X

എസ്എന്‍ഡിപി മൈക്രോഫൈനാന്‍സ് തട്ടിപ്പ്: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്

അഴിമുഖം പ്രതിനിധി

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ മൈക്രോ ഫിനാന്‍സ് തട്ടിപ്പിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും കത്തയച്ചു. മൈക്രോ ഫിനാന്‍സിന്റെ പേരില്‍ പിന്നോക്കവിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്നും, ദേശസാല്‍കൃത ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ മൈക്രോ ഫിനാന്‍സിന്റെ പേരില്‍ രണ്ടുശതമാനം പലിശയ്ക്ക് നടേശന്‍ കൈവശപ്പെടുത്തുകയും, ഈ തുക 12 ശതമാനം പലിശയ്ക്ക് പാവപ്പെട്ട ശ്രീനാരായണീയരായ സ്ത്രീകള്‍ക്ക് നല്‍കി പത്തുശതമാനം ‘പലിശ നടേശന്‍’ കൈക്കലാക്കിയിരിക്കുകയാണ്. എന്നുമാത്രമല്ല, ഈ പാവപ്പെട്ട സ്ത്രീകള്‍ തൊണ്ട് തല്ലിയും, കയര്‍പിരിച്ചും, കൂലിപ്പണി ചെയ്തും സ്വരൂപിച്ച് യോഗത്തിന്റെ ശാഖകളില്‍ അടച്ച പണം കോര്‍പ്പറേഷനിലും, ബാങ്കിലും തിരിച്ചടച്ചിട്ടുമില്ല. അതിനാല്‍ ബാങ്ക് നടപടി ഉണ്ടാകുമ്പോള്‍ ഈ പാവപ്പെട്ടവരുടെ കിടപ്പാടം നഷ്ടപ്പെടുമെന്ന് മാത്രമല്ല, ഇവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയും വന്നുചേരും. ഇതുസംബന്ധിച്ച് നിരവധി പോലീസ് സ്‌റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ടായിട്ടും അക്കൗണ്ടന്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവരുടെ കണ്ടെത്തലുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടായിട്ടും ഇക്കാര്യത്തില്‍ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. ആയതുകൊണ്ട് കബളിപ്പിക്കപ്പെട്ട നിരവധിയായ സ്ത്രീജനങ്ങളെ കടക്കെണിയില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനുവേണ്ടി സമഗ്രമായ അന്വേഷണം നടത്തണമെന്ന് വിഎസ് ആവശ്യപ്പെട്ടു.

 

This post was last modified on October 13, 2015 3:17 pm