ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അമ്മ മഹിജയും ബന്ധുക്കളും ഡിജിപിയെ കാണാനെത്തിയതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ക്ക് പിന്നാലെ എസ്‌യുസിഐ പ്രവര്‍ത്തകരായ ഷാജിര്‍ ഖാന്‍, ഭാര്യ മിനി, വിഎസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ ആളുമായ കെഎം ഷാജഹാന്‍, തോക്ക് സാമി എന്നറിയപ്പെടുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള ഹിമവല്‍ ഭദ്രാനന്ദ, ബിജെപി പ്രവര്‍ത്തകന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഹിമവല്‍ ഭദ്രാനന്ദ ഒഴികെ ആരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ല. പുറത്ത് നിന്ന് വന്നവരാണ് പ്രശ്‌നമുണ്ടാക്കിയത് എന്ന് ആശുപത്രിയില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയെ കണ്ട ശേഷം ഡിജിപി ലോക്‌നാഥ് ബെഹ്ര ആരോപിച്ചു. സമരത്തിലേയ്ക്ക് നുഴഞ്ഞുകയറിയവര്‍ എന്നാണ് ബെഹ്ര ആരോപിച്ചത്. പൊലീസിനെ ശക്തമായി ന്യായീകരിച്ച് രംഗത്തെത്തിയ മുഖ്യമന്ത്രിയും ഇതേ വാദം ആവര്‍ത്തിച്ചു. ജിഷ്ണുവിന്റെ അമ്മ അടക്കമുള്ളവരെ വിട്ടയച്ചിട്ടും ബാക്കിയുള്ളവരെ വിട്ടയച്ചിട്ടില്ല. ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ് ആവശ്യപ്പെടുകയും കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തിരിക്കുന്നു.
ഇവര്‍ പൊലീസ് ആസ്ഥാനത്ത് സംഘര്‍ഷത്തിന് കാരണമായതായോ എന്തെങ്കിലും ആയുധം കൈവശം വച്ചിരിക്കുന്നതായോ യാതൊരു തെളിവുമില്ല. പൊലീസ് പോലും ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നില്ല. എന്നിട്ടും ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നു. ജാമ്യം നിഷേധിക്കാന്‍ മാത്രം എന്ത് പ്രശ്‌നമാണ് ഇവര്‍ ഉണ്ടാക്കിയത്? മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനെ ന്യായീകരിച്ചുള്ള ആദ്യ പ്രസ്താവനയില്‍ തോക്ക് സാമിയെ കുറിച്ചാണ് പറഞ്ഞത്. പിന്നീട് കെഎം ഷാജഹഹാന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നൊരു പരിഹാസ ചിരിയും ചേര്‍ത്ത് മലപ്പുറത്തെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പിണറിയായി വിഷയം ആവര്‍ത്തിച്ചു. തോക്ക് സാമിയും കെഎം ഷാജഹാനും ഷാജിര്‍ ഖാനുമൊക്കെ ഏത് തരത്തിലുള്ള രാഷ്ട്രീയമുള്ളവരോ പശ്ചാത്തലമുള്ളവരോ ആയിക്കോട്ടെ. പക്ഷെ സംഘര്‍ഷമുണ്ടാക്കാനോ കലാപമുണ്ടാക്കാനോ അക്രമം നടത്താനോ ഇവര്‍ ശ്രമിച്ചതായോ ആയുധം കൈവശം വച്ച് ആക്രമണത്തിനൊരുങ്ങി വന്നതായോ ഒന്നും തെളിവില്ലാത്ത സ്ഥിതിക്ക് ഇവരെ കസ്റ്റഡിയിലെടുത്ത് വിട്ടയയ്ക്കുന്നതിന് അപ്പുറത്തേയ്ക്ക് അറസ്റ്റ് ചെയ്ത് ജാമ്യം നിഷേധിച്ച് അകത്തിടുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ശുദ്ധ തെമ്മാടിത്തരമാണ്. ഏറെ അപകടകരമായ സാധ്യതകള്‍ തുറന്നിടുകയും സൂചനകള്‍ നല്‍കുകയുമാണ് പൊലീസ് ഇതിലൂടെ ചെയ്യുന്നത്.
