങ്ങളിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തങ്ങൾ നടത്തുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

This post was last modified on July 9, 2019 7:41 pm