X

ഞെളിഞ്ഞിരിക്കാനല്ല; ഒന്നു നടു നിവര്‍ത്താന്‍-80 ദിവസം പിന്നിടുന്ന കല്യാണ്‍ ഇരിപ്പ് സമരം

കല്യാണ്‍ സില്‍ക്ക്‌സില്‍ നിന്നും അന്യായമായി പുറത്താക്കപ്പെട്ട 6 വനിതാ ജീവനക്കാര്‍ നടത്തുന്ന സമരം 80 ദിവസം പിന്നിടുന്നു. സാര്‍വ്വദേശീയ മഹിളാദിനമായ മാര്‍ച്ച് 8 മുതല്‍ ആരംഭിച്ച ഉപവാസം  11 ദിവസം പൂര്‍ത്തിയാക്കി. സമരക്കാരില്‍ ഒരാളും അസംഘടിത തൊഴിലാളി യൂണിയന്‍ അംഗവുമായ മായാദേവി എഴുതുന്നു.

ഈ സമരം ഡിസംബര്‍ 30 ന് ആരംഭിച്ചതാണ്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ അതിപാരമ്യതയിലാണ് ഞങ്ങള്‍ സ്ത്രീകള്‍ സമരമുഖത്തേക്ക് എത്തിപ്പെട്ടത്. എന്താണ് ഇന്നത്തെ ടെക്‌സ്റ്റൈല്‍ മേഖലയിലെ .തൊഴിലാളികളുടെ അവസ്ഥ? നിര്‍ദ്ധനരും വിദ്യാഭ്യാസം കുറഞ്ഞവരുമായ വീട്ടമ്മമാരാണ് ഈ മേഖലകളില്‍ പണിയെടുക്കുന്നവരില്‍ അധികവും. ഇവരുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്യുകയാണ് ഇത്തരം കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍. 8 മണിക്കൂര്‍ ജോലി ചെയ്യാന്‍ നിയമമുള്ള നമ്മുടെ നാട്ടില്‍ 12 മണിക്കൂര്‍ മുതല്‍ മുകളിലോട്ടാണ് പലപ്പോഴും പണിയെടുക്കേണ്ടി വരുന്നത്. അടിസ്ഥാന ശമ്പളം 7200 രൂപ ഉള്ളപ്പോള്‍ തന്നെ 4000 നും 5000 നും ജോലി ചെയ്യുന്നു. എന്തെങ്കിലും എതിര്‍ത്തു പറഞ്ഞാല്‍ ഉള്ള ജോലി കൂടി നഷ്ടമാകുമെന്ന് ഭയന്ന്, എല്ലാം സഹിച്ചാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. രാത്രി 7 മണിക്കു ശേഷം സ്ത്രീകളെ കൊണ്ട് ജോലി ചെയ്യിക്കരുത് എന്ന് നിയമമുള്ള നമ്മുടെ നാട്ടില്‍ 8 മണിക്കു ശേഷവും ജോലി ചെയ്യുന്ന സ്ത്രീകള്‍ ഈ അസംഘടിതമേഖലയില്‍, പ്രത്യേകിച്ച് ടെക്‌സ്റ്റൈല്‍ മേഖലയിലുണ്ട്.

ഇനി ഈ സമരത്തെക്കുറിച്ച് പറയാം. സാധാരണ വീട്ടമ്മമാരായ ഞങ്ങള്‍ ആറുപേര്‍ മൂന്ന് വര്‍ഷം മുമ്പ് കല്യാണ്‍ എന്ന സ്ഥാപനത്തില്‍ ജോലിക്ക് വരുമ്പോള്‍ ഇതുപോലെ വന്ന് സമരം ചെയ്യേണ്ടിവരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ടെക്‌സ്റ്റൈല്‍സ് മേഖലയില്‍ ചൂഷണങ്ങള്‍ ഉണ്ട് എന്നറിയാമെങ്കിലും ‘കല്യാണ്‍’ പോലുള്ള പ്രമുഖ സ്ഥാപനങ്ങളും ഇതുപോലെ ചെയ്യുമെന്ന് ഞങ്ങള്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. 2012 ഏപ്രില്‍ 8 ന് ആരംഭിച്ച സ്ഥാപനത്തില്‍ ജോലിക്ക് ചേരുമ്പോള്‍ ശമ്പളം 4000- 5000 എന്ന തോതിലാണ്. ഒരു വര്‍ഷം കഴിയുമ്പോള്‍ കൂട്ടിത്തരുമല്ലോ എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ ആരോടും പരിഭവം പറയാതെ ജോലി എടുത്തു. ഒന്നരവര്‍ഷത്തിനുശേഷം മാനേജ്‌മെന്റ് ഒരു മീറ്റിംഗ് വിളിച്ചുകൂട്ടി 500 രൂപ വര്‍ദ്ധിപ്പിച്ചു. അതുപോലും സ്വാമിയുടെ കയ്യില്‍ ഇല്ല. എന്നാലും നിങ്ങളുടെ ബുദ്ധിമുട്ട് കാണുന്നു എന്ന സുഖിപ്പിക്കലും. പരാതി ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ ഒന്നും പറയാതെ സമ്മതിച്ചു. ഞങ്ങള്‍ക്ക് ശമ്പളത്തില്‍ നിന്ന് മാസം 600 നും 800 നും ഇടയ്ക്ക് പി.എഫ്., ക്ഷേമനിധി, ഇ.എസ്.ഐ. എന്ന പേരില്‍ പിടിച്ചിരുന്നു. ഞങ്ങളുടെ ഒരു സ്റ്റാഫിന് ക്ഷേമനിധിയില്‍ നിന്നും ലഭിക്കേണ്ട ധനസഹായം ലഭിക്കാതിരുന്നപ്പോഴാണ് ഞങ്ങള്‍ കബളിക്കപ്പെടുകയായിരുന്നു എന്ന് മനസ്സിലായത്. അത് മനസ്സില്‍ വെച്ചുകൊണ്ട് ഞങ്ങള്‍ എല്ലാവരും (ഏകദേശം 50 ഓളം പേര്‍) ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടുകൊണ്ട് മാനേജ്‌മെന്റിനെ സമീപിച്ചു. അതിന്റെ ഫലമായി 2014 ആഗസ്റ്റ് മുതല്‍ ശമ്പളം 7000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. അന്ന് അതിന് നേതൃത്വം കൊടുത്തവരെ അവര്‍ നോട്ടമിട്ടിരുന്നു.

കോഴിക്കോട് നടന്ന ഇരിക്കല്‍ സമരം ടെക്‌സ്റ്റൈല്‍ മേഖലയിലെ ജീവനക്കാരികളായ ഞങ്ങള്‍ക്ക് അവകാശങ്ങള്‍ ആവശ്യപ്പെടുന്നതിന് ഊര്‍ജ്ജമായി തീര്‍ന്നു. ഈ മേഖലയില്‍ 10 വര്‍ഷത്തിലേറെയായി പണിയെടുക്കുന്ന ഞങ്ങള്‍ക്ക് ഒരു സംഘടന എന്നത് നടക്കാത്ത കാര്യമായിരുന്നു. ഒരു സംഘടന ഞങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ധൈര്യമായി നിന്ന് ഞങ്ങളുടെ അവകാശങ്ങള്‍ ചോദിക്കാന്‍ സാധിക്കും എന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു. ഇത്രനാള്‍ പരിശ്രമിച്ചിട്ടും നടക്കാത്ത ഈ കാര്യം എങ്ങനെയെങ്കിലും നടത്തണം എന്ന് ഞങ്ങള്‍ വിചാരിച്ചു. ഇതിനുമുമ്പ് നടത്തിയ പരിശ്രമങ്ങള്‍ മുളയിലെ നുള്ളിക്കളഞ്ഞ് ഓരോ ഷോപ്പില്‍ നിന്നും പുറത്താക്കപ്പെട്ട ചരിത്രമുണ്ട്.

ഒരു സമരത്തെ എങ്ങനെയൊക്കെ അടിച്ചമര്‍ത്താം എന്ന് ഞങ്ങള്‍ 80 ദിവസമായി കണ്ടുകൊണ്ടിരിക്കുന്നു. സത്യത്തിന്റെ മുഖം എന്ന് വിശേഷിപ്പിക്കാവുന്ന പത്ര-ദൃശ്യമാധ്യമങ്ങള്‍ ഒന്നും തന്നെ സഹായിക്കാനില്ലാത്ത അവസ്ഥ. സമരത്തിലിരുന്ന ഞങ്ങളെ മാനസികമായും സാമ്പത്തികമായും സ്വാധീനിക്കാന്‍ ശ്രമിക്കുന്ന മാനേജ്‌മെന്റിനെയും ഞങ്ങള്‍ കണ്ടു. അതിലൊന്നും കുരുങ്ങാതെ ഇത്രയും ദിവസം പിന്നിട്ടു. പൊളിയാന്‍ പോകുന്ന സമരം എന്നാണ് മാനേജ്‌മെന്റ് പറയുന്നത്. എങ്കില്‍ എന്തിനാണ് ഞങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുന്നത്? പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത്?അങ്ങനെ ഞങ്ങള്‍ 10 പേരുമായി ഒരു സംഘടന രൂപീകരിച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ.എം.ടി.യു. എന്നതാണ് സംഘടനയുടെ പേര്. ഈ സംഘടനയില്‍ ചേരുമ്പോള്‍ ഞങ്ങളുടെ മുന്നില്‍ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ മേഖലയിലെ ചൂഷണം അവസാനിപ്പിക്കണം. ഞങ്ങളുടെ സംഘടനയെക്കുറിച്ച് അറിഞ്ഞ മാനേജ്‌മെന്റ് ഡിസംബര്‍ 11 ന് അഞ്ച് പേരെ തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും ഒരാളെ കണ്ണൂരിലേക്കും ട്രാന്‍സ്ഫര്‍ ചെയ്തു. ഞങ്ങളുടെ സംഘടന ശക്തിയെ തുടക്കത്തിലെ അവസാനിപ്പിക്കുക എന്ന ഒറ്റലക്ഷ്യം മാത്രമാണ് ഈ കോര്‍പ്പറേറ്റ് സ്ഥാപനത്തിന് ഉണ്ടായിരുന്നത്. അതിനെ ചോദ്യം ചെയ്ത ഞങ്ങള്‍ ആറുപേരും പുറത്താക്കപ്പെട്ട അവസ്ഥയില്‍ സമരമുഖത്തേക്ക് എത്തി.

ഒരര്‍ത്ഥത്തില്‍ ഞങ്ങളുടെ സമരം 95% വിജയമാണ്. ഞങ്ങളുടെ ശമ്പളം മിനിമം 7200 രൂപയായി വര്‍ദ്ധിപ്പിച്ചു. ഭക്ഷണസ്ഥലം ശുചീകരിച്ചു. ഞങ്ങളുടെ ജോലി സമയം 7 മണിയായി. ഇരിക്കാന്‍ സ്റ്റൂള്‍ അനുവദിച്ചു. ഇനി ഞങ്ങളുടെ സ്ഥലംമാറ്റം മാത്രം പിന്‍വലിച്ചാല്‍ മതി. അതിനായി ഞങ്ങള്‍ അവസാനം വരെ പരിശ്രമിക്കും. എന്തുകൊണ്ടെന്നാല്‍ അസംഘടിതമേഖലയിലെ 60 ലക്ഷത്തോളം വരുന്ന സ്ത്രീപുരുഷ ജീവനക്കാര്‍ക്ക് വേണ്ടിയുള്ളതാണ് ഞങ്ങളുടെ ഈ സമരം.

ഞങ്ങളുടെ ആത്മാഭിമാനത്തേയും ദാരിദ്ര്യത്തേയും ചൂഷണം ചെയ്യാന്‍ ഒരാളെയും അനുവദിക്കില്ല എന്ന് ഞങ്ങള്‍ ഒരേ മനസ്സോടെ പ്രഖ്യാപിക്കുകയാണ്. ഇനി അസംഘടിത മേഖലയിലെ ഓരോ തൊഴിലാളിയും ഭയക്കാതെ, സംഘടനാ സ്വാതന്ത്ര്യത്തോടെ, ഏതു പാര്‍ട്ടിയുമായിക്കൊള്ളട്ടെ, തൊഴിലെടുക്കാനുള്ള അവകാശം നേടിയെടുക്കും വരെ ഞങ്ങള്‍ സമരം തുടരും.

ഞങ്ങളുടെ തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ക്കും അവകാശ സംരക്ഷണത്തിനും, സംഘടനാ സ്വാതന്ത്ര്യത്തിനും, തൊഴിലിടങ്ങള്‍ മാറിമാറി ജോലിചെയ്യേണ്ടിവരുന്ന സാഹചര്യങ്ങള്‍ക്കും ഒരറുതി ഉണ്ടാകും എന്നു തന്നെ കരുതി ഈ സമരത്തെ വിജയിപ്പിക്കാന്‍ ഓരോരുത്തരും സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു.

*Views are Personal

(കല്യാണ്‍ സില്‍ക്ക്സ് ഇരിക്കല്‍ സമര പോരാളിയും അസംഘടിത തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകയുമാണ് ലേഖിക)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q

This post was last modified on October 25, 2018 10:47 am