എന്തൊക്കെയാണ് ഇവര്‍ക്ക് ജാമ്യം നിഷേധിക്കാന്‍ പൊലീസ് ഉന്നയിച്ച കാരണങ്ങള്‍ എന്ന് നോക്കാം. ജിഷ്ണുവിന്‍റെ ബന്ധുക്കളുടെ വരവ് കാത്തുനിന്ന് പൊലീസ് ആസ്ഥാനത്ത് അക്രമമുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചു എന്നാണ്. എന്നാല്‍ കെ എം ഷാജഹാന്‍ അല്‍പ്പ സമയം മുമ്പ് വരെ മംഗളം ടിവി ചാനലിന്‍റെ ചര്‍ച്ചയില്‍ ഉണ്ടായിരുന്നു എന്ന കാര്യം വ്യക്തമാണ്. അപ്പോള്‍ പൊലീസ് പറയുന്നത് നുണയാണെന്ന് വ്യക്തം. ഹിമവല്‍ ഭദ്രാനന്ദയും ഷാജഹാനും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണ് എന്നാണ് പൊലീസ് വാദം. ഹിമവല്‍ ഭദ്രാനന്ദ നേരത്തെ ക്രിമിനല്‍ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലില്‍ കിടക്കുകയും ചെയ്തിട്ടുള്ള സ്ഥിരം വിവാദ കഥാപാത്രങ്ങളാണ്. ഷാജഹാന്റെയോ ഷാജിര്‍ ഖാന്റെയോ മിനിയുടെയോ കാര്യത്തില്‍ ഇത്തരമൊരു ആരോപണത്തിന് യാതൊരു തെളിവുമില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരു സീന്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നാണ് മറ്റൊരു ആരോപണം. ഏതായാലും അതൊരു കുറ്റമല്ല. പിന്നെയുള്ളത് മ്യൂസിയം എസ്ഐ സുനിലിനെ ആക്രമിച്ചു എന്നൊക്കെയാണ്. ഇത് പൊലീസ് മെനഞ്ഞ ഒരു കഥ എന്നതിനപ്പുറം യാതൊരു തെളിവുകളും ഉള്ള സംഗതിയല്ല. അന്യായമായ സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യല്‍, കലാപവും ആളപായവും ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങിയെല്ലാം പൊലീസ് നിരത്തുന്നുണ്ട്.
ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് ഉന്നയിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണ്. ഹിമവല്‍ ഭദ്രാനന്ദയെ വിളിച്ച് വരുത്തിയത് പൊലീസ് തന്നെയാണെന്നാണ് അറിഞ്ഞതെന്ന് ശ്രീജിത്ത് പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ‘എന്റെ ചോര തിളക്കുന്നു’ എന്ന പരിപാടിയിലാണ് ആരോപണവുമായി ശ്രീജിത്ത് രംഗത്തെത്തിയത്. ‘കെഎം ഷാജഹാനെ അറിയില്ല. അദ്ദേഹവുമായി ജീവിതത്തില്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. മംഗളം ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ശേഷം ഡിജിപി ഓഫീസിന് മുന്നിലൂടെ ഓട്ടോറിക്ഷയില്‍ പോകുകയായിരുന്നു ഷാജഹാന്‍. അദ്ദേഹത്തിന്റെ സുഹൃത്തായ ഷാജിര്‍ഖാനെ പൊലീസ് പിടിച്ച് വണ്ടിയില്‍ കയറ്റി കൊണ്ട് പോകുന്നത് കണ്ടപ്പോഴാണ് അദ്ദേഹം അങ്ങോട്ട് വന്നത്. അപ്പോഴാണ് അദ്ദേഹത്തെയും പൊലീസ് പിടിച്ചുകൊണ്ടുപോയത്. ഇക്കാര്യങ്ങളെല്ലാം ഇന്ന് അന്വേഷിച്ചപ്പോഴാണ് തങ്ങള്‍ക്ക് മനസിലായത്.’ തങ്ങളല്ല ഇതൊന്നും അന്വേഷിക്കേണ്ടിയിരുന്നതെന്നും ശ്രീജിത്ത് പറയുന്നു. ഹിമവല്‍ ഭദ്രാനന്ദയെ വിളിച്ച് വരുത്തിയത് പൊലീസാണെങ്കില്‍ ഈ സംഘര്‍ഷം തന്നെ പൊലീസിന്റെ ഗൂഢാലോചനയുടെ ഭാഗമായി സൃഷ്ടിച്ചതാണ് എന്ന് മനസിലാക്കാം; എങ്കില്‍ അന്വേഷിക്കേണ്ടത് അതാണ്.
