X

ജീവിതത്തിന് തന്റേതല്ലാത്ത ചില കാരണങ്ങളുണ്ട്, അഥവാ സമൂഹം അലമ്പുണ്ടാക്കാതെ പിരിഞ്ഞുപോണം

പ്രിയന്‍ അലക്സ്

 

ജീവിതത്തിന്റെ ലഹരി ലൈംഗികതയാണോ? ജനിച്ചുവീഴുന്ന കുട്ടിയില്‍നിന്ന്, മരണം വരെ ചോദനകളുടെ ലൈംഗികകല്പനകളെ ഏറെക്കുറെ ജന്തുസഹജമായിത്തന്നെ വിവരിച്ചത് ഫ്രോയ്ഡാണ്. പക്ഷെ മൃഗങ്ങള്‍ക്കില്ലാത്ത ഒന്ന് നമ്മുടെ ലൈംഗികതയിലുണ്ട്. അത് നഗ്നതയാണ്. നഗ്നതയെക്കുറിച്ചുള്ള നമ്മുടെ വിചാരാത്മകത, സാംസ്ക്കാരികവും, സാമൂഹികവുമായ ചരിത്രത്തില്‍ എഴുതപ്പെടുന്നു. ചരിത്രത്തിലില്ലാത്തതൊന്നും നമ്മുടെ നഗ്നതയിലില്ല. ആണെന്നും പെണ്ണെന്നുമുള്ള ബോധപരിമിതികള്‍ പോലും ആഴത്തില്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്നു. എങ്കിലോ ആണവസ്ഥകളെയും പെണ്ണവസ്ഥകളെയും മാനവീകരിക്കാതെ, ഭിന്നലൈംഗികതയെക്കുറിച്ച് ഭയപ്പെടുന്ന മതാത്മകത മുഖ്യധാരാസമൂഹത്തെ വിഴുങ്ങിയിരിക്കുന്നു. മുഖ്യധാരാസമൂഹം കീഴാളത്തത്തെ സാംസ്ക്കാരികമായി വിഴുങ്ങുന്നു. ശീലങ്ങൾ ആചാരമാക്കി, നിയതമാക്കി (normative) മാറ്റുകയാണ്.

സ്വാതന്ത്ര്യസമരസേനാനികളിൽ ഒരാൾ മാത്രമേ സത്യം പറഞ്ഞുള്ളൂ. ജയിലിൽ യഥാർത്ഥത്തിൽ അനുഭവിക്കുന്നത് സ്വാതന്ത്ര്യസമരമല്ല, ലൈംഗിക അടിച്ചമർത്തൽ മാത്രമാണെന്ന്. അത് ബഷീറാണ്. ബഷീറിന്റെ മതിലുകളാണ്. (ബി. രാജീവന്റെ ബഷീർ പഠനങ്ങളിൽ ഇത് വിവരിച്ചിട്ടുണ്ട്). “ഏതായാലും വന്മതിലിനു വെളിയിൽ… ദൂരെ… ദൂരെയുള്ള റോഡേ സ്ത്രീപുരുഷന്മാർ ഈ ചെറിയ ജയിലിലെ വിവരമൊന്നുമറിയാതെ നടന്നുപോകുന്നു. സുഹൃത്തുക്കളേ, ഒന്നിങ്ങോട്ട് തിരിഞ്ഞുനോക്ക്. ഞാൻ പറയുന്നത് സ്ത്രീജനങ്ങളോടാണ്. ഒന്നു തിരിഞ്ഞുനോക്കൂ! നിങ്ങളെ ഒന്ന് കണ്ട് കൺ കുളിർപ്പിക്കട്ടെ! ഞാൻ ഈ പറയുന്നത് ജയിലിലുള്ള ഓരോ പുരുഷനും പറയാൻ കഴിയും. എന്റെ വികാരവിചാരങ്ങൾതന്നെ ഓരോ ജയിൽ‌പ്പുള്ളിയുടേതെന്നു വിചാരിക്കുക. ഞങ്ങളുടെ ഏകാന്തതരാത്രികൾ. ഞങ്ങളുടെ ഏകാന്തചിന്തകൾ… ഞങ്ങളുടെ ലൈംഗികസ്വപ്നങ്ങൾ. ഏതായാലും ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് ചുഴിഞ്ഞിറങ്ങാതിരിക്കുന്നതാണ് നല്ലത്”. എന്നാലോ നെഹ്രു ജയിലിലിരുന്ന് ഇന്ത്യയെ കണ്ടെത്തി. കനത്ത മതിലുകളുടെ ശവകുടീരമാണ് ജീവിതം എന്ന് ലോർക്കയുടെ കവിതയുണ്ട്. ജിപ്സികളെക്കുറിച്ച് ലോർക്ക സ്പെയിൻകാരെ ഓർമ്മപ്പെടുത്തിയപോലെ ജയിലിനെക്കുറിച്ചും ലൈംഗികതെയുക്കുറിച്ചും നമ്മെ ബഷീർ ഓർമ്മപ്പെടുത്തി. ബഷീർ അനുസ്മരണങ്ങളിൽ ഇതൊരിക്കലും ഓർമ്മിക്കാറില്ല. സുൽത്താനും, മങ്കോസ്റ്റിനും, അങ്ങേരുടെ വീട്ടിൽ‌പ്പോയി മരം നടീലും നടത്തുമെങ്കിലും.
 
