X

വണ്‍വേ പ്രേമത്തിനൊരു മാനിഫെസ്റ്റോ!

വികാരവിലോലരായി അലഞ്ഞു നടക്കാൻ മാത്രം സമയമുള്ളവർ, യാഥാർത്ഥ്യബോധത്തോടെ എല്ലാ നേരവും പെരുമാറിയാൽ ത്രില്‍ കിട്ടാത്തവർ, വില കൂടിയ ലഹരികള്‍ താങ്ങാൻ പറ്റാതെ പ്രേമത്തിൽ അഭയം കണ്ടെത്തിയവർ മാത്രം വായിക്കുക - സറ്റയര്‍

ടൂവേ, ട്രയാങ്കുലര്‍ പ്രേമങ്ങളേക്കാളൊക്കെ ഗാംഭീര്യം കുറഞ്ഞ ഏര്‍പ്പാടാണ് വണ്‍വേ പ്രേമങ്ങൾ എന്നൊരു തോന്നല്‍ പൊതുവേ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ലക്ഷ്യത്തെപ്പറ്റി യാതൊരു വിധ ആശങ്കയുമില്ലാത്ത, പ്രേമം കൊണ്ടു വരുന്ന ഹാലൂസിനേഷന്‍സ് പരമാവധി നേരം നീണ്ടു നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും നിസ്സംശയം കടന്നുവരാന്‍ പറ്റിയ മേഖലയാണിത്.  പറ്റിയ ആളുകളെ കണ്ടാല്‍ തിരിച്ചറിയാനാകുക എന്ന സ്‌കില്‍ മാത്രമാണ് ആവശ്യമായ ഒരേയൊരു കാര്യം. യെസ് പറയാന്‍ വിദൂര സാധ്യതയെങ്കിലുമുള്ളവരെ തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്തുകയെന്നതാണ് ആദ്യ പടി, പറ്റുമെങ്കില്‍ മുന്‍കരുതല്‍ എന്ന നിലയ്ക്ക് പരമാവധി വെറുപ്പിക്കുക കൂടി വേണം. വ്യക്തമായും, ശക്തമായും നോ പറയുന്ന വരട്ടുവാദികളെയും നമുക്കാവശ്യമില്ല. ‘വേണ്ട, വേണ്ട’ എന്ന് പറയുമ്പോളും ‘വേണം, വേണം’ എന്നു മിഴികളാൽ മൊഴിയുന്ന, യെസ് എന്നു വ്യാഖ്യാനിക്കാനുള്ള അപരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മാനിച്ചു കൊണ്ട് നനുനനുത്ത ‘നോ’കൾ പറയുന്ന സഹൃദയരെയാണ് നമുക്കാവശ്യം.

റോബര്‍ട്ട് ബ്രൗണിങ്ങിന്റെ ഡ്രമാറ്റിക് മോണലോഗുകളില്‍ താത്പര്യമില്ലാത്ത തരം യാഥാസ്ഥിതികര്‍ക്ക് ഇത്രമാത്രം ആഘോഷിക്കാനായി എന്താണിതിലുള്ളതെന്ന സംശയം തോന്നാം! അത്തരം സംശയക്കാർ യൂട്യൂബിൽ കയറി “ഒരു മുറൈ വന്ത് പാര്‍ത്തായാ” എന്ന ഗാനം ഒരു തവണ കൂടി കണ്ടു നോക്കണം. കിളിവാതിലിലൂടെ നോക്കുന്ന നകുലേട്ടനും, സണ്ണിയും കാണുന്ന ചുവന്നുടുപ്പിട്ട ഗംഗയല്ല, ശരിക്കുമുള്ള ഗംഗ, ശരിയ്ക്കുള്ള ഗംഗ മഞ്ഞയും, പച്ചയും വേഷമിട്ട് നൃത്തമാടുകയാണ്. പുറത്തു നിൽക്കുന്ന ഒളിഞ്ഞു നോട്ടക്കാരും, മിസ്റ്റർ രാമനാഥൻ തന്നെയും ഇതെന്തു പുകിലെന്ന് അന്തം വിട്ടേക്കാം. വൺവേ പ്രണയികൾ അപ്പോൾ പക്ഷേ, ചോപ്പ് വെൽവെറ്റ് വിരിച്ച കസേരകൾക്കിടയിൽ, മഞ്ഞ-ചോപ്പ് കോമ്പിനേഷൻ കർട്ടനു നടുവിൽ, രാമനാഥനൊപ്പം ഫുള്‍ കോസ്റ്റ്യൂമില്‍ ഭരതനാട്യം ചെയ്യുകയായിരിക്കും.