പൊലീസ് എന്തുകൊണ്ടാണ് ജിഷ്ണുവിന്‍റെ ബന്ധുക്കളുടെ പ്രതിഷേധത്തെ വഴി തിരിച്ചു വിടാന്‍ ശ്രമിക്കുന്നത്? ആരുടെ താല്‍പര്യമാണ് ഇതിലൂടെ സംരക്ഷിക്കപ്പെടുന്നത്? ഡിജിപി ആസ്ഥാനത്തേയ്ക്ക് ഇവര്‍ വരുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നിട്ടും ഡിജിപിയുടെ ഭാഗത്തു നിന്നോ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നോ ഇവരെ വിളിച്ചുവരുത്തി സംസാരിക്കുകയോ ചെയ്ത് വളരെ അനായാസകരമായി കൈകാര്യം ചെയ്യാമായിരുന്ന ഒരു വിഷയമാണിത്. പകരം ഇത് ഇത്രക്ക് വഷളാക്കുകയും അതിനെ ന്യായീകരിക്കാന്‍ വേണ്ടി നുണകള്‍ പടച്ച് വിടുകയും ചെയ്യുകയുമാണ് ചെയ്തത്. ജിഷ്ണുവിന്‍റെ അമ്മ അടക്കമുള്ള ബന്ധുക്കളെ കസ്റ്റഡിയില്‍ വച്ച് വിട്ടയയ്ക്കുകയും ചെയ്യുമ്പോള്‍ അതേപോലെ അവിടെ നിന്നിരുന്ന മറ്റ് അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി കേസ് ചാര്‍ജ് ചെയ്യുകയും അവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെടുകയും ചെയ്യുക. ഇത് കേരളം വളരെ ഭയത്തോടെയും ആശങ്കയോടെയും നോക്കി കാണേണ്ട പൊലീസ് രാജാണ്. അതിന് സംരക്ഷണവും പ്രോത്സാഹനവും നല്‍കുന്ന സര്‍ക്കാരാണ് അതിലേറെ ഭയപ്പെടുത്തുന്നത്.
വിവിധ കേസുകളിലും സംഭവങ്ങളിലും പൊലീസ് നടത്തുന്ന നുണ പ്രചരണങ്ങള്‍ എല്ലാ കാലത്തുമുള്ളതാണ്. അതൊരു പുതിയ കാര്യമല്ല. പല തരത്തിലുള്ള താല്‍പര്യങ്ങളായിരിക്കും ഇത്തരം നടപടികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ പെട്ടെന്നൊരു ദിവസം സമരം ചെയ്യാന്‍ വന്നതല്ലെന്നും ഡിജിപിയെ കണ്ട ശേഷം നടപടികള്‍ സംബന്ധിച്ച് ഉറപ്പുകളൊന്നും ലഭിച്ചില്ലെങ്കില്‍ മാത്രം സമരമെന്നുമാണ് ആലോചിച്ചിരുന്നതെന്നും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറയുന്നു. 14 ദിവസം മുന്‍പ് തന്നെ ഡിജിപിയെ കാണാന്‍ എത്തുമെന്ന് അറിയിച്ചിരുന്നതാണ്. ഡിജിപി തന്നെ കാണാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ലോക്‌നാഥ് ബെഹ്രയെ ഇനി വിശ്വസിക്കാന്‍ കഴിയില്ലെന്നും ശ്രീജിത്ത് പറഞ്ഞു. മ്യൂസിയം പൊലീസ് സ്റ്റേഷന്‍ എസ്‌ഐ ജി സുനിലാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായാതെന്ന് ശ്രീജിത് കഴിഞ്ഞ ദിവസം അഴിമുഖത്തോട് വ്യക്തമാക്കിയിരുന്നു. ബന്ധുക്കള്‍ക്കൊപ്പം വന്ന വിദ്യാര്‍ഥിയായ ബിമലല്‍ രാജും ഇക്കാര്യം ആരോപിച്ചിട്ടുണ്ട്. സംഘപരിവാര്‍ ബന്ധമുണ്ടെന്നാരോപണമുള്ള ജി സുനിലിനെതിരെ നേരത്തെയും പല കേസുകളിലും പരാതികളുണ്ട്. എന്നാല്‍ ഈ പൊലീസുകാരനാണ് ഈ സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദിയെങ്കില്‍ എന്തുകൊണ്ട് നടപടിയുണ്ടാകുന്നില്ല എന്ന ചോദ്യമുണ്ട്.