ലിംഗം എന്നത് ബയോളജിക്കൽ ആണെന്നത് ഒരു സ്ഥിരബോധമാണ്. എല്ലാ ജീവജാലങ്ങളിലുമെന്നപോലെയല്ല പക്ഷെ. അതിന്റെ സ്വത്വപരിമിതികളും സാധ്യതകളും സ്വത്വാഭിമാനവും സാമൂഹികമാണ്. പരോക്ഷയാഥാർത്ഥ്യങ്ങളെ വിസ്മരിക്കാനാവില്ല. ഇതിനെയാണ് അട്ടിമറിക്കേണ്ടത്. അടക്കവും ഒതുക്കവും സ്ത്രീകളെ ശീലിപ്പികാനും, പുരുഷനെ ആണത്തം പഠിപ്പിക്കാനും മാത്രമേ ഈ സ്വത്വപരിമിതി ഉപകരിക്കുന്നുള്ളൂ. അഥവാ അത്തരമൊരു സ്വത്വവിലക്കും conformity-യും അടിച്ചേൽ‌പ്പിച്ചിരിക്കുന്നു. അത് ഒരു സാമൂഹികക്രമത്തിന് (social order) വഴിതെളിച്ചിരിക്കുന്നു. അത് ആണത്തകേന്ദ്രീകൃതമാവുന്നു. ആ സ്വത്വത്തിൽ (identity) വിശ്വസിക്കാത്തവർ അവരുടേ ലിംഗത്താലും ലിംഗബോധത്താലും അധിക്ഷേപിക്കപ്പെടുന്നു. ഈ അധിക്ഷേപം നിയന്ത്രിതസമൂഹത്തിനു (controled society) ചേർന്നതാണ്. 
 
ഭിന്നതകളെ കോട്ടയ്ക്കുള്ളിൽ അടച്ചുപൂട്ടിയിരിക്കുകയാണ്. രക്ഷിക്കാനായി ഒരു രാജകുമാരനും വരികയില്ല. രാജകുമാരി സ്വയം രക്ഷപെടുകതന്നെ വേണം. ലിംഗം എന്നത് ഒരു വ്യവഹാരമോ ആശയവിനിമയമോ (discourse) ആകുന്ന രീതിയുണ്ട്. അത് തികച്ചും സ്വാഭാവികമായി സംഭവിക്കേണ്ടതാണ്. അതിലാ‍ണ് ഏകപ്രതീക്ഷ. അത് സംഭവിച്ചാൽ പാരമ്പര്യം തകരും. നിയോഫ്യൂഡലുകളില്ലാതാവും, പെൺഭ്രൂണഹത്യകൾ അവസാനിക്കും. സ്കാനിങ്ങ് സെന്ററുകൾ അടച്ചുപൂട്ടും. നമ്മുടെ സാമൂഹികസമരങ്ങൾ അത്തരമൊരു ദൌത്യത്തെ ഏറ്റെടുക്കുമോ? വലിയ ചോദ്യമതാണ്.
 
ഇതിന് എന്തെങ്കിലും രാഷ്ട്രീയമാനങ്ങളുണ്ടോ? ലോർക്കയെ കടമെടുത്തുകൊണ്ട് ലിംഗരാഷ്ട്രീയത്തെക്കുറിച്ച് ഒന്നു പറയാം. ഇത് രാഷ്ട്രീയമല്ല, വിപ്ലവമാണ്. കാരണമുണ്ട്. ലിംഗം എന്ന അവയവം, ലിംഗം എന്ന ബോധത്തെ പിൻപറ്റുന്നതാണല്ലോ. അത് അത്രയും വിശിഷ്ടമാണെങ്കിൽ നാവിന് അതിലേറെ വൈശിഷ്ട്യമുണ്ടാവണ്ടേ? നാവിന് ഭക്ഷണം കഴിക്കാനും, രുചിയറിയാനും, ഭാഷ ഉച്ചരിക്കാനും ഉപയോഗമില്ലേ? വായ്നാറ്റമുണ്ടെങ്കിൽ നിങ്ങളോടാരും സംസാരിക്കില്ല എന്നുപരസ്യം ചെയ്യുന്നത് ടൂത്ത്പേസ്റ്റ് കമ്പനികളാണ്. വലിപ്പക്കുറവും, ശീഘ്രസ്ഖലനവും രഹസ്യരോഗങ്ങളും ലിംഗാഭിമാനത്തിന്റെ പരോക്ഷവ്യവഹാരങ്ങളാണ്. ലിംഗാ‍ധികാരത്തിനെ ചൂണ്ടിക്കാണിക്കുന്ന വിപണി പ്രയോഗങ്ങളാണ്. ലിംഗത്തിലേക്കെത്തുന്ന, അല്ലെങ്കിൽ ലിംഗാരാ‍ധനയുടെ ദൈവമിത്ത്, ദൈവം ആണാവുന്ന, രാജാവ് ദൈവമാവുന്ന രാഷ്ട്രീയമാണ്. I am the state എന്നുപറയുന്നപോലെയാണത്. 
 
വിവാഹച്ചടങ്ങുകളൊക്കെയും ഒരുതരം speech act- കൾ മാത്രമല്ലേ. ആശയപ്രകാശനമല്ലല്ലോ. ഭാഷ ഒരു പ്രവൃത്തിയാവുന്നു എന്ന് വ്യക്തം. ഒരു വാക്കിന് ഒരു അർത്ഥമുണ്ട് എന്ന് സങ്കല്പിക്കുന്നുവെങ്കിൽ അതൊരു മുൻധാരണയാണ്. വാക്ക് പ്രവൃത്തിയാവുമ്പോൾ വാക്ക് വാക്കല്ലാതാവുകയാണ്. വാക്ക് വെറും വാക്കല്ലാതെയാവുന്നു. വാക്ക് വസ്തുവാകുന്നു. വസ്തു യഥാതഥമാണ്. real ആണ്. എന്നാലോ യഥാതഥമായതും ആരോപിതമായ മുൻ ധാരണയിൽനിന്ന് മുക്തമല്ല. അപ്പോഴിതാണോ റാഷണൽ സമൂഹം? അപ്പോൾ ലിംഗം എവിടെപ്പോയി? സമൂഹത്തിനുവേണ്ടി ഒരു സ്വത്വവും ചുമന്നുനടക്കണമെന്ന് ആരെ നിർബന്ധിക്കാനാവും? അത് കഷ്ടമാണ്, ക്ലേശകരമാണ്. തനിക്കുവേണ്ടിത്തന്നെയാണെഴുതുന്നതെന്നും എഴുതപ്പെട്ടശേഷം ആ വാക്കുകൾക്ക് വിലകൊടുക്കുന്നില്ലയെന്നും പറഞ്ഞുകൊണ്ട് കാഫ്ക എഴുത്തുകാരന്റെ സ്വത്വത്തെയാണ് അടർത്തിമാറ്റുന്നത്. അതുതന്നെയാണിതും. മനുഷ്യൻ ഒരു സാമൂഹികജീവിയാണെന്ന praxis (പ്രയോഗം) മനുഷ്യന് ആവശ്യമില്ല. പ്രത്യുല്പാദനത്തിനുവേണ്ടി വാദിക്കുന്നതും അനാവശ്യമാണ്. ജീവി being ആണ്. പക്ഷെ ജീവിതം എന്നതാണ് സത്യം. അത് becoming ആണ്. ഈ പ്രയോഗത്തെത്തന്നെ അപ-പ്രത്യയശാസ്ത്രവൽക്കരിച്ചാൽ തീർന്നു സർവ്വം. (സന്ദർഭവശാൽ‌ പറയുന്നതാണ്, എല്ലായ്പ്പോഴും praxis ഉം ideologist-ഉം തമ്മിൽ കട്ടക്കലിപ്പാണ്). 
 
