X

ആണവ പരീക്ഷണശാലയിലെ ദുരൂഹ സ്ഥോടനം, റേഡിയോ ആക്ടീവ് ഐസോടോപ്പുകൾ പുറന്തള്ളപ്പെട്ടെന്ന് റഷ്യ

“ടെക്നോജെനിക് റേഡിയോനുക്ലൈഡുകൾ” എന്ന് വിശേഷിക്കപ്പെടുന്ന - സ്ട്രോൺഷ്യം -91, ബേറിയം -139, ബേറിയം -140, ല്വന്തനം -140 എന്നീ ഐസോട്ടോപ്പുകളാണ് കണ്ടത്തിയിട്ടുള്ളത്.

റഷ്യൻ ദേശീയ ആണവോർജ്ജ ഏജൻസി റോസാറ്റോമിന്റെ രാജ്യത്തെ പ്രമുഖ പരീക്ഷണ ശാലയിൽ ഈ മാസമാദ്യം ഉണ്ടായ സ്ഫോടനത്തിന് പിന്നാലെ ആണവ വികിരങ്ങൾ പുറത്തെത്തിയതായി സ്ഥിരീകരണം. അഞ്ചു ശാസ്ത്രജ്ഞർ കൊല്ലപ്പെട്ട ദുരൂഹ സ്ഫോടനം നടന്ന സ്ഥലത്തിന് 29 കിലോ മീറ്റർ മാറി സെർവോഡ് വിൻസ്ക് നഗരത്തിലാണ് ക്രമാതീതമായ തോതിൽ റേഡിയോ ആക്ടീവ് ഐസോടോപ്പുകൾ സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു.

“ടെക്നോജെനിക് റേഡിയോനുക്ലൈഡുകൾ” എന്ന് വിശേഷിക്കപ്പെടുന്ന – സ്ട്രോൺഷ്യം -91, ബേറിയം -139, ബേറിയം -140, ല്വന്തനം -140 എന്നീ ഐസോട്ടോപ്പുകളാണ് കണ്ടത്തിയിട്ടുള്ളത്. ഇവ അതിവേഗം ജീർണ്ണിച്ച് കൊണ്ടിരിക്കുന്ന റേഡിയോ ആക്ടീവ് പദാർത്ഥങ്ങളാണ്, തുറന്ന വായുവിൽ അപകടകരമായ നിഷ്ക്രിയ റേഡിയോ ആക്ടീവ് വാതകങ്ങൾ പുറപ്പെടുവിക്കുന്നവയാണ്. അതിനാൽ തന്നെ ചുരുങ്ങിയ കാലത്തേക്കെങ്കിലും അപകടകരമായ അവസ്ഥയിലുള്ള റേഡിയേഷനുകൾ നഗരത്തിൽ സൃഷ്ടിക്കാനിടയുണ്ടെന്നും അന്തരീക്ഷ നിരീക്ഷണ കേന്ദ്രം പറയുന്നു. ‌

സ്ഫോടനം നടന്നതിന് പിന്നാലെ ഓഗസ്റ്റ് 8 ന് സെർവോഡ് വിൻസ്ക് സിറ്റി ഗവൺമെന്റ് ഇതിന് സമാനമായ മുന്നറിയിപ്പ് വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത ഔദ്യോഗിക പ്രസ്താവനയിലായിരുന്നു കണ്ടെത്തലുകൾക്ക് ബലം നൽകുന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നത്. റേഡിയോ ആക്ടീവ് വസ്തുക്കൾ പുറന്തള്ളപ്പെട്ടിട്ടില്ലെന്ന് റഷ്യൻ സൈന്യം വ്യക്തമാക്കിയതിന് പിന്നാലെ ഇത് അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു. എന്നാൽ, റഷ്യൻ ആണവോർജ്ജ ഏജൻസി സ്ഥിതിഗതികൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും നിലവിലെ റേഡിയോ അക്ടീവ് സാന്നിധ്യങ്ങൾക്ക് അപ്പുറത്ത് മറ്റൊന്നും കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.

അപകടത്തിന് പിന്നാലെ റേഡിയേഷന്റെ അളവ് സാധാരണ നിലയേക്കാൾ നാലിരട്ടി മുതൽ 16 ഇരട്ടി വരെ ഉയർന്നതായി നേരത്തെ റോസാറ്റോമിന്റെ പ്രസ്താവനയിലും വ്യക്തമാക്കിയിരുന്നു. രാജ്യത്തെ വെള്ളക്കടൽ തീരത്ത് മിലിട്ടറി ആസ്ഥാനത്താണ് ആയുധ പരീക്ഷണം നടത്തവെ പൊട്ടിത്തെറിയുണ്ടായത്. ബ്യുറേവെസ്റ്റിനിക് ക്രൂയിസ് മിസൈലുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടക്കുന്നതിടെയാണ് അപകടമെന്ന് അമേരിക്കൻ വിദഗ്ദ്ധൻ ആരോപിച്ചിരുന്നു.

Read More- 65 പോലീസുകാരുടെ ആത്മഹത്യ എത്രയോ നിസാരം, നിങ്ങള്‍ ഹൃദയസ്തംഭന മരണങ്ങളുടെ കണക്കെടുക്കൂ, വിവാഹ മോചനങ്ങളുടെയും; കേരള പോലീസിനുള്ളിലെ ‘ഇന്‍സ്റ്റിറ്റ്യൂഷന്‍ കൊലകള്‍’