അതിനൊപ്പം, കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തകനായ ഷാജിര്‍ ഖാനും ഭാര്യ മിനിയും ഇതില്‍ എങ്ങനെയാണ് അറസ്റ്റ് ചെയ്യപ്പെടേണ്ടവരാകുന്നത്? മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാശ്രയവിഷയത്തില്‍ ഇടപെടുന്നതിനു മുമ്പ് തന്നെ ഈ വിഷയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്ന ഒരാളാണ് ഷാജിര്‍ ഖാന്‍. കേരളത്തിലെ പൊതുരംഗത്ത് സജീവമായി നില്‍ക്കുന്ന ഒരാളാണ്. മറ്റൊന്നു കൂടിയുണ്ട്; ഡിജിപിയെ കാണാന്‍ വന്ന ജിഷ്ണുവിന്റെ കുടുംബത്തെ സ്വീകരിക്കുകയും ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കികൊടുക്കുകയും ചെയ്തവരാണ് ഷാജിര്‍ ഖാനും ഭാര്യയും. ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിന്റെ തന്നെ വാക്കുകള്‍ കേള്‍ക്കുക: “മുഖ്യമന്ത്രിയും പൊലീസും പറയുന്നതുപോലെ ആരുടെയും ഇടപെടല്‍ ഉണ്ടായിട്ടില്ല. ഉണ്ടായിട്ടുണ്ടെന്നു വരുത്തി തീര്‍ക്കാനാണ് ഷാജഹാനെയും തോക്കു സ്വാമിയേയുമെല്ലാം കൊണ്ടുവരുന്നത്. ഹിന്ദി പ്രചാരസഭയുടെ ഓഫിസിന് അടുത്തു നിന്നാണു ഞങ്ങള്‍ തുടങ്ങുന്നത്. കേരളത്തിലെ എല്ലാ മുഖ്യധാര മാധ്യമങ്ങളും ഇതു ലൈവായി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. 14 പേര്‍ ഞങ്ങള്‍ വടകരയില്‍ നിന്നും വന്നവരും ജിഷ്ണുവിന്റെ രണ്ടു സുഹൃത്തുക്കളുമാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് എത്തിയ ഞങ്ങള്‍ക്ക് കുളിക്കാനും വസ്ത്രം മാറാനുമൊക്കെ സൗകര്യം ഒരുക്കി തന്ന ഷാജിര്‍ഖാനും അദ്ദേഹത്തിന്റെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. ബാക്കിയെല്ലാം പൊലീസിന്റെ കെട്ടുകഥയാണ്.” അപ്പോള്‍ സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നത്തില്‍ നിരന്തരം ഇടപെട്ടു കൊണ്ടിരിക്കുന്ന, ആ കുടുംബത്തെ സഹായിക്കുന്ന രണ്ടു പേര്‍ അവര്‍ക്കൊപ്പം ഡിജിപി ഓഫീസില്‍ എത്തി എന്നത് എങ്ങനെ കുറ്റകരമാകും? ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താനുള്ള എന്തു കുറ്റമാണ് ഇരുവരും ചെയ്തത്?
Also Read: ജിഷ്ണു മരിച്ചത് ഓരോ വിദ്യാര്‍ത്ഥിക്കും വേണ്ടിയാണ്; പോലീസ് ഇപ്പോള്‍ ഞങ്ങളെ കുറ്റവാളികളാക്കുന്നു
ഷാജിര്‍ ഖാനും മിനിയും എസ് യു സി ഐ പ്രവര്‍ത്തകാരാണ് എന്നതാണോ അവരെ അറസ്റ്റ് ചെയ്യാനുള്ള കാരണമായി ഇവിടുത്തെ ഇടതുപക്ഷ സര്‍ക്കാരും അതിനു നേതൃത്വം കൊടുക്കുന്ന സിപിഎമ്മും മുഖ്യമന്ത്രിയും പറയുന്നത്? അതോ ഇത്തരം കാര്യങ്ങള്‍ പോലീസ് തീരുമാനിച്ചാല്‍ മതി എന്നാണോ? എങ്കില്‍ അത്യധികം അപകടകരമായ ഒരവസ്ഥയിലേക്കാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ കൊണ്ടുപോകുന്നത്. തങ്ങള്‍ക്കുണ്ടാകുന്ന വീഴ്ച മറയ്ക്കാന്‍ പൊതുപ്രവര്‍ത്തകരേയും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെയും അറസ്റ്റ് ചെയ്യുകയും നിശബ്ദരാക്കുകയും ചെയ്യാം എന്നാണോ സര്‍ക്കാര്‍ ഇപ്പോഴും കരുതിയിരിക്കുന്നത്? അതോ സിപിഎം വിരുദ്ധരാണ് എന്നതാണോ അറസ്റ്റിനുള്ള മാനദണ്ഡം?
This post was last modified on April 7, 2017 2:41 pm
Leave a Comment