മറ്റെയാളുടെ പ്രേമം നേടിയെടുക്കുന്നതിനായി പരിശ്രമിക്കുന്ന കാലയളവാണ് എല്ലാ പ്രേമബന്ധങ്ങളിലെയും സര്‍ഗ്ഗാത്മകമായ കാലഘട്ടങ്ങളിലൊന്ന്. ഒരുപക്ഷേ ഏറ്റവുമധികം പ്രേമഗീതങ്ങള്‍ രചിക്കപ്പെട്ടതും, ഏറ്റവുമധികം പ്രേമ കവിതകൾ വിറ്റു പോയതും ഈ പരിശ്രമങ്ങളുടെ ഭാഗമായാകും! എല്ലാ മരങ്ങളും പൂമരങ്ങളാകുന്ന ആ കാല്‍പനിക വസന്തകാലത്തെ പരമാവധി നേരം ദീര്‍ഘിപ്പിക്കാനാവുക വണ്‍വേ പ്രേമത്തിലൂടെയാണ്. ഓരോ ദിവസവും നാം നമ്മെ കുറച്ചു കൂടി മെച്ചപ്പെടുത്തിയെടുക്കുന്നു, കുറേയധികം കാലം നമ്മള്‍ മൃദുലമാനസരായി തുടരുന്നു, എല്ലാ കവചങ്ങളും അഴിച്ചു വച്ച് നിരായുധരാകാന്‍ വേണ്ടി നാം പരുവപ്പെടുന്നു.

മറ്റെയാള്‍ യെസ് പറഞ്ഞു കഴിഞ്ഞാല്‍ പിന്നെയധികം നാളുകള്‍ നമുക്ക് ഭൂമിയിൽ തൊടാതെ സഞ്ചരിക്കാനാവില്ല. അതുവരെ നമ്മെ വട്ടമിട്ടു പറന്നൊരു മാലാഖരൂപി, ചിറകുകള്‍ കൊഴിഞ്ഞു വീണ് നമ്മോടൊപ്പം നടക്കാന്‍ തുടങ്ങുന്നു. പിന്നീടവര്‍ക്കിടയില്‍ പറയാന്‍ കാല്‍പനികേതര വിഷയങ്ങളുണ്ട്, തര്‍ക്കിക്കാന്‍ കാരണങ്ങളുമുണ്ട്. മറ്റൊരു മനുഷ്യജീവിയുമായി സമരസപ്പെടാന്‍ അന്യോന്യം വഴക്കിടുകയും, തീര്‍പ്പാക്കുകയും ചെയ്യുകയെന്ന പ്രായോഗിക മാര്‍ഗ്ഗമാണ് മുന്നിലുള്ളത്. പറഞ്ഞു വരുന്നത് എന്താണെന്നു വച്ചാല്‍, പരമാവധി ഇതിലേക്കൊന്നും പോകാതെ ആദ്യ റൗണ്ടില്‍ തന്നെ പിന്നെയും പിന്നെയും ചുറ്റിത്തിരിയാമെന്നുള്ളതാണ് ഏകപക്ഷീയ പ്രണയങ്ങളുടെ ഒരു മെച്ചം. പ്രേമഗാനങ്ങള്‍, ശോകഗാനങ്ങള്‍ ഇവയേതും തരാതരം പോലെ ബാക്ക്ഗ്രൗണ്ടില്‍ വച്ച ശേഷം വിദൂരതയിലേക്ക് കണ്ണും നട്ട് നില്‍ക്കാം.