മാനകങ്ങൾ നിർണ്ണയിക്കുന്നത് തന്നെ അസംബന്ധമാണ്. സെക്സിൽ എന്തെങ്കിലും അശ്ലീലമുണ്ടെങ്കിൽ അത് ഈ മാനകങ്ങൾ മാത്രമാണ്. ലൈംഗികാഭാസം എന്നൊക്കെ പറയുന്നവർക്കാണ് ആഭാസം. അവരുടെ speech act-കൾക്ക് അവരോട് പൊറുക്കേണ്ടിയിരിക്കുന്നു. ഏത് സാമൂഹികവ്യവസ്ഥയായാലും അതിന്റെ തുടർച്ചയ്ക്കാവശ്യം വ്യവഹാരികമായ നൈരന്തര്യം മാത്രമല്ല അതിന്റെ യാഥാർത്ഥ്യവൽക്കരണം കൂടിയാണ്. വ്യവഹാരം പാഠപുസ്തകമായി -text- ആയിമാറുന്നതിലെ അപകടം തിരിച്ചറിയപ്പെടാതെ പോകുന്നു. എല്ലാ മൌലികവാദവും ലൈംഗികതയുടെ text-വൽക്കരണത്തിൽനിന്നാണ് തുടങ്ങുന്നത്.
ആത്മീയതയ്ക്ക് ശരീരമില്ല. ലൈംഗികതയ്ക്കും ശരീരത്തെ ആവശ്യമില്ല. പക്ഷെ ലൈംഗികതയും ആത്മീയതയും ശരീരത്തിൽ പിടിമുറുക്കിയിരിക്കുന്നു. സിഗററ്റുപേക്ഷിക്കുന്നതിനുമുമ്പ് ലൈറ്ററുപേക്ഷിക്കുന്നതുപോലെയാണിത്. ലൈറ്റർ ഫ്രീയായി നൽകുന്നത് കപട ഉദാരതയാണ്. (ആത്മീയത എപ്പോഴും ഫ്രീയാണ്) സദാചാരപ്പോലീസും ഞരമ്പുരോഗിയും ഒരാൾത്തന്നെയാവുന്നതുപോലെയാണ് വെറുമൊരു മോഷ്ടാവ് കള്ളനാവുന്നതും. ഇത് വ്യവഹാരാത്മകമായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. മഞ്ഞും മഴയും വെയിലും കാറ്റുമെല്ലാം അനുഭവിച്ചറിയുന്ന നമ്മളിൽ ശാഖികളോ ഇലകളോ മുളയ്ക്കുന്നില്ല. ഒന്നുമേ നമ്മിൽനിന്നും മുളയ്ക്കുന്നില്ല. ഒരു വേരിന്റെ കുഞ്ഞുവിരൽ പോലും മണ്ണിൽത്തൊടുന്നില്ല. സർഗാത്മകത എന്നൊരു അവ്യവഹാരം (discourse അല്ലായ്മ) ഇല്ലെങ്കിൽ നമ്മളെന്താകുമായിരുന്നു. ലൈംഗികത ദൈവികമാണെന്ന് വിശ്വസിക്കുന്നവരെ ദൈവം രക്ഷിക്കട്ടെ. വയറില്ലെങ്കിൽ മനുഷ്യന് സ്വയം ദൈവമാണെന്ന് തോന്നുമെന്ന് നീ‍ഷേ വിവരിച്ചിട്ടുണ്ട്. ഉദരനിമിത്തം പല വ്യാപാരങ്ങൾ സംഭവിക്കുന്നു. മനുഷ്യർ വസ്തുക്കളാവുന്നു. ചരക്കാവുന്നു. അതുകൊണ്ട് സ്വത്വപരമായി ആളെക്കൂട്ടേണ്ടിവരുന്നു. ഫാഷനും ഫിക്ഷനുമുണ്ടാവുന്നു. എന്നാലോ ലൈംഗികതയുടെ ചരിത്രപരതയെ (historicity) വിസ്മരിക്കാൻ കഴിയില്ലല്ലോ. അതുകൊണ്ടുകൂടിയാണ് എല്ലാ അധിനിവേശങ്ങളും ലൈംഗികം കൂടിയാകുന്നത്. ലൈംഗികമല്ലാത്ത ഒരു ബോധനശാസ്ത്രവുമില്ല. ചരിത്രം ഒരു കുമ്പസാരരഹസ്യമോ, പാപബോധമോ അല്ലാത്തപോലെ, സ്വതന്ത്രമായും, പകൽ വെളിച്ചത്തിലും, വായിക്കപ്പെടുമെന്നപോലെ അതിലെ ശവങ്ങൾക്ക് എപ്പോഴും ദുർഗന്ധം ബാക്കിയാവുമെന്നപോലെ അതിലെ ലൈംഗികതയെക്കുറിച്ച് സംസാരിക്കുക, നിങ്ങൾ ലൈംഗികബന്ധത്തിലേർപ്പെട്ടാലുമില്ലെങ്കിലും. ശരീരത്തിൽ വിശ്വസിച്ചാലുമില്ലെങ്കിലും. അപ്പോഴാണ് ചരിത്രം സത്യമാവുന്നത്. സത്യം ഒരു പ്രവർത്തനമാവുന്നത്. ആണത്തത്തിലും പെണ്ണത്തത്തിലും വിശ്വസിക്കുന്നെങ്കിൽ അതിലെ സാമൂഹികചരിത്രത്തിലും വിശ്വസിക്കണം. നമ്മളൊന്നും നോഹയുടെ പെട്ടകത്തിലല്ല എന്നെങ്കിലുമറിയേണ്ടതുണ്ട്. (ഫൂക്കോ തന്നെ സമ്മതിച്ചതാണ്,  LSDയോ കൊക്കെയ്നോ ഉപയോഗിക്കുന്നതാണ് സെക്സിലേർപ്പെടുന്നതിനേക്കാൾ നല്ലത്- ലൈംഗികതയെയും ആനന്ദത്തെയും അപശരീരവൽക്കരിക്കേണ്ടതുണ്ടല്ലോ-de anatomize ചെയ്യപ്പെടുന്ന ആനന്ദമോ അനുഭൂതിയോ.) ഗംഭീരമായ നരമാംസാസ്വാദനം എന്ന് ഫ്രാൻസിസ് ഇട്ടിക്കോരയുടെ ആമുഖത്തിൽ ആഷാമേനോൻ എഴുതിയതിന് മാപ്പുനൽകുക വേണ്ടിവരുമോ ആവോ.
 
