X

സെല്‍ഫി മൂലമുണ്ടാകുന്ന അപകട മരണങ്ങള്‍ ഏറ്റവുമധികം ഇന്ത്യയില്‍

അഴിമുഖം പ്രതിനിധി

സെല്‍ഫി ഭ്രാന്ത് ആളുകളെ ഏറ്റവുമധികം മരണത്തിലേയ്ക്ക് നയിക്കുന്നത് ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. സ്വയം പ്രദര്‍ശിപ്പിക്കാനുള്ള ത്വരയുണ്ടാക്കുന്ന സെല്‍ഫി ഭ്രാന്ത് പലരേയും സംബന്ധിച്ച് ദുരന്തമായി മാറുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ലോകത്ത് 127 പേര്‍ സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെയുണ്ടായ അപകടത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 76 പേരും ഇന്ത്യയിലുമാണ്.

അമേരിക്കയിലെ കാര്‍നീഗ് മെല്ലന്‍ സര്‍വകലാശാലയിലേയും ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷനിലേയും ഗവേഷകര്‍ നടത്തിയ പഠനമാണ് ഇക്കാര്യം പറയുന്നത്. മീ, മൈസെല്‍ഫ്, ആന്‍ഡ് മൈ കില്‍ ലൈഫ് എന്ന തലക്കെട്ടിലുള്ള പഠന റിപ്പോര്‍ട്ട് ഒരു ബ്ലോഗിലാണ് വന്നത്. ഇന്ത്യ കഴിഞ്ഞാല്‍ പാകിസ്ഥാന്‍ (9), അമേരിക്ക (8), റഷ്യ (6) എന്നീ രാജ്യങ്ങളാണുള്ളത്. ഈ രാജ്യങ്ങളിലേയും ഇന്ത്യയിലേയും മരണസംഖ്യ എടുത്താല്‍ ഇന്ത്യക്കാരുടെ സെല്‍ഫി ഭ്രാന്തിന്‌റെ വലിപ്പം വ്യക്തമാവും.

റെയില്‍വേ പാളത്തില്‍ ട്രെയിന്‍ വരുമ്പോള്‍ സെല്‍ഫി എടുക്കുക, കടലില്‍ വലിയ തിരയടിക്കുമ്പോള്‍ അങ്ങോട്ടിറങ്ങി സെല്‍ഫിയെടുക്കുക, മലമുകളിലും കുന്നിന്‍ ചെരുവിലും കൊക്കയിലേയ്ക്ക് വീഴാന്‍ പാകത്തില്‍ നിന്ന് സെല്‍ഫിയെടുക്കുക തുടങ്ങിയ അന്തമില്ലാത്ത സാഹസങ്ങളാണ് ഇവര്‍ ചെയ്യുന്നത്. കൂടുതല്‍ പേരും 24 വയസിന് താഴെയുള്ളവരാണ്. മലമുകളില്‍ നിന്നും കെട്ടിടത്തിന് മുകളില്‍ നിന്നും സെല്‍ഫി എടുക്കുമ്പോള്‍ മരിച്ചവരാണ് കൂടുതല്‍ (29). സെല്‍ ഫി ഡെയ്ഞ്ചര്‍ സോണ്‍ ബോഡുകള്‍ ആവശ്യമായ സ്ഥലങ്ങളില്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ നിര്‍ദ്ദേശിച്ചിരുന്നു. മുംബയ് പൊലീസ്, നഗരത്തിലെ 16 കേന്ദ്രങ്ങളെ നോ സെല്‍ഫി സോണുകളായി പ്രഖ്യാപിച്ചിരുന്നു.

കൂടുതല്‍ വായിക്കൂ; https://goo.gl/KiSH6V

This post was last modified on November 17, 2016 5:28 pm