അപ്രവചനീയതയിൽ നിന്നുമാണ് എല്ലാ വൺവേ പ്രണയികളുടെയും ഓരോ ദിനവും തുടങ്ങുന്നത്. തൻറേതല്ലാത്ത കാരണങ്ങൾ കൊണ്ടുണ്ടാകുന്ന തിരിച്ചടികൾക്കായി എല്ലായ്പ്പോഴും കരുതിയിരിക്കണം. അങ്ങനെയൊരു ദിവസം തല്ലിപ്പിരിയേണ്ടി വന്നാൽ ആശ്വസിപ്പിക്കാൻ ഒരാളും വരില്ല. ഇത് വരെയായി ആരംഭിച്ചിട്ടില്ലാത്ത ഒന്ന് അവസാനിക്കുന്നതെങ്ങനെയെന്ന ദാര്‍ശനിക പ്രശ്നമാകും മറ്റുള്ളവർ ഉയര്‍ത്തുക . അതിനേക്കാൾ ഭീതിദമായ മറ്റൊന്നുണ്ട്, നമ്മുടെ ഡെഡിക്കേഷനില്‍ ഇംപ്രസ്ഡ് ആയി മറ്റേയാള്‍ ഒരു ദിവസം വന്ന് യെസ് പറയുന്ന രംഗമാണത്! കാറിനു പിറകേ എല്ലാ ദിവസവും കുരച്ചോടുമായിരുന്ന നായ, ഡ്രൈവർ കാറ് ചവിട്ടി നിർത്തിയ ഒരു ദിവസം, എന്തിനാണിത്രകാലം ഇതിനു പിറകേ പാഞ്ഞതെന്ന് സ്വയം ചോദിച്ച്, പ്ലിംഗിതമാനസനായി നിന്ന കഥയിലെ അതേ സിറ്റുവേഷൻ ആയിരിക്കുമത്. ഏതായാലും എവിടെ വച്ച് അവസാനിപ്പിക്കണമെന്ന ഏകദേശ ധാരണയുണ്ടാകുന്നത് വൺവേ പ്രേമത്തിലും വളരേ നല്ലതാണ്.

വികാരവിലോലരായി അലഞ്ഞു നടക്കാൻ മാത്രം സമയമുള്ളവർ, യാഥാർത്ഥ്യബോധത്തോടെ എല്ലാ നേരവും പെരുമാറിയാൽ ഒരു ത്രില്‍ കിട്ടാത്തവർ, വില കൂടിയ ലഹരികള്‍ താങ്ങാൻ പറ്റാതെ പ്രേമത്തിൽ അഭയം കണ്ടെത്തിയവർ തുടങ്ങിയവർക്കെല്ലാം മുന്നും പിന്നും നോക്കാതെ ഈ രംഗത്തേക്ക് ഇറങ്ങാവുന്നതാണ്. എന്നാല്‍ ലോങ്ങ് ഡ്രൈവിനായി പുറത്തൂന്ന് ഡ്രൈവറെ വയ്ക്കാൻ മാത്രം ധനസ്ഥിതിയില്ലാത്തവർ, പ്രഷർ കുക്കർ തനിച്ചു കഴുകുമ്പോൾ സങ്കടം വരുന്നവർ, തേങ്ങ ചുരണ്ടാന്‍ സഹായം ആവശ്യമുള്ളവര്‍ എന്നിവരെല്ലാം ഇതോടൊപ്പം ഒരു റെഗുലർ റിലേഷൻഷിപ്പ് കൂടി മെയിൻറയിൻ ചെയ്യുന്നത് അഭികാമ്യമായിരിക്കും.

അനില ബാലകൃഷ്ണന്‍

സാമൂഹ്യ നിരീക്ഷക

More Posts

Follow Author: