X

ഭാവിയിലെ നഗരങ്ങളൊക്കെ നിർമ്മിക്കാൻ പോകുന്നത് യന്ത്ര മനുഷ്യരായിരിക്കുമോ? ഉത്തരം ഇതാണ്

നിർമ്മാണ ഘട്ടത്തിൽ മനുഷ്യരും മറ്റ് ജീവികളും ചെറു സമൂഹങ്ങളോ കൂട്ടങ്ങളോ ഗണങ്ങളോ ആയി തിരിയുന്നത് പോലെ റോബോട്ടുകളുടെ  കാര്യത്തിലും സംഭവിച്ചേക്കാം എന്നും ശാസ്ത്രജ്ഞർ പ്രവചിക്കുന്നുണ്ട്.

മനുഷ്യന്റെ വെറുമൊരു കണ്ടെത്തലായ റോബോട്ടുകൾ മനുഷ്യരേക്കാൾ വളരുകയും ഈ ലോകത്ത് അവരുടെ ആധിപത്യം പുലരുകയും ചെയ്യുന്ന പല കഥകളും സിനിമകളും നമ്മൾ കാണാറുള്ളതാണ്. ഈ കല്പിത കഥകളൊക്കെ സത്യമാകാൻ തുടങ്ങുന്നുവെന്ന സൂചനയാണ് ഇപ്പോൾ  പുറത്ത് വരുന്നത്. റോബോട്ടുകൾക്ക് പ്രകൃതിയെ അനുകരിക്കാനും ഒരു മുഴുവൻ നഗരമോ ഗ്രാമമോ ചുരുങ്ങിയ സമയത്തിനുള്ളിൽ സൃഷ്ടിച്ചെടുക്കാനും കഴിഞ്ഞേക്കുമെന്നതാണ് ശാസ്ത്ര ലോകത്തുനിന്നുള്ള ഞെട്ടിക്കുന്ന കണ്ടെത്തൽ.

നഗരത്തിന്റെ നിർമ്മാണം കൃത്യമായിട്ട് ആസൂത്രണം  ചെയ്യുന്നതുൾപ്പടെ ആരും വിശ്വസിക്കാത്ത പല കാര്യങ്ങളും റോബോട്ടുകൾക്ക് ചെയ്യാനാകുമെന്നാണ് ലണ്ടനിലെ ഇമ്പീരിയൽ കോളേജിലെ ഒരു കൂട്ടം ഗവേഷകർ ഉറപ്പിച്ച് പറയുന്നത്. നഗരരം നിർമിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളിൽ റോബോട്ടുകൾക്ക് സ്വയം തീരുമാനങ്ങൾ എടുക്കാനാകും. നഗരവും കെട്ടിടങ്ങളും റോഡുകളും നിർമ്മിക്കാൻ ഒരു കൂട്ടം മനുഷ്യർ എടുക്കുന്ന സമയത്തിന്റെ ചെറിയ ഒരു ശതമാനം മാത്രം മതി റോബോട്ടുകൾക്ക് ഇവയൊക്കെ നിർമ്മിക്കാൻ. മനുഷ്യർ ചെയ്യുന്ന കഠിന ജോലികളും അപകടകരമായ ജോലികളും റോബോട്ടുകൾ  നിമിഷങ്ങൾ കൊണ്ട് ചെയ്തു തീർക്കും.

ഒരു നഗരവാസിയ്ക്ക് വേണ്ടുന്ന സൗകര്യങ്ങൾ എന്തൊക്കെ എന്ന് മനസിലാക്കികൊണ്ടാകും  റോബോട്ടുകൾ ഓരോ കെട്ടിടങ്ങളും നിർമ്മിക്കുക. തങ്ങൾ ചെയ്യുന്നതിന്റെ കൃത്യമായ കണക്കുകളും വിവരങ്ങളും ഉത്തരവാദിത്തത്തോടെ റോബോട്ടുകൾ രേഖപ്പെടുത്തി വെയ്ക്കും. നാളെയുടെ നഗരങ്ങൾ എല്ലാം തന്നെ റോബോട്ടുകൾ നിർമ്മിച്ചവയായിരിക്കുമെന്നാണ് ജേർണൽ സയൻസ് റോബോട്ടിക്‌സ് പ്രസിദ്ധീകരിച്ച ലേഖനം സാക്ഷ്യപ്പെടുത്തുന്നത്. പരസ്പര സഹകരത്തോടെ നഗരത്തിലെ സാമൂഹ്യ സ്ഥാപനങ്ങൾ എങ്ങനെയാണു പ്രവർത്തിക്കുന്നതെന്ന് പോലും  ഈ യന്ത്ര മനുഷ്യർക്ക് ധാരണയുണ്ടാകും എന്ന് കൂടി ശാസ്ത്രജ്ഞർ നിരീക്ഷിച്ചതോടെ എല്ലാവര്ക്കും അത്ഭുതവും ആകാംഷയും പെരുകുകയാണ്. നിർമ്മാണ ഘട്ടത്തിൽ മനുഷ്യരും മറ്റ് ജീവികളും ചെറു സമൂഹങ്ങളോ കൂട്ടങ്ങളോ ഗണങ്ങളോ ആയി തിരിയുന്നത് പോലെ റോബോട്ടുകളുടെ  കാര്യത്തിലും സംഭവിച്ചേക്കാം എന്നും ശാസ്ത്രജ്ഞർ പ്രവചിക്കുന്നുണ്ട്.