 
അവകാശമാണോ ആനന്ദമാണോ മുഖ്യം? ഈ ചോദ്യത്തിന്റെ ഉത്തരമെന്തായാലും ആനന്ദം അധികാരത്തോട് വൈരുദ്ധ്യാത്മകമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഈ ആനന്ദത്തെ – സ്വത്വനിർണ്ണയത്തിൽനിന്നു മാറിനിൽക്കാനുള്ള അവകാശത്തെ അംഗീകരിക്കുന്നത് ഒരു ഹെഗേലിയൻ ധാരയിലേ സാധ്യമാവൂ. ഡയോജനിസ് പണ്ട് പണ്ട് ലൈംഗികത ഒരവകാശമാണെന്ന് സ്ഥാപിക്കാൻ പൊതുസ്ഥലത്തിരുന്ന് സ്വയംഭോഗം ചെയ്തു. സ്വയം ഭോഗത്തിൽ ഒട്ടും വയലൻസ് ഇല്ലല്ലോ. പിന്നെ അതെങ്ങനെ പാപമാവും? എന്നാലോ നമ്മൾ കാണുന്നതിതാണ്. ലൈംഗികത അംഗീകരിക്കപ്പെടുന്നത് വിവാഹത്തിലൂടെ മാത്രമാണ്. വിവാഹത്തിലൂടെ (എന്നാലത് normative അല്ലേ) തന്നെ വേണോ ഭിന്നലൈംഗികത എന്ന deviance അംഗീകരിക്കപ്പെടാൻ? പ്രായോഗികതയും, കുട്ടികളുണ്ടാവുന്നതെങ്ങനെ എന്ന ചോദ്യവും മാത്രമാണ് പ്രസക്തമെങ്കിൽ പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ സേഫ്റ്റിപ്പിന്നും പെപ്പർസ്പ്രേയും കരുതുന്നതിനോടൊപ്പം കോണ്ടവും കരുതുകയല്ലേ വേണ്ടത്? എന്തിന് സ്ത്രീയെമാത്രം പറയുന്നു. അവർ മർദ്ദിതരാണല്ലോ. മർദ്ദിതർ മർദ്ദകരെക്കൂടി വിമോചിപ്പിക്കുന്നതാണല്ലോ പൌലോ ഫ്രേയർ കണ്ട കിനാശ്ശേരി. അതാണല്ലോ ബഷീർ സ്ത്രീകളേ ഒന്നു തിരിഞ്ഞുനോക്കൂ എന്ന് വിലപിച്ചത്. ആണിനെപ്പോലെ പെരുമാറൂ, ആൺകുട്ടിയാവൂ, മീശവെച്ചാൽ ആണാവില്ല എന്നീ പറച്ചിലുകളുടെ ഉല്പത്തി തന്നെ മർദ്ദനമാണ്. മർദ്ദകമനസാക്ഷിയെ സ്വീകരിക്കാനുള്ള മർദ്ദനമാണ്.  (മുലക്കരം മാത്രമല്ല, തിരുവിതാംകൂറിൽ പണ്ട് മീശവെക്കാനും കരം നൽകണമായിരുന്നു) ആണല്ല, പെണ്ണല്ല, ഗ്രിഗോർ സാംസെയെപ്പോലെ ഒരു കീടമായിപ്പോലും പരികല്പന ചെയ്യപ്പെടാവുന്ന സ്വത്വമേയുള്ളൂ ഈ സ്വത്വാഭിമാനപ്പരിഷകൾക്ക്. (ലൈംഗികത അധികാരമാണെന്ന് ഫൂക്കോ വിവരിക്കുമ്പോൾ വശീകരണത്തിലൂടെ ഏതധികാരവും ഇല്ലാതാവും എന്ന് ജീൻ ബാഡിലാഡ് തിരുത്തുന്നുണ്ട്. ഈ തിരുത്ത് നമ്മുടെ മന്ത്രിമാർപ്പോലും സമ്മതിക്കും. പാവം ഫൂക്കോയെ മറക്കുക). 
അതുകൊണ്ട് വായനക്കാരാ (രീ), ഒരു പുസ്തകത്തിൽനിന്ന് മറ്റൊരു പുസ്തകത്തിലേക്കും, മറ്റു പല പല പുസ്തകങ്ങളിലേക്കും നാം വായിച്ചെത്തുന്നു. ഒരു പുസ്തകം മാത്രമായി വായിച്ചിരിക്കാനാവില്ല. ഒരു സംവാദം മാത്രമായി മുഴുമിക്കാനാവില്ല. അതിങ്ങനെ മഴയായും മേഘമായും പുഴയായും കടലായും ഒഴുകിപ്പരക്കുകയാണ്. ഭൂമിയും ആകാശവും നിറയുകയാണ്. trans-discursive  ആയ മനുഷ്യൻ എന്ന് സ്വയം വിലയിരുത്തുമെങ്കിൽ‌പ്പിന്നെ ആണിന് ആണായും പെണ്ണായും, പെണ്ണിന് ആണായും, ഇതൊന്നുമല്ല ഞാൻ എന്നും പറഞ്ഞുകൂടെ, പ്രഖ്യാപിക്കരുതോ? അതാണ്, അങ്ങനൊരു സ്വത്വത്തെ സ്വീകരിക്കാൻ കഴിയില്ല. കപട ഉദാരതയെ  തിരസ്ക്കരിക്കുകയാണ് വേണ്ടത്. ഞാൻ എന്നത് എന്റെ ജെൻഡറോ, നിയതമായ യാതൊന്നോ ആയി വരികയില്ലെന്ന് ജൂഡിത്ത് ബട്ലർ വിവരിക്കുന്നതുപോലെ- ഞാനാരാണെന്നും നിയമം തീരുമാനിക്കണോ? ഞാനാരാണെന്ന് എനിക്ക് തീരുമാനിക്കരുതോ? സമൂഹത്തിന് അലമ്പുണ്ടാക്കാതെ പിരിഞ്ഞുപോവരുതോ?
 
(പയ്യന്നൂര്‍ സ്വദേശിയായ പ്രിയന്‍ അലക്‌സ് വെറ്ററിനറി സര്‍ജനായി ജോലി ചെയ്യുന്നു)
 
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

Related Post
Leave a Comment