X

സിദാന്റെ അരങ്ങേറ്റം ഗംഭീരം; റയലിന് അഞ്ചു ഗോള്‍ വിജയം

അഴിമുഖം പ്രതിനിധി

പരിശീലകനായുള്ള സിനദിന്‍ സിദാന്റെ അരങ്ങേറ്റം തകര്‍ത്തു. സ്പാനിഷ് ലീഗില്‍ ഡീപോര്‍ട്ടീവോയ്‌ക്കെതിരെ സിദാന്റെ ശിക്ഷണത്തില്‍ ഇറങ്ങിയ റയല്‍ മാഡ്രിഡ് എതിരാളികളെ തോല്‍പ്പിക്കാന്‍ അടിച്ചത് അഞ്ച് ഗോളുകളാണ്. ഒരിക്കല്‍പോലും റയലിന്റെ വലയില്‍ പന്തെത്തിക്കാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞതുമില്ല. ഗെരെത് ബെയില്‍ റയിലിനായി ഹാട്രിക് നേടി.

ഒരുകാലത്ത് റയലിന്റെ മിന്നും താരമായിരുന്ന സിദാന്‍ പുതിയ വേഷത്തില്‍ എത്തുന്നത് ഒട്ടേറെഭാരവുമായാണ്. പരാജയങ്ങള്‍ വേട്ടയാടിയ റാഫ ബെനിറ്റെസിന്റെ അപ്രതീക്ഷിത സ്ഥാനചലനത്തിനു പിന്നാലെയാണ് സിദാന്‍ റയലിന്റെ പരിശീലകന്‍ എന്ന ഭാരം ഏറ്റെടുക്കുന്നത്. കളിക്കാരന്‍ എന്ന നിലയില്‍ ഉണ്ടാക്കിയെടുത്ത പെരുമ കോച്ച് എന്ന നിലയിലും നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരിക്കല്‍ കൂടി തല കുനിച്ചു കളം വിടേണ്ട ഗതികേട് ഈ ലോകോത്തര ഫുട്‌ബോളര്‍ക്ക് വന്നുകൂടും.

എന്നാല്‍ പുതിയ കോച്ചിന്റെ പ്രതീക്ഷകള്‍ക്ക് ചിറകുവയ്ക്കുന്ന കളിയാണ് ഇന്നലെ റയല്‍ പുറത്തെടുത്തത്. പതിനഞ്ചാം മിനിട്ടില്‍ കരിം ബെന്‍സേമയാണ് റയലിന്റെ ഗോളടിക്കു തുടക്കമിട്ടത്. ബെയ്‌ലിന്റെ ആദ്യ ഗോള്‍ 22 ാം മിനിട്ടില്‍ വന്നു. തുടര്‍ന്ന് 49, 63 മിനിട്ടുകളിലായി നേടിയ ഗോളുകളിലൂടെ ബെയ്ല്‍ ഹാട്രിക് തികച്ചു. കളിയവസാനിക്കാന്‍ മിനിട്ടുകളില്‍ ഒരിക്കല്‍ കൂടി ബെന്‍സേമയുടെ ബുട്ട് ഡീപോര്‍ട്ടീവോയുടെ വലകുലുക്കി.

This post was last modified on January 10, 2016 12:00 pm