X

സ്ത്രീകളുടെ മസ്തിഷകത്തിന് പുരുഷന്‍മാരുടേതിനെക്കാള്‍ 4 വയസ്സ് കുറവാണ്; എന്തുകൊണ്ടെന്ന് ചിന്തിച്ച് ശാസ്ത്രലോകം

20 മുതൽ 82 വയസുവരെ പ്രായമുള്ളവരിൽ നിന്നും തിരഞ്ഞെടുത്ത 84 പുരുഷന്മാരെയും 121 സ്ത്രീകളെയുമാണ് പരിശോധന വിധേയമാക്കിയത്

സ്ത്രീകൾ പുരുഷന്മാരേക്കാൾ മനസ്സ് കൊണ്ട് കുറച്ചുകൂടി ചെറുപ്പമാണ്. ഇത് വെറുതെ പറയുന്നതല്ല, ഒരു സ്ത്രീയുടെ മസ്തിഷ്‌കം അതെ വയസുള്ള പുരുഷനേക്കാൾ 4 വയസ്സ് ചെറുപ്പമായിരിക്കുമെന്നാണ് അമേരിക്കയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ കണ്ടെത്തിയത്. കൗമാരക്കാരിൽ മുതൽ വർധക്യത്തിലേക്കെത്തിയവരിൽ വരെ ഈ വ്യത്യാസം വളരെ പ്രകടമാണെന്നാണ് ഗവേഷകർ പറയുന്നത്. ഊർജം ഉപയോഗിക്കുന്ന അളവ് നോക്കിയാണ് തലച്ചോറിന്റെ പ്രായം കണക്കാക്കുന്നത്. സ്ത്രീകളിൽ ഈ പ്രക്രിയ കുറച്ച് പതുക്കെയാണ് നടക്കുക. സ്ത്രീകളുടെ മാത്രം മസ്തിഷ്കത്തിന്റെ പ്രായം യഥാർത്ഥ പ്രായത്തേക്കാൾ ശരാശരി 4 വയസ്സെങ്കിലും കുറവാണെന്ന് മനസിലായതോടെ ലിംഗ ഭേദവും ഒരു വ്യക്തിയുടെ തലച്ചോറിന്റെ പ്രവർത്തനവും തമ്മിൽ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തെളിഞ്ഞു. മസ്തിഷ്കത്തിന്റെ മെറ്റബോളിസം നിരക്കുകൾ പ്രായത്തിനൊപ്പം മാറുമെങ്കിലും അത് ലിംഗത്തിനനുസരിച്ച് മാറുമെന്നത് ശാസ്ത്ര ലോകത്തിന് പുതിയ അറിവായിരിക്കുമെന്ന് പഠന ഗ്രൂപ്പിൽ ഉൾപ്പെട്ട  വാഷിങ്ടൺ സർവകലാശാലയിലെ ന്യൂറോബിയോളജിസ്റ് മർക്കസ് റെയ്ച്ചൽ പറഞ്ഞു.

പോസിസ്‌ട്രോൺ എമിഷൻ ടോർണോഗ്രഫി എന്ന എന്ന മസ്തിഷ്ക പരിശോധന രീതി ഉപയോഗിച്ചാണ് ഗവേഷകർ മസ്തിഷ്‌കത്തിന്റെ പ്രായം അളക്കുന്നത്. തലച്ചോറിലേക്ക് പ്രവഹിക്കുന്ന ഓക്സിജന്റെയും ഗ്ളൂക്കോസിന്റെയും അളവുകൾ ഈ പ്രക്രിയ ഉപയോഗിച്ച് കണ്ടെത്തി പട്ടികപ്പെടുത്തുന്നു. സ്കാൻ ചെയ്ത ലഭിച്ച വിവരങ്ങൾ ഒരു കമ്പ്യൂട്ടറിൽ രേഖപ്പെടുത്തി പ്രത്യേക അൽഗോരിതം ഉപയോഗിച്ച് ഈ തലച്ചോറിന് ഏകദേശം എത്ര പ്രായം വരും എന്ന് ഊഹിക്കുന്നു. തലച്ചോറിന്റെ പ്രായം സ്ത്രീകളുടെയും പുരുഷൻമാരുടെയും പ്രത്യേക കോളങ്ങളിൽ പട്ടികപ്പെടുത്തിയപ്പോഴാണ് ഈ ഞെട്ടിക്കുന്ന വസ്തുത ശാസ്ത്രലോകം തിരിച്ചറിയുന്നത്.

20 മുതൽ 82 വയസുവരെ പ്രായമുള്ളവരിൽ നിന്നും തിരഞ്ഞെടുത്ത 84 പുരുഷന്മാരെയും 121 സ്ത്രീകളെയുമാണ് പരിശോധന വിധേയമാക്കിയത്. പഞ്ചസാര ഊർജ്ജമാക്കി മാറ്റുന്ന പ്രക്രിയയുടെ തോത് പ്രായമാകുന്തോറും കുറഞ്ഞു വരാറുണ്ട്. 60 വയസ് കഴിയുന്നതോടെ അത് ഏറ്റവും കുറഞ്ഞ അളവിലേക്കെത്തുന്നു. ഈ ഊർജ ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലാണ് തലച്ചോറിന്റെ വിവിധ ഭാഗങ്ങളുടെ പ്രായം കണക്കാക്കാറുള്ളത്.

സ്ത്രീകളുടെ തലച്ചോറിന് പ്രായം കുറവായിരിക്കുമെന്ന് ഏകദേശം ഉറപ്പായി. എന്നാൽ ഇത് എന്തുകൊണ്ടാണെന്നാണ് ഇപ്പോഴും വ്യക്തമാകാത്തത്. സ്ത്രീ പുരുഷന്മാരിൽ ആർക്കാണ് എളുപ്പത്തിൽ ഓർമ്മകൾ നഷ്ടമാകുന്നതെന്നും, എന്തുകൊണ്ടാണ് ലിംഗ ഭേദം വളരെ നിർണ്ണായകമാകുന്നതെന്നും അന്വേഷിക്കുന്ന തുടർ പഠനങ്ങൾ  നടത്താനിരിക്കുകയാണെന്ന് ഗവേഷകർ പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.